ഇങ്ങനെയൊരു ചെന്നൈ ടീമിനെ ഇതുവരെ കണ്ടിട്ടില്ല; പണം കയ്യിലുണ്ടായിട്ടും ശ്രേയസിനെയോ, പന്തിനെയോ, രാഹുലിനെയോ വാങ്ങാന്‍ ശ്രമിച്ചില്ല; താരലേലത്തില്‍ പരിശീലകനും മാനേജ്‌മെന്റിനും പിഴച്ചെന്ന് സുരേഷ് റെയ്ന
ഇങ്ങനെയൊരു ചെന്നൈ ടീമിനെ ഇതുവരെ കണ്ടിട്ടില്ല
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം പ്രകടനത്തില്‍ പരിശീലകനെയും ടീം മാനേജ്‌മെന്റിനെയും പഴിച്ച് മുന്‍ താരം സുരേഷ് റെയ്‌ന. സിഎസ്‌കെ ഇത്രയേറെ ബുദ്ധിമുട്ടുന്നത് മുന്‍പു കണ്ടിട്ടില്ലെന്ന് സുരേഷ് റെയ്‌ന പറയുന്നു. ഐപിഎലിലെ എട്ടു മത്സരങ്ങളില്‍ ആറും തോറ്റ ചെന്നൈ പോയിന്റു പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. പട്ടികയില്‍ അവസാനസ്ഥാനത്തുള്ള ചെന്നൈക്ക് നേരിയ പ്ലേ ഓഫ് സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചെന്നൈയുടെ മോശം അവസ്ഥയില്‍ പരിശീലകനും മാനേജ്‌മെന്റും മുതല്‍ താരലേലം വരെ കാരണമാകുമെന്നു റെയ്‌ന ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.
''താരേലലത്തില്‍ കഴിവുള്ള യുവതാരങ്ങള്‍ എത്രയോ ഉണ്ടായിരുന്നു. സെഞ്ചറി നേടിയ പ്രിയന്‍ഷ് ആര്യ ലേലത്തില്‍ വന്നു. പ്രധാന താരങ്ങളില്‍ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരെല്ലാം വന്നു. എന്നാല്‍ പണം കയ്യിലുണ്ടായിട്ടും ഇവരെയൊന്നും സ്വന്തമാക്കിയില്ല. ടീം മാനേജ്‌മെന്റിനാണ് ഇതിന്റെ ഉത്തരവാദിത്തം.'' റെയ്‌ന വ്യക്തമാക്കി.
'ടീമിന്റെ പരിശീലകനും മാനേജ്മെന്റും താരലേലത്തില്‍ ഇടപെട്ടത് മികച്ചരീതിയിലായിരുന്നില്ല. ലേലത്തില്‍ ഒരുപാട് കഴിവുറ്റ താരങ്ങളുണ്ടായിരുന്നു. ഒട്ടേറെ യുവതാരങ്ങളും. അരങ്ങേറ്റത്തില്‍ സെഞ്ചുറി കുറിച്ച പ്രിയാന്‍ഷ് ആര്യയെപ്പോലെ.'- റെയ്ന പ്രതികരിച്ചു. എത്ര ആക്രമണോത്സുകമായാണ് മറ്റു ടീമുകള്‍ കളിക്കുന്നത്. ഇങ്ങനെ ബുദ്ധിമുട്ടുന്ന ഒരു ചെന്നൈ സൂപ്പര്‍ കിങ്സിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും' റെയ്ന കൂട്ടിച്ചേര്‍ത്തു.
അതേസമയം ചെന്നൈയുടെ യുവ താരങ്ങളില്‍നിന്ന് കളി മാറ്റാന്‍ ശേഷിയുള്ളൊരു ഇന്നിങ്ങ്‌സ് ഇതുവരെ കണ്ടിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഹര്‍ഭജന്‍ സിങ്ങും വ്യക്തമാക്കി. ''ചെന്നൈയ്ക്കു വേണ്ടി യുവതാരങ്ങളെ കണ്ടെത്തുന്നവര്‍ മാനേജ്‌മെന്റിനു ശരിയായ വിവരങ്ങള്‍ തന്നെയാണോ നല്‍കുന്നത്? ഇക്കാര്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.'' ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. രണ്ടു വിജയങ്ങളില്‍നിന്ന് നാലു പോയിന്റു സ്വന്തമാക്കാന്‍ മാത്രമാണു ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതുവരെ സാധിച്ചിട്ടുള്ളത്. ഇനിയൊരു മത്സരം കൂടി തോറ്റാല്‍, ചെന്നൈയുടെ പ്ലേഓഫ് സാധ്യതകള്‍ പൂര്‍ണമായും അവസാനിക്കും. 25ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം.