ഒരിക്കല്‍കൂടി ടെസ്റ്റ് ടീം ക്യാപ്റ്റനാകാനുള്ള മോഹം തകര്‍ത്തത് ഗംഭീര്‍; ഗാംഗുലിയെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങാതെ വിരാട് കോലി; ബിസിസിഐ സമ്മര്‍ദത്തിലും മനംമാറ്റമില്ല; ഇനി ടെസ്റ്റ് കളിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് വിരാട് കോലി

ഇനി ടെസ്റ്റ് കളിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് വിരാട് കോലി

Update: 2025-05-11 10:21 GMT

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍ താരം വിരാട് കോലി. തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി വഴങ്ങാന്‍ തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സൗരവ് ഗാംഗുലിയെ മുന്‍നിര്‍ത്തി കോലിയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും സൂപ്പര്‍ താരം വഴങ്ങിയില്ല.

ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെയാണ് കോലിയും വിരമിക്കാനൊരുങ്ങുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ കോലിയുടെ നിലപാട് ബോര്‍ഡിനെ പ്രസിന്ധിയിലാക്കുന്നുമുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങാനുള്ള തീരുമാനത്തില്‍ സൂപ്പര്‍താരം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് വിരമിക്കാനുള്ള തീരുമാനം കോലി സെലക്ടര്‍മാരെ അറിയിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ താരം കളിക്കണമെന്ന് സെലക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്തയാഴ്ച നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ത്തമാനകാല ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പന്‍താരമായ കോലികൂടി ഇംഗ്ലണ്ട് പര്യടനത്തിലില്ലെങ്കില്‍ പ്രതിസന്ധിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. രോഹിത് ശര്‍മ വിരമിച്ചതോടെ യുവക്യാപ്റ്റന് കീഴിലാകും ഇന്ത്യ ടെസ്റ്റില്‍ കളിക്കാന്‍പോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കോലിയുടെ പരിചയസമ്പത്തുകൂടി നഷ്ടമായാല്‍ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങള്‍ക്കിടെ ടെസ്റ്റില്‍ തന്റെ കാലം കഴിഞ്ഞെന്ന് കോലി സഹതാരങ്ങളോടു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതു തമാശയാണെന്നാണ് ഇന്ത്യന്‍ താരങ്ങള്‍ അന്നു കരുതിയിരുന്നത്. ഇംഗ്ലണ്ടിലെ ബുദ്ധിമുട്ടേറിയ പിച്ചില്‍ കളിച്ച് കൂടുതല്‍ സമ്മര്‍ദം ഏറ്റുവാങ്ങാനും കോലി ആഗ്രഹിക്കുന്നില്ല.

ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റിലാണ് വിരാട് കോലി ഒടുവില്‍ കളിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ആറു റണ്‍സും മാത്രമാണു സൂപ്പര്‍ താരം ഈ മത്സരത്തില്‍ നേടിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റിനു വിജയിക്കുകയും ചെയ്തു. രോഹിത് ശര്‍മയ്‌ക്കൊപ്പം കോലിയും ഒഴിവായ സാഹചര്യത്തില്‍ ടെസ്റ്റ് ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കും.

ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് വിരമിച്ച താരം നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലുമാണ് തുടരുന്നത്. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് കോലിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി കളിച്ചത്.

ടെസ്റ്റില്‍ 14 സീസണുകളിലായി ഇന്ത്യന്‍ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളില്‍ കളിച്ചു. 9230 റണ്‍സ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്.

Tags:    

Similar News