ഏഴാമനായി ക്രീസിലെത്തി നേരിട്ടത് അവസാന രണ്ടു പന്തു മാത്രം; പൂജ്യത്തിന് പുറത്തായി; ഡഗ് ഔട്ടില്‍ മടങ്ങിയെത്തി സഹീര്‍ ഖാനോട് കലിതുള്ളി ഋഷഭ് പന്ത്; നേരത്തെ ഇറക്കാത്തതാകാം കാരണമെന്ന് കുംബ്ലെയും റെയ്നയും; വൈറലായി ദൃശ്യങ്ങള്‍

സഹീര്‍ ഖാനോട് കലിതുള്ളി ഋഷഭ് പന്ത്

Update: 2025-04-23 08:25 GMT

ലക്‌നൗ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഏഴാമനായിറങ്ങി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഡഗ്ഔട്ടില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായ സഹീര്‍ ഖാനോട് കലിപ്പ് തീര്‍ത്ത് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുന്‍പും ബാറ്റിങ്ങിനെത്തി ഔട്ടായതിനു ശേഷവുമാണ് പന്ത് സഹീര്‍ ഖാനോട് ക്രുദ്ധനായി സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്നെ നേരത്തെ ഇറക്കാതെ യുവതാരങ്ങളെ സ്ഥാനക്കയറ്റം നല്‍കി അയച്ചതിന്റെ അതൃപ്തിയാണ് ഋഷഭ് പന്ത് പ്രകടിപ്പിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ അനില്‍ കുബ്ലെയും സുരേഷ് റെയ്‌നയും അഭിപ്രായപ്പെട്ടു.

സീസണില്‍ മുഖാമുഖമെത്തിയ രണ്ടാം മത്സരത്തിലും ഡല്‍ഹി ക്യാപിറ്റല്‍സ് ലക്‌നൗവിനെ തോല്‍പ്പിച്ചിരുന്നു. ലക്‌നൗ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറിലാണ് ഡല്‍ഹി മറികടന്നത്. അര്‍ധസഞ്ചറി നേടിയ ലക്‌നൗവിന്റെ മുന്‍ നായകന്‍ കൂടിയായ കെ.എല്‍. രാഹുല്‍, യുവതാരം അഭിഷേക് പൊറേല്‍ (36 പന്തില്‍ 51) എന്നിവരാണ് ഡല്‍ഹി വിജയത്തില്‍ നിര്‍ണായകപങ്കു വഹിച്ചത്.

പൊതുവെ നാലാമനായി ക്രീസിലെത്താറുള്ള ഋഷഭ് പന്തിന് പകരം യുവതാരം അബ്ദുല്‍ സമദാണ് ഡല്‍ഹിക്കെതിരെ നാലാമനായി ക്രീസിലെത്തിയത്. സമദിനു ശേഷം ഇംപാക്ട് പ്ലെയറായി യുവതാരം ആയുഷ് ബദോനിയും പിന്നാലെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുമൈത്തി. ഇവര്‍ക്കെല്ലാം പിന്നില്‍ ഏഴാമനായാണ് പന്ത് ക്രീസിലെത്തിയത്. അവസാന രണ്ടു പന്തു മാത്രം നേരിടാന്‍ അവസരം ലഭിച്ച താരം റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു.


പുറത്തായി ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന പന്ത് കടുത്ത ദേഷ്യത്തിലായിരുന്നു. പന്തിന്റെ മുഖം ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. താരത്തെ വൈകിയിറക്കിയ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിലുള്ള അതൃപ്തിയാകാം പന്ത് പ്രകടിപ്പിച്ചതെന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെ പാനല്‍ ചര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെയും സുരേഷ് റെയ്നയും അഭിപ്രായപ്പെട്ടു.

