'വിക്കറ്റിന് പിന്നിലെ ആ പരിചയസമ്പത്ത് വിലമതിക്കാനാവാത്തതാണ്; ഗില്ലിനെ പിന്തുണയ്ക്കാന്‍ പന്തിന്് കഴിയും; വരും വര്‍ഷങ്ങളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന കളിക്കാരെയാണ് നോക്കുന്നത്'; ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അജിത് അഗാര്‍ക്കര്‍

ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അജിത് അഗാര്‍ക്കര്‍

Update: 2025-05-24 13:30 GMT

മുംബൈ: ജൂണില്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ പുതുമുഖമായ സായ് സുദര്‍ശനും പേസര്‍ അര്‍ഷ്ദീപ് സിങും ഇടംപിടിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട രണ്ട് താരങ്ങള്‍ പേസര്‍ മുഹമ്മദ് ഷമിയും മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനുമാണ്. കായികക്ഷതയില്ലാത്തതാണ് ഷമിക്ക് തിരിച്ചടിയായതെങ്കില്‍ ഓസ്‌ട്രേലിയനന്‍ പര്യടനത്തിലെ മോശം പ്രകടനവും വിവാദങ്ങളുമാണ് സര്‍ഫറാസിന് ടീമിലെത്തുന്നതില്‍ തടസമായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒഴിവാക്കപ്പെട്ടതില്‍ ഏറ്റവും വലിയ നീക്കമായി തോന്നിയത് ശ്രേയസ് അയ്യരുടേതാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ ഇടംകണ്ടെത്താന്‍ ശ്രയസ് അയ്യര്‍ക്കായില്ല.

അതേ സമയം നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷിച്ച ഋഷഭ് പന്തിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കാനുണ്ടായ കാരണം ചീഫ് സെലക്റ്റന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ഇപ്പോള്‍ പന്തിനെ ഉപനായകനാക്കുണ്ടായ കാരണം വ്യക്തമാക്കുകയാണ് അഗാര്‍ക്കര്‍.

''കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഏകദേശം 40 ടെസ്റ്റുകള്‍ കളിച്ചു. ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ സ്റ്റംപിന് പിന്നില്‍ നിന്ന് മത്സരത്തെ കുറിച്ച് അദ്ദേഹത്തിന് എപ്പോഴും മികച്ച കാഴ്ചപ്പാടുണ്ടായിരുന്നു. ആ പരിചയസമ്പത്ത് വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കിയത്. ഗില്ലിനെ പിന്തുണയ്ക്കാന്‍ പന്തിന്് കഴിയും. വരും വര്‍ഷങ്ങളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന കളിക്കാരെയാണ് ഞങ്ങള്‍ തീര്‍ച്ചയായും നോക്കുന്നത്.'' ചീഫ് സെലക്റ്റര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കരിയറില്‍ ഇതുവരെ 43 ടെസ്റ്റുകള്‍ കളിച്ച പന്ത് 42.11 ശരാശരിയില്‍ ആറ് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 2948 റണ്‍സ് നേടിയിട്ടുണ്ട്. 27 കാരനായ പന്ത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ സെഞ്ച്വറി നേടി. കൂടാതെ 2021 ല്‍ ബ്രിസ്‌ബേനിലെ ഗബ്ബയില്‍ ഇന്ത്യയുടെ പ്രശസ്തമായ വിജയത്തില്‍ പുറത്താവാതെ 89 റണ്‍സ് നേടി നിര്‍ണായക പങ്കുവഹിച്ചു. 2020 മുതല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ് പന്ത്.

പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷമി ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പന്തെറിഞ്ഞെങ്കിലും 10 ഓവര്‍ തികച്ചെറിയാനുള്ള കായികക്ഷമത കൈവരിച്ചിട്ടില്ലെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഷമിയെ കഴിഞ്ഞ ദിവസം എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നുവെന്നും അഞ്ച് ടെസ്റ്റ് കളിക്കാനുള്ള കായികക്ഷമത ഇല്ലാത്തതിനാലാണ് പരിഗണിക്കാതിരുന്നതെന്നും അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷമി പുറത്തായതാണ് യുവ പേസര്‍ അര്‍ഷ്ദീപ് സിംഗിന് ടീമിലിടം നല്‍കിയത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തിളങ്ങിയ പേസര്‍ ഹര്‍ഷിത് റാണയെ ഒഴിവാക്കിയതും ശ്രദ്ധേയമായി.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തിളങ്ങാനാവാതിരുന്ന സര്‍ഫറാസ് ഖാന് ഐപിഎല്ലിലും അവസരം ലഭിച്ചിരുന്നില്ല. ഇതിനിടെ ഡ്രസ്സിംഗ് റൂമിലെ വാര്‍ത്തകള്‍ ചോര്‍ന്ന സംഭവത്തില്‍ കോച്ച് ഗൗതം ഗംഭീറിനുണ്ടായ അനിഷ്ടവും സര്‍ഫറാസ് ടീമിലെത്തുന്നതില്‍ തടസമായെന്ന വിലയിരുത്തലുണ്ട്. അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇത് ഇന്ത്യന്‍ ടീമിലേക്കുള്ള രണ്ടാം വരവാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തിളങ്ങിയതാണ് കരുണ്‍ നായരെ ടീമിലെത്തിച്ചത്. മറ്റൊരു പുതുമുഖമായ സായ് സുദര്‍ശനാകട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതിനൊപ്പം ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുമെത്തി. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ച പരിചയവും സായിക്ക് തുണയായി.

രഞ്ജി ട്രോഫിയില്‍ മുംബൈക്കായി നടത്തിയ മികച്ച പ്രകടനമാണ് ഷാര്‍ദ്ദുല്‍ താക്കൂറിനെ വീണ്ടും ടീമിലെത്തിച്ചത്. ഐപിഎല്ലിലും തുടക്കത്തില്‍ ഷാര്‍ദ്ദുല്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. എ ടീം നായകന്‍ അഭിമന്യു ഈശ്വരനും ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വീണ്ടും ടെസ്റ്റ് ടീമില്‍ ഇടം നല്‍കിയത്. റിസര്‍വ് ഓപ്പണറായാണ് അഭിമന്യു ഈശ്വരനെ സെലക്ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തിയത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

മത്സരക്രമം

ഒന്നാം ടെസ്റ്റ്, 20 ജൂണ്‍ 2025 - ഹെഡിംഗ്ലി, ലീഡ്സ്

രണ്ടാം ടെസ്റ്റ്, 26 ജൂലൈ 2025 - എഡ്ജ്ബാസ്റ്റണ്‍, ബര്‍മിംഗ്ഹാം

മൂന്നാം ടെസ്റ്റ്, 1014 ജൂലൈ 2025 - ലോര്‍ഡ്സ്, ലണ്ടന്‍

നാലാം ടെസ്റ്റ്, 2327 ജൂലൈ 2025 - ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 - ഓവല്‍, ലണ്ടന്‍

Tags:    

Similar News