ബര്‍മിങ്ഹാമില്‍ ചേട്ടന്മാരുടെ ബാറ്റിങ് വെടിക്കെട്ട്; ലണ്ടനില്‍ ചരിത്രമെഴുതി വീണ്ടും വൈഭവ് ഷോ! അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി പതിനാലുകാരന്‍; ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് കൗമരതാരം; നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 364 റണ്‍സ് വിജയലക്ഷ്യം

നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 364 റണ്‍സ് വിജയലക്ഷ്യം

Update: 2025-07-05 13:44 GMT

ലണ്ടന്‍: അണ്ടര്‍ 19 ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനവുമായി ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ നാലാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറി കുറിച്ചാണ് വൈഭവ് ചരിത്രമെഴുതിയത്. 52 പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. 10 ഫോറുകളും ഏഴ് സിക്സറുകളുമടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.

നാലാം ഏകദിനത്തില്‍ ഇന്ത്യ 364 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ കുറിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 363 റണ്‍സ് നേടിയത്. വൈഭവിന് പുറമെ ഇന്ത്യക്കായി വിഹാന്‍ മല്‍ഹോത്ര സെഞ്ച്വറി നേടി. 121 പന്തില്‍ 129 റണ്‍സ്. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ രണ്ടിലും ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിക്കാനായാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാം.

നാലാം ഏകദിനത്തില്‍ 52 പന്തില്‍നിന്നാണ് താരം സെഞ്ച്വറി നേടിയത്. 53 പന്തില്‍ സെഞ്ച്വറി നേടിയ പാകിസ്താന്റെ കംറാം ഘുലാമിന്റെ റെക്കോഡാണ് താരം മറികടന്നത്. 53 പന്തിലാണ് ഘുലാം സെഞ്ച്വറി നേടിയത്. പതിയെ തുടങ്ങി പിന്നാലെ ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച താരം 24 പന്തിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

78 പന്തില്‍ 10 സിക്‌സും 13 ഫോറുമടക്കം 143 റണ്‍സെടുത്താണ് താരം പുറത്തായത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാനമാണ് വൈഭവ്. നാലു മത്സരങ്ങളില്‍നിന്നായി 306 റണ്‍സാണ് താരം ഇതുവരെ നേടിയത്.

മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് അതിവേഗ അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. 20 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി.

ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം. വൈഭവ് ആദ്യ മത്സരത്തില്‍ 19 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു. രണ്ടാം ഏകദിനത്തില്‍ 45 റണ്‍സും. പുരുഷ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ അതിവേഗ സെഞ്ച്വറിയുടെ ഉടമയാണ് വൈഭവ്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 35 പന്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.

Similar News