അതിവേഗ അര്‍ധ സെഞ്ചുറിയുമായി കുതിച്ച ചെന്നൈ നായകന്‍ ഗെയ്ക്വാദിനെ വില്‍ ജാക്‌സിന്റെ കയ്യിലെത്തിച്ച് മടക്കി; പിന്നാലെ ശിവം ദുബെയുടെയും ദീപക് ഹൂഡയുടെയും വിക്കറ്റുകള്‍; മൂന്ന് ഓവറിനിടെ മൂന്ന് വിക്കറ്റുകളുമായി ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കി വിഘ്നേഷ് പുത്തൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ 'ഇംപാക്ട് പ്ലയറായി' വരവറിയിച്ച് മലയാളി താരം
മൂന്ന് ഓവറിനിടെ മൂന്ന് വിക്കറ്റുകളുമായി ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കി വിഘ്നേഷ് പുത്തൂര്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും മലയാളിത്തിളക്കം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലയറായി ഇറങ്ങി മൂന്ന് ഓവറുകളില്‍ മൂന്ന് സുപ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയാണ് മലയാളി താരവും ചൈനമാന്‍ ബൗളറായ വിഘ്നേഷ് പുത്തൂര്‍ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച് മിന്നുന്ന അര്‍ധ സെഞ്ചുറിയുമായി മുന്നേറിയ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും കൂറ്റനടിക്കാരന്‍ ശിവം ദുബെയുടെയും മധ്യനിര ബാറ്റര്‍ ദീപക് ഹൂഡയുടെയും വിക്കറ്റുകളാണ് തുടര്‍ച്ചയായ മൂന്ന് ഓവറുകള്‍ക്കിടെ വിഘ്‌നേഷ് വീഴ്ത്തിയത്.
26 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടക്കം 53 റണ്‍സുമായി ബാറ്റിംഗ് വെടിക്കെട്ട് തുടരുന്നതിനിടെയാണ് ചെന്നൈ നായകനെ മലയാളി കൗമാരതാരം പുറത്താക്കിയത്. പുത്തൂരിന്റെ പന്തില്‍ വില്‍ ജാക്‌സിന് ക്യാച്ച് നല്‍കി ഗെയ്ക്വാദ് മടങ്ങി. പിന്നാലെ ക്രീസില്‍ എത്തിയ ശിവം ദുബയെ നിലയുറപ്പിക്കും മുമ്പെ തൊട്ടടുത്ത ഓവറില്‍ തിലക് വര്‍മയുടെ കയ്യിലെത്തിച്ചു. ഏഴ് പന്തില്‍ ഒന്‍പത് റണ്‍സ് എടുത്ത് നില്‍ക്കെയാണ് ദുബയെ വിഘ്‌നേശ് മടക്കിയത്. അടുത്ത ഊഴം ദീപക് ഹൂഡയുടേതായിരുന്നു. ക്രീസിലെത്തി അഞ്ച് പന്ത് നേരിട്ട ഹൂഡയെയും വിഘ്‌നേഷ് വീഴ്ത്തി.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യമായ 156 റണ്‍സിലേയ്ക്ക് ചെന്നൈ അനായാസം എത്തുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് നായകന്‍ സൂര്യകുമാര്‍ യാദവ് വിഘ്‌നേഷ് എന്ന 24കാരനെ പന്തേല്‍പ്പിക്കുന്നത്. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി, അതും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ വിഘ്‌നേഷ് ആദ്യ ഓവറില്‍ തന്നെ മുംബൈ ആരാധകരുടെ മനം കവര്‍ന്നു. പവര്‍ പ്ലേയില്‍ അപകടം വിതച്ച ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിനെ വിഘ്‌നേഷ് കൂടാരം കയറ്റി. 22 പന്തില്‍ അര്‍ധ സെഞ്ച്വറിയും കടന്ന് മുംബൈയെ വിറപ്പിച്ച ഗെയ്ക്വാദിന്റെ വിക്കറ്റ് അനിവാര്യമായിരുന്ന സമയത്താണ് വിഘ്‌നേഷ് പന്തെറിയാനെത്തിയത്.
