മൂന്ന് വിക്കറ്റുമായി പാറ്റ് കമ്മിന്‍സ്; കൂട്ടത്തകര്‍ച്ചയില്‍ രക്ഷകരായി അഷുതോഷ് - സ്റ്റബ്സ് സഖ്യം; 133 റണ്‍സില്‍ ഡല്‍ഹിയെ എറിഞ്ഞൊതുക്കി ഹൈദരാബാദ്
133 റണ്‍സില്‍ ഡല്‍ഹിയെ എറിഞ്ഞൊതുക്കി ഹൈദരാബാദ്
ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ എറിഞ്ഞൊതുക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളര്‍മാര്‍. പാറ്റ് കമ്മിന്‍സും ജയദേവ് ഉനദ്കട്ടും തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ചപ്പോള്‍ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സിലൊതുങ്ങി. കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തു.
29 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അഷുതോഷ് ശര്‍മ (41) ട്രിസ്റ്റണ്‍ സ്റ്റബ്സ് (41) എന്നിവരുടെ സഖ്യമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് കമ്മിന്‍സാണ്. ക്യാച്ചെടുത്തത് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും.
മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ കരുണ്‍ നായരുടെ (0) വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായി. പിന്നാലെ ഫാഫ് ഡു പ്ലെസിസും (3), അഭിഷേഖ് പോറലും (8) മടങ്ങി. പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പ് അക്സര്‍ പട്ടേലിനെ, ഹര്‍ഷല്‍ പട്ടേല്‍ മടക്കി. കമ്മിന്‍സിനായിരുന്നു ക്യാച്ച്. കെ എല്‍ രാഹുലിനെ (10) ജയദേവ് ഉനദ്കട്ടും മടക്കിയതോടെ ഒരു ഘട്ടത്തില്‍ അഞ്ചിന് 29 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്നു ഡല്‍ഹി.
തുടര്‍ന്ന് ക്രീസിലെത്തിയ വിപ്രജ് നിഗം (18) റണ്ണൗട്ടായി. തുടര്‍ന്ന് അഷുതോഷ് - സ്റ്റബ്സ് സഖ്യം ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. അഷുതോഷ് അവസാന പന്തില്‍ പുറത്തായി. സ്റ്റബ്സിനൊപ്പം, മിച്ചല്‍ സ്റ്റാര്‍ക്ക് (1) പുറത്താവാതെ നിന്നു.
അശുതോഷ് ശര്‍മ അടിച്ചുകളിച്ചതാണ് ഡല്‍ഹിക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്. അതോടെ ടീം സ്‌കോര്‍ നൂറ് കടന്നു. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 133 റണ്‍സെടുത്തു. സ്റ്റബ്സ് 36 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താവാതെനിന്നു. അശുതോഷ് 26 പന്തില്‍ നിന്ന് 41 റണ്‍സെടുത്തു.
നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. ജയദേവ് ഉനദ്കട്ട് നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. മലയാളി താരം സച്ചിന്‍ ബേബി ഹൈദരാബാദിന്റെ പ്ലേയിംഗ് ഇലവനിലെത്തി. അഭിനവ് മനോഹറും ടീമിലുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, കാമിന്ദു മെന്‍ഡിസ് എന്നിവരാണ് പുറത്തായത്. മുഹമ്മദ് ഷമി ഇംപാക്റ്റ് സബുകളുടെ നിരയിലാണുള്ളത്. ഡല്‍ഹി ഒരു മാറ്റം വരുത്തി. മുകേഷ് കുമാറിന് പകരം ടി നടരാജന്‍ ടീമിലെത്തി