'വൈഭവ് ആദ്യപന്തില്‍ തന്നെ ഔട്ടായിരുന്നെങ്കിലോ? പാകിസ്ഥാനിലാണെങ്കില്‍ അവനെ പുറത്താക്കാന്‍ പറയും; ഒരു കൗമാര താരത്തിന് എങ്ങനെ ആത്മവിശ്വാസം നല്‍കേണ്ടതെന്ന് ഐപിഎല്ലില്‍ കണ്ടു പഠിക്കണം'; പ്രശംസിച്ച് മുന്‍ പാക് താരം ബാസിത് അലി
വൈഭവ് ആദ്യപന്തില്‍ തന്നെ ഔട്ടായിരുന്നെങ്കിലോ?
ജയ്പൂര്‍: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും അരങ്ങേറ്റ മത്സരത്തില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത് ഒരു പതിനാലുകാരനായിരുന്നു. നായകന്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ രാജസ്ഥാനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത വൈഭവ് സൂര്യവന്‍ശി നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തിയായിരുന്നു വരവരറിയിച്ചത്. ലഖ്നൗ ബൗളര്‍മാരെ തകര്‍ത്തടിച്ച് തുടങ്ങിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. 20 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തംപേരിലാക്കി.
വൈഭവിന്റെ പ്രകടനം ഇന്ത്യയില്‍ മാത്രമല്ല, പാകിസ്ഥാനില്‍വരെ വലിയ ചര്‍ച്ചയാവുകയും ചെയ്തു. വൈഭവ് ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ച രീതി ശരിക്കും ഞെട്ടിച്ചുവെന്ന് മുന്‍ പാക് താരം ബാസിത് അലി പറഞ്ഞു. ആദ്യ പന്ത് സിക്‌സ് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പുറത്തായിരുന്നെങ്കില്‍ ആളുകള്‍ എന്തു പറയുമായിരുന്നു. പാകിസ്ഥാനിലിയിരുന്നെങ്കില്‍ അവനെ ടീമില്‍ നിന്നു തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഒരു കൗമാര താരത്തിന് എങ്ങനെയാണ് ആത്മവിശ്വാസം നല്‍കേണ്ടതെന്ന് ഐപിഎല്ലില്‍ നിന്ന് നമ്മള്‍ കണ്ടു പഠിക്കണമെന്നും ബാസിത് അലി യുട്യൂബ് വിഡീയോയില്‍ പറഞ്ഞു.
അഭിഷേക് ശര്‍മയെയും യശസ്വി ജയ്സ്സ്വാളിനെയും തിലക് വര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയുമെല്ലാം നോക്കു, അവര്‍ വലിയ താരങ്ങളായത് ഇത്തരത്തില്‍ ആത്മവിശ്വാസം നല്‍കിയതുകൊണ്ടാണ്. ഏത് സാഹചര്യത്തിലും സ്വന്തം മികവ് പുറത്തെടുക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കൂടെ കളിക്കാനും അവസരം ലഭിക്കുന്നതോടെ അവര്‍ മികച്ച താരങ്ങളായി മാറുന്നു.
ഐപിഎല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 ലീഗാകുന്നത് ഇങ്ങനെയൊക്കെയാണ്. ഞാനിത് പറയുമ്പോള്‍ പാകിസ്ഥാനിലെ എന്റെ സഹോദരര്‍ക്ക് നിരാശ തോന്നി പ്രതികരിക്കാം. പക്ഷെ അവര്‍ വെറുതെ സമയം പാഴാക്കുകയാണ്. ഐപിഎല്ലിലെ പ്രതിഭകളെ നോക്കു. നെഹാല്‍ വധേര, പ്രിയാന്‍ഷ് ആര്യ, അബ്ദുള്‍ സമദ്, അശ്വിനി കുമാര്‍, അതുപോലെ എത്രെയെത്ര പേര്‍. ഞാന്‍ വ്യക്തിപരമായി ഉറ്റുനോക്കുന്നത് മായങ്ക് യാദവ് വീണ്ടും ബൗള്‍ ചെയ്യുന്നത് കാണാനാണ്. അവന്റെ ബൗളിംഗ് പ്രകടനം കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു-ബാസിത് അലി പറഞ്ഞു.
എന്തൊരു അരങ്ങേറ്റമാണിതെന്നാണ് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ എക്സില്‍ കുറിച്ചത്. ഒരു എട്ടാം ക്ലാസുകാരന്‍ ഐപിഎല്ലില്‍ കളിക്കുന്നത് കാണാന്‍ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദര്‍ പിച്ചൈ കുറിച്ചു. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ വീഡിയോയും അദ്ദേഹം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. വൈഭവിന്റെ പ്രായം വിഷയമല്ലെന്നും സമ്മര്‍ദത്തിനടിപ്പെടാതെയാണ് ഇത്രയും വലിയ വേദിയില്‍ വൈഭവ് കളിച്ചതെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ളെ കുറിച്ചു. ക്രിക്കറ്റ് ലോകത്തിലെ അടുത്ത താരോദയമാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഒട്ടേറെ ക്രിക്കറ്റ് താരങ്ങള്‍ വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
2011-ല്‍ ജനിച്ച വൈഭവ്, 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. 2019-ല്‍ 16 വര്‍ഷവും 157 ദിവസവും പ്രായമുള്ളപ്പോള്‍ ആര്‍സിബിക്കായി അരങ്ങേറ്റം കുറിച്ച പ്രയാസ് റായ് ബര്‍മന്റെ പേരിലായിരുന്നു ഇതിനു മുമ്പ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്റെ റെക്കോഡ്.
കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു. 12 വര്‍ഷവും 284 ദിവസവും പ്രായമുള്ളപ്പോള്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച വൈഭവ്, രഞ്ജി ട്രോഫിയില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.