വിഘ്‌നേഷിനെ അതിര്‍ത്തി കടത്താനുള്ള ഗെയ്ക്വാദിന്റെ ശ്രമം പാളി. കൂറ്റനടിയ്ക്ക് ശ്രമിച്ച ഗെയ്ക്വാദിന്റെ ഇന്നിംഗ്‌സ് ബൌണ്ടറിയ്ക്ക് സമീപം വില്‍ ജാക്‌സിന്റെ കൈകളില്‍ ഒതുങ്ങി. ഐപിഎല്ലില്‍ വിഘ്‌നേഷിന്റെ ആദ്യ ഇരയായി ഗെയ്ക്വാദ് മടങ്ങി. പിന്നാലെ ക്രീസിലെത്തി സിക്‌സര്‍ പായിച്ച് നിലയുറപ്പിച്ച ശിവം ദുബെയെയും ദീപക് ഹൂഡയെയും മടക്കിയയച്ച് വിഘ്‌നേഷ് മുംബൈ ഇന്ത്യന്‍സിന്റെ വണ്ടര്‍ ബോയി ആയി മാറുകയായിരുന്നു. ഏഴ് ഓവറില്‍ ഒരുവിക്കറ്റിന് എഴുപത് റണ്‍സ് പിന്നിട്ട് കുതിച്ച ചെന്നൈ വിഘ്‌നേഷിന്റെ മൂന്ന് ഓവറുകള്‍ പിന്നിടുമ്പോള്‍ പതിനൊന്ന് ഓവറില്‍ നാല് വിക്കറ്റിന് 107 റണ്‍സ് എന്ന നിലയില്‍ സമ്മര്‍ദ്ദത്തിലായി.
ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം നല്‍കിയാണ് മുംബൈ വിഗ്നേഷിനെ സ്വന്തമാക്കിയത്. ചൈനമാന്‍ ബൗളറായ വിഘ്നേഷ് പുത്തൂര്‍ ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ പോലും കളിച്ചിട്ടില്ല. എന്നിട്ടും ഐപിഎല്‍ ടീമിലെത്തി. ഐപിഎല്‍ ലേലത്തിന് മുന്‍പ് തന്നെ വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ടീം ട്രയല്‍സിന് ക്ഷണിച്ചിരുന്നു. അതാണ് വഴിത്തിരിവായത്.
കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍മാരെയാണ് ചൈനമാന്‍ എന്ന് വിളിക്കുന്നത്. അത്തരത്തിലൊരു ബൗളറാണ് വിഘ്നേഷ്. വലംകൈ ലെഗ് സ്പിന്നര്‍മാര്‍ ബാറ്റ്‌സ്മാനില്‍ നിന്നും പുറത്തേക്ക് പന്ത് തിരിക്കുമ്പോള്‍ ചൈനമാന്‍ ബൗളര്‍മാര്‍ അകത്തേക്കാണ് പന്ത് തിരിക്കുക എന്നതാണ് ഇത്തരത്തിലുള്ള ബൗളര്‍മാരുടെ പ്രത്യേകത. വലംകൈ ബാറ്റ്‌സ്മാന്മാര്‍ക്ക് ഇത്തരത്തില്‍ കുത്തി തിരിഞ്ഞ് അകത്തേക്ക് വരുന്ന പന്തുകള്‍ കൂടുതല്‍ വെല്ലുവിളിയാകാറുണ്ട്. കൈക്കുഴകൊണ്ടാണ് പന്ത് തിരിക്കുന്നത് എന്നതുകൊണ്ട് തന്നെ പന്തിന്റെ വേഗം വായുവിലുള്ള ചലനവും ഇത്തരം ബൗളര്‍മാരുടെ പന്തുകളില്‍ കൂടുതലായിരിക്കും. ലെഫ്റ്റ് ആം അണ്‍ഓര്‍ത്തഡോക്‌സ് സ്പിന്‍ എന്നും ചൈനമാന്‍ ബൗളര്‍മാരെ വിശേഷിപ്പിക്കാറുണ്ട്.
