ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ വിട്ടുനിന്നു; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് കോലി ഇംഗ്ലണ്ടിലേക്ക് പറന്നത് കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍; കുടുംബത്തെ ഒപ്പം കൂട്ടുന്നതില്‍ ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ മനംമാറ്റം; ക്യാപ്റ്റനായി യുവതാരം എത്തുമെന്ന് വ്യക്തമായതോടെ വിരമിക്കല്‍ പ്രഖ്യാപനം; വിരാട് കോലി ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് ഗംഭീറെന്ന ഹെഡ്മാറ്ററെ മടുത്തതോടെ
വിരാട് കോലി ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് ഗംഭീറെന്ന ഹെഡ്മാറ്ററെ മടുത്തതോടെ
മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഞെട്ടല്‍ മാറും മുമ്പെയായിരുന്നു വിരാട് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഐപിഎല്ലിന് തൊട്ടുമുമ്പ് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ശേഷമുള്ള ആഹ്ലാദ നിമിഷങ്ങളില്‍ രോഹിത് കോലിയോട് നടത്തിയ സംഭാഷണത്തില്‍ ഇനി നമുക്ക് വിരമിക്കേണ്ടി വരില്ലല്ലോ എന്നായിരുന്നു. രോഹിത്തിന്റെ വാക്കുകള്‍ക്ക് അതെയെന്ന അര്‍ത്ഥത്തില്‍ കോലി തലയാട്ടുകയും ചെയ്തിരുന്നു. വിജയാഘോഷത്തിനിടെ സ്റ്റംപുകള്‍ കൈക്കലാക്കിയശേഷം ഗ്രൗണ്ടില്‍ കുട്ടികളെപ്പോലെ ഇരുവരും തുള്ളിച്ചാടി ദണ്ഡിയ നൃത്തം ചവിട്ടി ആഘോഷിച്ചു. വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആഘോഷം ആരാധകര്‍ ഏറ്റെടുത്തതാണ്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും ടെസ്റ്റ് കിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഞെട്ടിയത് ആരാധകരായിരുന്നു.
പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള പ്രശ്‌നങ്ങള്‍, ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മോശം പ്രകടനം എന്നിങ്ങനെ രോഹിതിന്റെയും കോലിയുടെയും വിരമിക്കലിന് ആരാധകര്‍ പല കാരണം പറഞ്ഞു. എന്നാല്‍ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ പ്രധാന കാരണം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ആദ്യവാരം തന്നെ വിരാട് കോലി ടെസ്റ്റ് മതിയാക്കുന്ന കാര്യം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെയും ബിസിസിഐ ഉന്നതരെയും അറിയിച്ചിരുന്നു. കുടുംബവുമായി കൂടുതല്‍ നേരെ ചിലവഴിക്കുന്നതിനായാണ് വിരമിക്കുന്നത് എന്ന് കോലി ഇവരെ അറിയിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനം വാതില്‍ക്കല്‍ നില്‍ക്കെ കോലിയുടെ തീരുമാനത്തോട് ബിസിസിഐ യോജിച്ചില്ല.
ധൃതിയില്‍ തീരുമാനമെടുക്കരുതെന്നും വിരമിക്കുന്നതിനെ പറ്റി കൂടുതല്‍ ചിന്തിക്കണമെന്നുമാണ് ബിസിസിഐയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കോലിയോട് ആവശ്യപ്പെട്ടതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കോലി തീരുമാനത്തില്‍ ഉറച്ചു നിന്ന കോലി മേയ് ഏഴിന് കോലി വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചു. ഓപ്പറേഷന്‍ സിന്ദൂരും പാക്കിസ്ഥാനെതിരായ സൈനിക നടപടിയും മൂര്‍ച്ചിച്ച സമയത്ത് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് മാറ്റിവെയ്ക്കാന്‍ ബിസിസിഐ കോലിയോട് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ ധാരണ പുറത്തുവന്നതിന് പിന്നാലെ തിങ്കളാഴ്ച വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കോലി ബിസിസിഐയെയും സെലക്ടര്‍മാരെയും അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മല്‍സരം കോലി കളിച്ചിരുന്നില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് പിന്നാലെയാണ് തീരുമാനം. 2023 ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് കോലി കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറന്നു. 2024 ല്‍ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയ ശേഷം കോലി ഇന്ത്യയിലേക്ക് മടങ്ങിയത് പ്രത്യേക വിമാനത്തിലാണ്. ഇന്ത്യയില്‍ ടീമിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഇതേ വിമാനത്തില്‍ കോലി ഇംഗ്ലണ്ടിലേക്കാണ് മടങ്ങിയത്.
ഓസ്‌ട്രേലിയ്‌ക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ 1-3 ന് ടീം തോറ്റതിന് ശേഷം ദൈര്‍ഘ്യമേറിയ പര്യടനങ്ങളില്‍ 14 ദിവസത്തില്‍ കൂടുതല്‍ ദിവസം കുടുംബാംഗങ്ങളെ കൂടെകൂട്ടുന്നതിനെ ബിസിസിഐ വിലക്കിയിരുന്നു. ഇതില്‍ കോലി അതൃപ്തനായാണ് കോലി വിരമിക്കല്‍ തീരുമാനം കൈകൊണ്ടതെന്നാണ് റിപ്പോര്‍ട്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വിരാട് കോലി രണ്ട് തവണ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം കോലി നേരത്തെ എടുത്തിരുന്നുവെന്നും പ്രഖ്യാപിക്കാന്‍ വൈകിയെന്നേയുള്ളൂവെന്നും ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തലമുറമാറ്റം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാനും മധ്യനരയില്‍ ബാറ്റിംഗില്‍ നങ്കൂരമിട്ട് പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും കോലി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബിസിസിഐക്ക് മറ്റ് ചില പദ്ധതികളായിരുന്നു ഉണ്ടായിരുന്നത്. അവര്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന ആശയത്തെ പിന്തുണച്ചില്ല. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്ന ഘട്ടത്തില്‍ യുവതാരങ്ങളിലൊരാളെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കാനായിരുന്നു ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും താല്‍പര്യപ്പെട്ടത്. ഇതോടെയാണ് കോലി വിരമിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ ടീം മാനേജ്‌മെന്റുകളുടെ കാലത്ത് ലഭിച്ചിരുന്ന സ്വാതന്ത്ര്യം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നതും കോലിയുടെ തീരുമാനത്തെ സ്വാധീനിച്ചു. രവി ശാസ്ത്രിയുടെയും രാഹുല്‍ ദ്രാവിഡിന്റെയും കീഴിലുണ്ടായിരുന്ന മുന്‍ ടീം മാനേജ്‌മെന്റുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഗംഭീറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം അടക്കം പുതിയ വെല്ലുവിളികള്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെ കോലി വിരമിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
വിരമിക്കല്‍ തീരുമാനം പ്രഖ്യപിക്കുന്നതിന് മുമ്പ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയോട് മാത്രമാണ് കോലി അഭിപ്രായം തേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്താനിരുന്നെങ്കിലും ഇന്ത്യ-പാക് സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കൂടിക്കാഴ്ച നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓസട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ബിസിസിഐ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും കോലിയുടെ വിരമിക്കല്‍ വേഗത്തിലാക്കാന് കാരണമായെന്ന് സൂചനകളുണ്ട്. വിദേശ പരമ്പരകളില്‍ കുടുംബത്തെ കൂടുകൂട്ടുന്നതിനടക്കം ബിസിസിഐ ഉപാധികള്‍ വെച്ചിരുന്നു.
ഇന്ത്യയ്ക്കായി 123 ടെസ്റ്റുകള്‍ കളിച്ച കോലി, അതില്‍ 68 എണ്ണത്തിലും ടീമിന്റെ നായകനായിരുന്നു. 123 ടെസ്റ്റുകളിലായി 210 ഇന്നിങ്‌സുകളില്‍നിന്ന് 46.85 ശരാശരിയില്‍ 9230 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതില്‍ 30 സെഞ്ചറികളും 31 അര്‍ധസെഞ്ചറികളും ഉള്‍പ്പെടുന്നു. പുറത്താകാതെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കരിയറിലാകെ 1027 ഫോറുകളും 30 സിക്‌സറുകളും നേടി.
11 ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചിട്ടില്ല. ആകെ 175 പന്തുകള്‍ ബോള്‍ ചെയ്ത കോലി 84 റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍പ്പെടുന്ന കോലി, ടെസ്റ്റില്‍ 121 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്. നായകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത പുതിയൊരു അധ്യായം കൂട്ടിച്ചേര്‍ത്താണ് കോലി പാഡഴിക്കുന്നത്. കോലി നയിച്ച 68 ടെസ്റ്റുകളില്‍ 40 എണ്ണത്തിലും ഇന്ത്യ ജയിച്ചു. തോറ്റത് 17 ടെസ്റ്റുകളില്‍ മാത്രം.
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനവും കോലിക്കു തന്നെ. മഹേന്ദ്രസിങ് ധോണി നയിച്ച 60 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചത് 27 എണ്ണത്തിലാണ്. സൗരവ് ഗാംഗുലി നയിച്ച 49 ടെസ്റ്റുകളില്‍ 21 എണ്ണത്തിലും ഇന്ത്യ ജയിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുള്ള നായകന്‍മാരില്‍ നാലാമനാണ് കോലി. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് (109 ടെസ്റ്റുകളില്‍നിന്ന് 53 വിജയം), റിക്കി പോണ്ടിങ് (77 ടെസ്റ്റുകളില്‍നിന്ന് 48 വിജയം), സ്റ്റീവ് വോ (57 ടെസ്റ്റില്‍നിന്ന് 41 ജയം) എന്നിവര്‍ മാത്രം മുന്നില്‍.