'വിദേശ താരങ്ങള്‍ യുദ്ധ ഭീതിയില്‍; എത്രയും വേഗം പാക്കിസ്ഥാന്‍ വിടാനുള്ള ശ്രമങ്ങള്‍ തുടങ്ങി'; രണ്ട് മത്സരങ്ങള്‍ റദ്ദാക്കി പിഎസ്എല്‍; അടിയന്തരയോഗം വിളിച്ച് പിസിബി

അടിയന്തരയോഗം വിളിച്ച് പിസിബി

Update: 2025-05-08 14:36 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ പതിനഞ്ച് ഇടങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണശ്രമം നിര്‍വീര്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ലാഹോറടക്കം കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) അനിശ്ചിതത്വത്തില്‍. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പിഎസ്എല്ലിലെ രണ്ട് മത്സരങ്ങള്‍ റദ്ദാക്കി. അതേസമയം, വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം നടത്തുന്നതായും വിവരമുണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പിഎസ്എല്‍ ഫ്രാഞ്ചൈസികളുമായി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് യോഗം. ടൂര്‍ണമെന്റിന്റെ മുന്നോട്ടുപോക്ക് സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

വ്യാഴാഴ്ച റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന കറാച്ചി കിങ്സ്-പെഷവാര്‍ സല്‍മി മത്സരവും വെള്ളിയാഴ്ചത്തെ ലാഹോര്‍ ക്വാലാന്‍ഡേഴ്സ്-പെഷവാര്‍ സല്‍മി മത്സരവും റദ്ദാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കി മത്സരങ്ങളുടെ വേദി മാറ്റാനും സാധ്യതയുണ്ട്. കറാച്ചി, ദോഹ, ദുബായ് എന്നിവിടങ്ങളിലേക്ക് വേദി മാറ്റാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

ഇന്ത്യയുടെ തിരിച്ചടിയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷവും ഉണ്ടായിട്ടും പിഎസ്എല്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സാഹചര്യം അതിവേഗം മാറി.

'ഒരു ആക്രമണത്തെത്തുടര്‍ന്ന് റാവല്‍പിണ്ടിയിലെ ഒരു പിഎസ്എല്‍ മത്സരം റദ്ദാക്കി. ഇത് വിദേശ കളിക്കാരെ ഞെട്ടലിലാക്കി. മത്സരം ഇന്ന് രാത്രിയായിരുന്നു. പലരും ഇപ്പോള്‍ എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ ശ്രമിക്കുന്നു. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം പിസിബി തീരുമാനമെടുക്കും' - ഒരു മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഐഎന്‍എസിനോട് പറഞ്ഞു.

സംഭവത്തിന്റെ ഞെട്ടലിലാണ് വിദേശതാരങ്ങളടക്കമുള്ളവരെന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ പിഎസ്എല്‍ വിടാനൊരുങ്ങുന്നതായും വിവരമുണ്ട്. ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം നടത്തുകയാണ്. ജെയിംസ് വിന്‍സ്, ടോം കറന്‍, സാം ബില്ലിങ്സ്, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി തുടങ്ങിയ ഇംഗ്ലീഷ് താരങ്ങള്‍ പിഎസ്എല്ലില്‍ കളിക്കുന്നുണ്ട്.

റാവല്‍പിണ്ടി സ്റ്റേഡിയത്തിന് സമീപത്തുള്ള ഒരു റെസ്റ്റോറന്റ് കെട്ടിടം ഭാഗികമായി തകര്‍ന്നതായാണ് വിവരം. പ്രദേശം അധികൃതര്‍ സീല്‍ ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഡ്രോണില്‍ പേ ലോഡ് ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇംഗ്ലണ്ട്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പിസിബിയുമായും ഇസ്ലാമാബാദിലെ ബംഗ്ലാദേശ് ഹൈകമ്മിഷനുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെടുന്നുണ്ട്. താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബിസിബി പ്രസ്താവനയില്‍ അറിയിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും സാഹചര്യം നിരീക്ഷിച്ചുവരുകയാണ്.

നടക്കാനിരിക്കുന്ന പാക്കിസ്ഥാന്‍-ബംഗ്ലാദേശ് ടി20 പരമ്പരയും അനിശ്ചിതത്വത്തിലാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര മേയ് 25-നാണ് തുടങ്ങുന്നത്. നിലവിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച് മാത്രമേ പരമ്പര നടക്കൂ. ബംഗ്ലാദേശ് പാക്കിസ്ഥാനില്‍ പോയി കളിക്കുമോ എന്നതില്‍ വ്യക്തത വരാനുണ്ട്.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നല്‍കിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പാകിസ്ഥാന്‍ നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി.

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Similar News