ആര്‍സിബിയെ വിറപ്പിച്ച് സിറാജിന്റെ പ്രതികാരം; രക്ഷാപ്രവര്‍ത്തനവുമായി ലിവിങ്സ്റ്റനും ടിം ഡേവിഡും; ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എറിഞ്ഞൊതുക്കി ഗുജറാത്ത് ടൈറ്റന്‍സ് ബോളര്‍മാര്‍. പഴയ തട്ടകത്തില്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലാണ് ഗുജറാത്ത് വിരാട് കോലിയുള്‍പ്പടെയുള്ള ആര്‍സിബിയുടെ മുന്‍നിര ബാറ്റര്‍മാരെ വിറപ്പിച്ചത്. പവര്‍ പ്ലേയില്‍ 38 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ പതറിയ ബംഗളുരുവിനെ ലിയാം ജിതേഷ് ശര്‍മയുടെയും ലിവിംഗ്സ്റ്റണിന്റെയും ടിം ഡേവിഡിന്റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എന്ന നിലയില്‍ എത്തിച്ചു. ബെംഗളൂരു ബാറ്റിങ് നിര നിന്നുവിറച്ചതോടെ 'വിന്റേജ് ആര്‍സിബി' എന്ന ഹാഷ്ടാഗ് എക്‌സ്പ്ലാറ്റ്‌ഫോമില്‍ ഏറെനേരം ട്രെന്‍ഡിങ്ങായിരുന്നു.
40 പന്തില്‍ 54 റണ്‍സടിച്ച ലിവിംഗ്സ്റ്റണാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ജിതേഷ് ശര്‍മ 33ഉം ടിം ഡേവിഡ് 18 പന്തില്‍ 32 ഉം റണ്‍സെടുത്തപ്പോള്‍ വിരാട് കോലി ഏഴും ഫില്‍ സാള്‍ട്ട് 14ഉം റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി മുഹമ്മസ് സിറാജ് മൂന്നും സായ് കിഷോര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ആര്‍സിബിയെ ഞെട്ടിച്ചാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫില്‍ സോള്‍ട്ട് നല്‍കിയ അനായാസ ക്യാച്ച് വിക്കറ്റിന് പിന്നില്‍ ജോസ് ബട്ലര്‍ അവിശ്വസനീയമായി കൈവിട്ടെങ്കിലും രണ്ടാം ഓവറില്‍ അര്‍ഷദ് ഖാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തെ നിശബ്ദമാക്കി വിരാട് കോലിയെ വീഴ്ത്തി. അര്‍ഷദ് ഖാനെ പുള്‍ ചെയ്ത വിരാട് കോലിയെ(7) സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ പ്രസിദ്ധ് കൃഷ്ണ അനായാസം കൈയിലൊതുക്കി.
ദേവ്ദത്ത് പടിക്കല്‍ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും മുഹമ്മദ് സിറാജെറിഞ്ഞ മൂന്നാം ഓവറില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. മൂന്ന് പന്തില്‍ നാലു റണ്‍സായിരുന്നു പടിക്കലിന്റെ സംഭാവന. അര്‍ഷദ് ഖാനെറിഞ്ഞ നാലാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ആര്‍സിബി പവര്‍ കാട്ടി. എന്നാല്‍ സിറാജ് എറിഞ്ഞ ആഞ്ചാം ഓവറില്‍ ഫില്‍ സാള്‍ട്ട് വീണ്ടും റണ്ണൗട്ടില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. എന്നാല്‍ തന്നെ പടുകൂറ്റന്‍ സിക്‌സ് പറത്തിയ സാള്‍ട്ടിനെ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് പ്രതികാരം തീര്‍ത്തതോടെ ആര്‍സിബി പവര്‍ പ്ലേയില്‍ 38-3ലൊതുങ്ങി.
പവര്‍ പ്ലേക്ക് പിന്നാലെ നായകന്‍ രജത് പാട്ടീദാറിനെ(12) വീഴ്ത്തിയ ഇഷാന്ത് ശര്‍മ ബാംഗ്ലൂരിനെ ബാക്ക് ഫൂട്ടിലാക്കി. ലിയാം ലിവിംഗ്സ്റ്റണും ജിതേഷ് ശര്‍മയും ചേര്‍ന്ന് ലിവിംഗ്സ്റ്റണും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ആര്‍സിബിയെ 100ന് അടുത്തെത്തിച്ചു. ജിതേഷ് ശര്‍മയെയും(21 പന്തില്‍ 33) ക്രുനാല്‍ പാണ്ഡ്യയെയും(5) വീഴ്ത്തിയ സായ് കിഷോര്‍ ആര്‍സിബിയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. പതിനഞ്ചാം ഓവരില്‍ 104-6 എന്ന സ്‌കോറില്‍ പതറിയ ആര്‍സിബിയെ ലിവിംഗ്സ്റ്റണും ടിം ഡേവിഡും ചേര്‍ന്ന് തകര്‍ത്തടിച്ച് 150 കടത്തി.
റാഷിദ് ഖാനെറിഞ്ഞ പതിനാറാം ഓവറില്‍14ഉം പതിനെട്ടാം ഓവറില്‍ 20 ഉം റണ്‍സടിച്ചാണ് ആര്‍സിബി 150 കടന്നത്. പതിനെട്ടാം ഓവറില്‍ 39 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ലിവിംഗ്‌സറ്റണെ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില്‍ സിറാജ് മടക്കിയതോടെ ബാംഗ്ലൂരിന് വീണ്ടും അടിതെറ്റി. പത്തൊമ്പതാം ഓവരറില്‍ നാലു റണ്‍സ് മാത്രമെ ആര്‍സിബിക്ക് നേടാനായുള്ളു. എന്നാല്‍ പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സടിച്ച ടിം ഡേവിഡ് ആര്‍സിബിയെ മാന്യമായ സ്‌കോറിലെത്തിച്ചു.
ഗുജറാത്തിനായി മുഹമ്മദ് സിറാജ് നാലോവറില്‍ 18 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ആര്‍സിബിക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെ ആര്‍സിബി ഇന്നിറങ്ങിയത്. അതേസമയം, ഗുജറാത്ത് പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നില്‍ക്കുന്ന കാഗിസോ റബാഡക്ക് പകരം അര്‍ഷാദ് ഖാന്‍ ഗുജറാത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി.