ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ തുലാസില്‍; റെഡ്-ബോള്‍ ക്യാംപുകള്‍ വേണമെന്ന് ശുഭ്മാന്‍ ഗില്‍; ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതോടെ താരത്തിന് ക്യാപ്റ്റന്‍സി ആശങ്കയോ? ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭസൂചനയെന്ന് ബിസിസിഐ
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ പ്രതീക്ഷ തുലാസിലാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റില്‍നിന്നു വിരമിച്ചതിനു പിന്നാലെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമ്പൂര്‍ണ പരമ്പര തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. 13 മാസത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങുന്നത്. 2024 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ 0-3നാണ് ഇന്ത്യന്‍ തോറ്റത്. 2027ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലെത്താന്‍ 2026ല്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാകൂ. ഇതോടെ നിര്‍ണായക നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുകയാണ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഓരോ ടെസ്റ്റ് പരമ്പരക്ക് മുമ്പും ടീമിന് 15 ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിക്കണമെന്ന് ഗില്‍ ബിസിസിഐയോട് ആവശ്യപ്പെട്ടുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
''ടെസ്റ്റ് പരമ്പരയിലേക്ക് കടക്കുന്നതിന് മുന്‍പ് ടീമിന് മികച്ച തയാറെടുപ്പ് ആവശ്യമാണെന്ന് ഗില്‍ വ്യക്തമാക്കി. 2025ലെ ഷെഡ്യൂളില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു. അതിനാല്‍ ടീമിന് തയാറെടുക്കാന്‍ ആവശ്യമായ സമയമില്ലായിരുന്നു. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് 15 ദിവസത്തെ റെഡ്-ബോള്‍ ക്യാംപുകള്‍ ഉണ്ടെങ്കില്‍ അത് അനുയോജ്യമാണെന്ന് ഗില്‍ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു.'' ബിസിസിഐ വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.
''ഗില്‍ ഇപ്പോള്‍ മികച്ച നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കും മുന്നില്‍ കൂടുതല്‍ വ്യക്തതയോടെ അദ്ദേഹം തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. രോഹിത് ശര്‍മയ്ക്കു ടീമിനു ശേഷം ശക്തനായ ഒരു ക്യാപ്റ്റന്റെ ആവശ്യകതയുള്ളതിനാല്‍ ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭസൂചനയാണ്. ടെസ്റ്റ്, ഏകദിന ടീമുകള്‍ ഗില്ലിന്റേതാണ്; അദ്ദേഹത്തില്‍നിന്നു കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.'' ബിസിസിഐ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കുശേഷം കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സെലക്ടര്‍മാര്‍ എന്നിവരുമായി ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തിയിരുന്നു. ഈ യോഗത്തിലാണ് ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് ടീമിന് 15 ദിവസത്തെ പരിശീലന ക്യാംപ് വേണമെന്ന നിര്‍ദേശം ഗില്‍ മുന്നോട്ടുവെച്ചത്. ഓരോ ടെസ്റ്റ് പരമ്പരക്ക് മുമ്പും ടീമിന് മികച്ച തയാറെടുപ്പ് ആവശ്യമാണെന്ന് ഗില്‍ സെലക്ടര്‍മാരുമായും ബിസിസിഐ പ്രതിനിധികളുമായും നടത്തിയ അനൗപചാരിക ചര്‍ച്ചകളില്‍ വ്യക്തമാക്കിയെന്നാണ് സൂചന. മോശം പ്രകടനത്തെ തുടര്‍ന്ന് ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതോടെ ഏകദിന - ടെസ്റ്റ് ടീമുകളില്‍ മാത്രമായി ഗില്‍ ഇനി ഒതുങ്ങേണ്ടി വരും. അതേ സമയം ടെസ്റ്റിലും മോശം പ്രകടനം തുടര്‍ന്നാല്‍ ഗില്ലിന്റെ ക്യാപ്റ്റന്‍ സ്ഥാനം ചോദ്യം ചെയ്തപ്പെട്ടേക്കും.
ഇന്ത്യന്‍ ടീം തുടര്‍ച്ചയായി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാല്‍ ഓരോ ടെസ്റ്റ് പരമ്പരക്കു മുമ്പും 15 ദിവസത്തെ പരിശീലന ക്യാംപ് എന്ന ഗില്ലിന്റെ നിര്‍ദേശം എത്രമാത്രം പ്രായോഗികമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കഴിഞ്ഞതിന് പിന്നാലെ ഒരാഴ്ചപോലും വിശ്രമം ലഭിക്കാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനായി പോയത്. അതുപോലെ ഏഷ്യാകപ്പ് സെപ്റ്റംബര്‍ 28ന് പൂര്‍ത്തിയായതിന് പിന്നാലെ ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ഗില്ലിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങി. ഏഷ്യാ കപ്പിലും ഗില്‍ ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായി കളിച്ചിരുന്നു. അതുപോലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര പൂര്‍ത്തിയായശേഷം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നവംബര്‍ എട്ടിന് പൂര്‍ത്തിയായശേഷം നവംബര്‍ 14ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് കളിക്കാനിറങ്ങി.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ വെള്ളത്തിലായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്ന ഒമ്പത് ടെസ്റ്റില്‍ ഏഴിലും ജയിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനാവു. ഇതില്‍ നാലു മത്സരങ്ങള്‍ ശ്രീലങ്കക്കും ന്യൂസിലന്‍ഡിനുമെതിരെ വിദേശത്താണെന്നതും അഞ്ച് മത്സരങ്ങള്‍ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ ആണെന്നതും ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ്.
