ധോണിയുടെ അരങ്ങേറ്റ നാളുകളിലെ ഇതിഹാസ താരം; ക്രച്ചസില്‍ ഗ്രൗണ്ടിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ അടുത്തേക്ക് ചെന്നൈയുടെ യുവതാരങ്ങളെ വിളിച്ചുവരുത്തി പരിചയപ്പെടുത്തി എം എസ് ധോണി; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍
ചെന്നൈ യുവനിരയ്ക്ക് ദ്രാവിഡിനെ പരിചയപ്പെടുത്തി ധോണി
ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് ശേഷം ക്രച്ചസില്‍ ഗ്രൗണ്ടിലെത്തിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യുവതാരങ്ങള്‍ക്ക് പരിചയപ്പെടുത്തി മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ചെന്നൈയുടെ താരമായ ധോണിക്കൊപ്പം നില്‍ക്കുന്ന ദ്രാവിഡിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവതാരങ്ങള്‍ ഓരോത്തരായി വന്ന് പരിചയപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
മത്സരത്തിന് ശേഷം ഗ്രൗണ്ടിലെത്തിയ ദ്രാവിഡിനോട് കുറച്ചുനേരം ധോണി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ്, ചെന്നൈയുടെ യുവതാരങ്ങളോട് ദ്രാവിഡിന്റെ അടുത്തേക്ക് വരാന്‍ ധോണി നിര്‍ദ്ദേശിച്ചത്. പിന്നാലെ ഓരോ താരങ്ങളായി ദ്രാവിഡിന്റെ അടുത്തെത്തി ഹസ്തദാനം നല്‍കുകയും ചെയ്തു.
2004ലാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കടന്നുവന്നത്. 1996ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ദ്രാവിഡ് ധോണിയുടെ അരങ്ങേറ്റ നാളുകളില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു. 2005-2007 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ ദ്രാവിഡ് ക്യാപ്റ്റന്‍സിക്ക് കീഴില്‍ ധോണി കളിച്ചിട്ടുണ്ട്. പിന്നീട് ഏകദിന ക്രിക്കറ്റില്‍ നിന്ന് ദ്രാവിഡ് പുറത്തായെങ്കിലും ടെസ്റ്റില്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ദ്രാവിഡ് ഏറെക്കാലം കളിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ദ്രാവിഡിന്റെ കാലിന് പരിക്കേറ്റത്. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങള്‍ വീണ്ടും ഓരേ വേദിയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ ജയം കുറിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത് രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തപ്പോള്‍, ചെന്നൈയുടെ മറുപടി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിച്ചു. ഇതിനു പിന്നാലെയാണ് ദ്രാവിഡ് കളിക്കാരെ അഭിവാദ്യം ചെയ്യാനായി ക്രച്ചസിന്റെ സഹായത്തോടെ ഗ്രൗണ്ടിലെത്തിയത്.
ദ്രാവിഡിനെ കണ്ട് അദ്ദേഹത്തിന്റെ പരുക്കിന്റെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ധോണി, കുറച്ചുനേരം താരവുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു ശേഷമാണ് തന്റെ ടീമിലെ യുവതാരങ്ങളെ അടുത്തുവിളിച്ച് ദ്രാവിഡിനെ അഭിവാദ്യം ചെയ്യാന്‍ ധോണി ആവശ്യപ്പെട്ടത്.