നൂര്‍ അഹമ്മദിന് നാല് വിക്കറ്റ്; പൊരുതിയത് രഹാനെയും റസ്സലും പാണ്ഡെയും മാത്രം; നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; ചെന്നൈക്ക് 180 റണ്‍സ് വിജയലക്ഷ്യം
ചെന്നൈക്ക് 180 റണ്‍സ് വിജയലക്ഷ്യം
കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 180 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 179 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍ എന്നിവരുടെ ഇന്നിങ്സുകളാണ് കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈക്ക് വേണ്ടി നൂര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് ജയിച്ചേതീരു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് രണ്ടാം ഓവറില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസിനെ നഷ്ടമായി. 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. രണ്ടാം വിക്കറ്റില്‍ സുനില്‍ നരെയ്നും അജിങ്ക്യ രഹാനെയും കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തി. പവര്‍ പ്ലേയില്‍ ഇരുവരും അടിച്ചുതകര്‍ത്തതോടെ ടീം ആറോവറില്‍ 67 ലെത്തി.
എന്നാല്‍ നരെയ്നും പിന്നീടിറങ്ങിയ ആങ്ക്രിഷ് രഘുവംശിയും(1) വേഗം പുറത്തായതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. നരെയ്ന്‍ 17 പന്തില്‍ നിന്ന് 26 റണ്‍സാണെടുത്തത്. എന്നാല്‍ മനീഷ് പാണ്ഡെയുമൊപ്പം നായകന്‍ രഹാനെ ടീമിനെ നൂറുകടത്തി. 33 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത രഹാനെ കൂടാരം കയറിയതോടെ കെകെആര്‍ 103-4 എന്ന നിലയിലായി. ശേഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ ആന്ദ്രെ റസലിന്റെ വെടിക്കെട്ടായിരുന്നു. ചെന്നൈ ബൗളര്‍മാരെ തകര്‍ത്തടിച്ച റസല്‍ 21 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്സറുകളുമുള്‍പ്പെടെ 38 റണ്‍സെടുത്തു.
ഒടുക്കം 179 റണ്‍സില്‍ കൊല്‍ക്കത്തയുടെ ഇന്നിങ്സ് അവസാനിച്ചു. മനീഷ് പാണ്ഡെ 28 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത നൂര്‍ അഹമ്മദാണ് ചെന്നൈക്കായി തിളങ്ങിയത്.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. ഉര്‍വില്‍ പട്ടേല്‍ ചെന്നൈ ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ചു. ഡെവോണ്‍ കോണ്‍വെയും തിരിച്ചെത്തി. ഷെയ്ക് റഷീദ്, സാം കറന്‍ എന്നിവര്‍ പുറത്തായി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. മനീഷ് പാണ്ഡെ സീസണില്‍ ആദ്യമായി കൊല്‍ക്കത്ത ജേഴ്സി അണിയും. വെങ്കടേഷ് അയ്യര്‍ പുറത്തായി.