മുകേഷ് കുമാറിന്റെ പന്തില്‍ സ്റ്റംപ് തെറിച്ച് പുറത്തായി മടങ്ങുമ്പോള്‍ ഋഷഭ് പന്തിന്റെ മുഖത്ത് അതൃപ്തിയും ദേഷ്യവും പ്രകടമായിരുന്നു. ഔട്ടായതിന്റെ നിരാശയേക്കാളേറെ, ബാറ്റിങ് ഓര്‍ഡറില്‍ ഏഴാമനായി ഇറങ്ങേണ്ടി വന്നതിന്റെ അമര്‍ഷമാണ് പന്ത് പ്രകടിപ്പിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവര്‍ അഭിപ്രായപ്പെട്ടു. അതിന്റെ തുടര്‍ച്ചയായാകാം പന്ത് ഡഗ്ഔട്ടില്‍ ടീം മെന്ററായ സഹീര്‍ ഖാനോട് പൊട്ടിത്തെറിച്ചതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

''വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നതുവഴി പരമാവധി സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഒരു താരം ആഗ്രഹിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, പന്തിന്റെ കാര്യത്തില്‍ കുറച്ചധികം വൈകിപ്പോയി എന്നു പറയേണ്ടിവരും. പന്തിന്റെ മുഖത്തുള്ള അതൃപ്തി തന്നെ അതിന്റെ സൂചനയാണ്. കുറച്ചുകൂടി മുന്‍പേ ബാറ്റിങ്ങിന് ഇറങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. വൈകി ഇറങ്ങാനുള്ള തീരുമാനം അക്ഷരാര്‍ഥത്തില്‍ പന്തിന്റേതു തന്നെയായിരുന്നോ? അതോ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍, മെന്റര്‍ സഹീര്‍ എന്നിവരുടെ തീരുമാനമോ? ആരുടെ തീരുമാനമായാലും പന്ത് വളരെ അതൃപ്തിയിലായിരുന്നു' അനില്‍ കുംബ്ലെ പറഞ്ഞു.

മത്സരത്തില്‍ ബാറ്റിങ്ങിനെത്തി അവസാന രണ്ടു പന്തു മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായ പന്ത്, അതിനു തൊട്ടുപിന്നാലെ ലക്‌നൗ ഡഗ്ഔട്ടില്‍വച്ചാണ് സഹീര്‍ ഖാനോട് കുപിതനായി സംസാരിച്ചത്. അതൃപ്തിയും ദേഷ്യവും നിഴലിക്കുന്ന ശരീരഭാഷയുമായി പന്ത് സഹീറിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയിലും പതിഞ്ഞു. 19ാം ഓവറിന്റെ തുടക്കത്തിലും പന്ത് സമാനമായ രീതിയില്‍ സഹീര്‍ ഖാനോട് കുപിതനായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

ബാറ്റിങ് പൊസിഷനെക്കുറിച്ചു തന്നെയാകാം ഇരുവരും സംസാരിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ സുരേഷ് റെയ്‌നയും അഭിപ്രായപ്പെട്ടു. ''ഇന്നിങ്‌സില്‍ ആകെ 20 ഓവര്‍ ഉണ്ടായിരുന്നു. പന്ത് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമാണ്. ടീമിന്റെ വിജയം മറ്റാരേക്കാളും ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യമാകാം പന്ത് സഹീര്‍ ഖാനുമായി സംസാരിച്ചത്. എന്നെ നേരത്തേ ഇറക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ എന്നതു തന്നെയാകാം സഹീര്‍ ഖാനോട് പന്തിന്റെ ചോദ്യം' റെയ്‌ന പറഞ്ഞു.

അതേസമയം, ടീമിന്റെ മെന്ററിനോട് ഇത്തരത്തില്‍ പെരുമാറുന്നതിനു പകരം ദേഷ്യം ശമിപ്പിക്കാന്‍ പന്ത് മറ്റു വഴികള്‍ തേടുന്നതായിരുന്നു ഉചിതമെന്ന് അനില്‍ കുംബ്ലെ കൂട്ടിച്ചേര്‍ത്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമാധാനം പുലര്‍ത്തേണ്ടത് പ്രധാനപ്പെട്ടതാണ്. സംഭവിച്ചത് എന്താണെങ്കിലും അതിനെ പൊസിറ്റീവായി കാണാനാകണം. എന്തൊക്കെ ദേഷ്യം വന്നാലും അതിന്റെ ബാക്കി കാണേണ്ടത് കളത്തിലാകണം' കുംബ്ലെ പറഞ്ഞു.

Tags:    

Similar News