ഐപിഎല്‍ ഇന്ത്യന്‍ ടീമിലേക്ക് വഴിതുറക്കുമോ?
കുല്‍ദീപ് യാദവിനെയും ബ്രാഡ് ഹോഗിനേയും പോലെ പന്തെറിയുന്ന മലയാളി. പെരിന്തല്‍മണ്ണയിലായിരുന്നു കളിയുടെ തുടക്കം. 11-ാം വയസ്സില്‍ ബാറ്റും പന്തുമെടുത്തു. സാധാരണ നിലയില്‍ പന്തെറിഞ്ഞ വിഘ്നേഷിനെ ചൈനാമന്‍ എറിയാന്‍ പ്രേരിപ്പിച്ചത് ഷെരീഫായിരുന്നു. പെരിന്തല്‍മണ്ണയിലെ വിജയന്‍ സാറില്‍ നിന്നാണ് കോച്ചിംഗിന്റെ ബാലപാഠം പഠിച്ചത്. അവിടെ നിന്ന് ക്രിക്കറ്റ് അക്കാദമിയില്‍. കേരള ക്രിക്കറ്റിലെ മികച്ച സംഘാടകനായി അറിയപ്പെടുന്ന ഹരിദാസിന്റെ ജോളി റോവേഴ്സില്‍ ലീഗ് കളിയും തുടങ്ങി. അതിനിടെ കേരളാ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം സ്റ്റേറ്റ് അക്കാദമിയില്‍ നിരവധി കോച്ചുമാരുടെ കീഴില്‍ കളി പഠിച്ചു. പിന്നെ തൃശൂരിലേക്ക് മാറി. ശശിധരന്‍ സാറായിരുന്നു അവിടെ കളി പറഞ്ഞു കൊടുത്തു. ഇതിനിടെ കേരളാ അണ്ടര്‍ 14ന്‍ ടീമില്‍ ഇടം നേടി. അണ്ടര്‍ 19 ടീമിലും കളിച്ചു. അണ്ടര്‍ 23 ടീമില്‍ കളിച്ചെങ്കിലും അതൊരു ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റായിരുന്നു. സ്റ്റേറ്റ് മാച്ചായിരുന്നില്ല.
അണ്ടര്‍ 14 ടീമിലെ അനുഭവം വേറിട്ടതായി. കേരളാ ടീമിന്റെ കോച്ച് ഷൈനായിരുന്നു. കുടുതല്‍ അവസരങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും നല്‍കി. ഗോവയ്ക്കെതിരായ ഒരു മത്സരത്തില്‍ സമാനതകളില്ലാത്ത പ്രകടനമാണ് വിഘ്നേഷ് ബാറ്റു കൊണ്ട് കാഴ്ച വച്ചത്. 170ലേറെ പന്തുകള്‍ നേരിട്ട് പത്ത് റണ്‍സായിരുന്നു ആ കളിയില്‍ വിഘ്നേഷ് നേടിയത്. ക്ഷമാപൂര്‍വ്വമുള്ള ബാറ്റിംഗ് കേരളത്തിന് നല്‍കിയത് വിജയത്തിന് സമാനമായ സമനിലയാണ്. കേരളാ പ്രിമിയര്‍ ലീഗിലെ പ്രകടനം കണ്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന് വിഘ്നേഷിനെ വിളിച്ചത്. ജൂനിയര്‍ ക്രിക്കറ്റിലെ മാത്രം അനുഭവ കരുത്തുമായാണ് ഐപിഎല്‍ ട്രയല്‍സിന് പോയത്. അത് വെറുതെയായില്ല. ട്രയല്‍സിലെ പ്രകടനം വിലയിരുത്തി മുംബൈ ഇന്ത്യന്‍സ് താരത്തെ ഒപ്പം കൂട്ടുകയായിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു വിഘ്നേഷ്. പത്തൊന്‍പതുകാരനായ വിഘ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും വിഷ്ണു വനോദിനും സച്ചിന്‍ ബേബിക്കും പുറമേ വിഘ്നേഷും ടീമിലെത്തി. കേരളാ പ്രിമിയര്‍ ലീഗ് അങ്ങനെ ഒരു താരത്തെ ഐപിഎല്ലിന് നല്‍കുകയാണ്. ആലപ്പി റിപ്പിള്‍സിന്റെ ടീമില്‍ വിഘ്നേഷ് എത്തിയതും യാദൃശ്ചികമായാണ്. ടീമിന്റെ കോച്ചും മുന്‍ ഐപിഎല്‍ താരവുമായ പ്രശാന്ത് പരമേശ്വരനാണ് വിഘ്നേഷിന്റെ മികവ് തിരിച്ചറിഞ്ഞത്. തൃശൂരിലെ ട്രയല്‍സാണ് നിര്‍ണ്ണായകമായത്.
ഇതേ തുടര്‍ന്നാണ് ലേലത്തില്‍ വിഘ്നേഷിനെ ആലപ്പി റിപ്പിള്‍ സ്വന്തമാക്കിയത്. അവിടെയുള്ള കളി മുംബൈ ഇന്ത്യന്‍സിന്റെ കണ്ണില്‍ പെട്ടു. ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം നല്‍കിയാണ് മുംബൈ വിഗ്നേഷിനെ സ്വന്തമാക്കിയത്. പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനായ വിഘ്‌നേഷിന് ക്രിക്കറ്റില്‍ പാരമ്പര്യങ്ങളൊന്നും പറയാനില്ല. പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്റ് കോളേജില്‍ എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്. ലേലത്തിനുമുമ്പ് വിഘ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിനൊപ്പം കൂട്ടുകയായിരുന്നു.
ആലപ്പി റിപ്പിള്‍സിനായി പുറത്തെടുത്ത പ്രകടനം മുംബൈ ഇന്ത്യന്‍സിന്റെ 'സ്‌കൗട്ടു'കളുടെ ശ്രദ്ധയിലെത്തി. അങ്ങനെയാണ് മുംബൈ ഇന്ത്യന്‍സിലേക്ക് ട്രയല്‍സിനായി വിളിയെത്തുന്നത്. മൂന്നു തവണയാണ് ട്രയല്‍സിനായി മുംബൈയിലേക്കു പോയത്. ശ്രീലങ്കയുടെ ഇതിഹാസ താരം മഹേള ജയവര്‍ധനെ, ഐപിഎല്‍ സൂപ്പര്‍താരം കയ്റന്‍ പൊള്ളാര്‍ഡ്, മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്കു മുന്നിലായിരുന്ന ട്രയല്‍സ്. ഒരു തവണ ട്രയല്‍സിനു ശേഷം 'നന്നായി ചെയ്തു'വെന്ന് സാക്ഷാല്‍ ഹാര്‍ദിക് പാണ്ഡ്യ നേരിട്ട് അഭിനന്ദിച്ചു. ട്രയല്‍സില്‍ നന്നായി ചെയ്യാനായെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, ടീമിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വിഘ്നേഷ് പറയുന്നു.
ഇത്തവണ 12 മലയാളി താരങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിങ്‌സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ടീമിലെടുത്തു. അതേസമയം രോഹന്‍ എസ് കുന്നുമ്മലിനേയും മുഹമ്മദ് അസ്ഹറുദ്ദീനേയും അബ്ദുല്‍ ബാസിത്തിനേയും സല്‍മാന്‍ നിസാറിനേയും ആരും ലേലത്തില്‍ വിളിച്ചില്ല. തമിഴ്‌നാടിനുവേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാര്യര്‍ രണ്ട് വട്ടം ലേലത്തില്‍ വന്നെങ്കിലും ആരും വിളിച്ചില്ല. കര്‍ണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കലിനെ രണ്ടു കോടി രൂപയ്ക്ക് ബെംഗളൂരു ടീമിലെടുത്തു.