'ഈ മത്സരം കഴിയുമ്പോള്‍ തന്നെ ധോണി കമന്റ് ബോക്‌സിലേക്കു വരണം; ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു; ചെന്നൈ ടീമിന് വേണ്ടിയെങ്കിലും ഈ കാര്യം അംഗീകരിക്കണം'; തുറന്നടിച്ച് മാത്യു ഹെയ്ഡന്‍
ധോണിക്കെതിരെ തുറന്നടിച്ച് മാത്യു ഹെയ്ഡന്‍
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകനും വെറ്ററന്‍ താരവുമായ എം.എസ്. ധോണി കളി മതിയാക്കേണ്ട സമയമായെന്നു തുറന്നടിച്ച് ചെന്നൈയുടെ മുന്‍ താരമായ മാത്യു ഹെയ്ഡന്‍. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടെ ധോണിയുടെ മോശം പ്രകടനം കണ്ടാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരത്തിന്റെ പ്രതികരണം. ശനിയാഴ്ച എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ചെന്നൈ 25 റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. 26 പന്തില്‍ 30 റണ്‍സുമായി ധോണി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ധോണി വിരമിക്കണമെന്നും അനിവാര്യമായതിനെ സ്വീകരിക്കണമെന്നുമായിരുന്നു ഹെയ്ഡന്റെ 'കമന്റ്'.''ഈ മത്സരം കഴിയുമ്പോള്‍ തന്നെ ധോണി കമന്റ് ബോക്‌സിലേക്കു വന്ന് ഞങ്ങള്‍ക്കൊപ്പം ചേരുക. ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു. ഒരുപാടു വൈകുന്നതിനു മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയെങ്കിലും അദ്ദേഹം ഈ കാര്യം അംഗീകരിക്കണം.'' കമന്ററിക്കിടെ ഹെയ്ഡന്‍ വ്യക്തമാക്കി.
ഡല്‍ഹിക്കെതിരെ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്കു വേണ്ടി അര്‍ധ സെഞ്ചറി നേടിയ വിജയ് ശങ്കറും എം.എസ്. ധോണിയും ക്രിസീലുണ്ടായിരുന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. 26 പന്തുകള്‍ നേരിട്ട ധോണി 30 റണ്‍സാണ് ആകെ നേടിയത്. ഒരു സിക്‌സും ഒരു ഫോറും നേടിയ ധോണി നേരിട്ട ആറു പന്തുകളില്‍ റണ്‍സൊന്നും ലഭിച്ചില്ല.
അവസാന ഓവറുകളില്‍ വരെ വിജയ് ശങ്കറും ധോണിയും 'സിംഗിളുകള്‍' ഇട്ടു കളിച്ചതോടെ ചെന്നൈയുടെ വിജയസാധ്യതകള്‍ ഇല്ലാതായി. മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയ ആരാധകര്‍ ധോണിക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ മത്സരത്തോടെ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതു തള്ളിയിട്ടുണ്ട്.
10.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലാണ് ധോണി ക്രീസിലെത്തുന്നത്. 2023 ന് ശേഷം ട്വന്റി 20 മല്‍സരത്തില്‍ ധോണിയുടെ വേഗത്തിലുള്ള എന്‍ട്രിയാണിത്. ഈ സമയം ടീമിന് ആവശ്യം 56 പന്തില്‍ 110 റണ്‍സ്. ഈ സമയം 23 പന്തില്‍ 24 റണ്‍സെടുത്ത വിജയ് ശങ്കറായിരുന്നു ക്രീസില്‍. മെല്ലെപോക്ക് തുടര്‍ന്ന ഇരുവരും അടുത്ത 4.2 ഓവറില്‍ നേടിയത് 32 റണ്‍സ്. ബാറ്റിങിനിറങ്ങി 19 പന്ത് നേരിട്ട ശേഷമാണ് ധോണി ഒരു ബൗണ്ടറി നേടുന്നത്. 9.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ടീമിന് ഗുണകരമായില്ല.
ഐപിഎല്‍ 2025 സീസണില്‍ ഇതുവരെ നാല് ഇന്നിങ്‌സില്‍ നിന്നായി 76 റണ്‍സാണ് ധോണി നേടിയത്. ഡല്‍ഹിക്കെതിരെ നേടിയ 30 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍. ബെംഗളൂരുവിനെതിരെ ആര്‍ അശ്വിനും ശേഷം ഒന്‍പതാമതായാണ് ധോണി ബാറ്റിങിനിറങ്ങിയത്. ഇതിനെതിരെയും വിമര്‍ശനമുണ്ടായിരുന്നു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മല്‍സര ശേഷം ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ധോണിയുടെ പിതാവ് പാന്‍ സിങ് ധോണിയും അമ്മ ദേവകി ദേവിയും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയതോടെയാണ് വാര്‍ത്ത പരന്നത്. 2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം കാണാന്‍ ധോണിയുടെ മാതാപിതാക്കള്‍ സ്റ്റേഡിയത്തിലെത്തുന്നത്.