ഐപിഎല്‍ തുടങ്ങുംമുമ്പെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; പരിക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുമ്രക്ക് ആദ്യ നാലു മത്സരങ്ങള്‍ നഷ്ടമാകും; ഇംഗ്ലണ്ട് പര്യടനം നിര്‍ണായകം; കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തില്‍ സൂപ്പര്‍ താരം

ഐപിഎല്‍ തുടങ്ങുംമുമ്പെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

Update: 2025-03-08 11:18 GMT

മുംബൈ: ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്‍ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനു കനത്ത തിരിച്ചടി. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് വൈകുമെന്ന വിവരമാണ് ടീമിനെ ആശങ്കയിലാഴ്ത്തുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന്റെ തുടക്കത്തിലെ മത്സരങ്ങള്‍ ജസ്പ്രീത് ബുമ്രയ്ക്കു നഷ്ടമാകുമെന്നാണു വിവരം. മുന്‍കരുതലെന്ന നിലയില്‍ ബുമ്രയെ മാറ്റിനിര്‍ത്താന്‍ മുംബൈ തീരുമാനിച്ചാല്‍ തുടക്കത്തിലെ മൂന്നു മത്സരങ്ങളോളം താരം പുറത്തിരിക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബുമ്ര പന്തെറിഞ്ഞു തുടങ്ങിയ ഉടന്‍ തന്നെ ഐപിഎല്‍ പോലുള്ള വലിയ മത്സരങ്ങള്‍ക്ക് ഇറക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം.

അടുത്ത മാസത്തോടെ മാത്രമെ ബുമ്ര മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേരു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ബുമ്രക്ക് ചാമ്പ്യന്‍സ് ട്രോഫി പൂര്‍ണമായും നഷ്ടമായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ബുമ്ര.

നിലവിലെ സാഹചര്യത്തില്‍ ബുമ്രക്ക് ഏപ്രില്‍ ആദ്യവാരം മാത്രമെ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരാനാകു എന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നേരിയ തോതില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും ചെറിയ ചെറിയ സ്‌പെല്ലുകള്‍ മാത്രമാണ് ബുമ്ര ഇപ്പോള്‍ എറിയുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമെ ബുമ്രക്ക് മുംബൈ ഇന്ത്യന്‍സിനൊപ്പം എന്ന് ചേരാന്‍ കഴിയുമെന്ന് വ്യക്തമാവു.

ഐപിഎല്ലിന് പിന്നാലെ ജൂണില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കാന്‍ പോകുന്നുണ്ട്. രോഹിത് ശര്‍മ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിച്ചാല്‍ ജസ്പ്രീത് ബുമ്രയെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ പൂര്‍ണമായും ഫിറ്റ് ആയ ബുമ്രയെ ആവശ്യമുള്ളതിനാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് ഇത് കൂടി കണക്കിലെടുക്കുമെന്നാണ് കരുതുന്നത്.

ഐപിഎല്ലിനു ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബുമ്രയുടേയും മുഹമ്മദ് ഷമിയുടേയും പ്രകടനങ്ങള്‍ നിര്‍ണായകമാണ്. ബിസിസിഐയും ദേശീയ ക്രിക്കറ്റ് അക്കാദമിയും ബുമ്രയുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നുണ്ട്. മാര്‍ച്ച് 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ഐപിഎല്‍ സീസണില്‍ മുംബൈയുടെ ആദ്യ മത്സരം. 29ന് ഗുജറാത്ത് ടൈറ്റന്‍സിനോടും 31ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും മുംബൈയ്ക്കു മത്സരങ്ങളുണ്ട്.

ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാകും മുംബൈ കളിക്കാനിറങ്ങുക. അച്ചടക്ക നടപടി നേരിടുന്ന ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ആദ്യ മത്സരം നഷ്ടമാകും. ബുമ്രയും പാണ്ഡ്യയും പുറത്തിരിക്കുമ്പോള്‍ ആദ്യ കളിയില്‍ തന്നെ മുംബൈയ്ക്ക് മറ്റു പേസര്‍മാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ന്യൂസീലന്‍ഡിന്റെ വെറ്ററന്‍ താരം ട്രെന്റ് ബോള്‍ട്ട്, ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍, ഇംഗ്ലണ്ടിന്റെ റീസ് ടോപ്‌ലി, ദക്ഷിണാഫ്രിക്കയുടെ ലിസാഡ് വില്യംസ് എന്നിവരാണ് മുംബൈ നിരയിലുള്ള മറ്റു പ്രധാന പേസര്‍മാര്‍. യുവതാരങ്ങളായ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍, സത്യനാരായാണ രാജു എന്നിവരും പേസര്‍മാരായി ടീമിനൊപ്പമുണ്ട്.

Tags:    

Similar News