ആ ഫുള്‍ ലെങ്ത്ത് ബോള്‍ റൂട്ട് ശ്രമിച്ചത് ലെഗ് സൈഡിലേക്ക് കളിക്കാന്‍; ടൈമിങ് അമ്പെ പാളിയതോടെ വിക്കറ്റുമായി പറന്നു; ജോ റൂട്ടിന്റെ കുറ്റിതെറിപ്പിച്ച ആകാശ്ദീപിന്റെ പന്ത് നോബോളോ? ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ചയില്‍ ചര്‍ച്ചയായി റൂട്ടിന്റെ പുറത്താവല്‍; വിവാദത്തിനു കാരണമിങ്ങനെ
എഡ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ച നേരിടുന്നതിനിടെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിന്റെ പുറത്താവല്‍ വന്‍ വിവാദത്തില്‍. നാലാംദിനം അവസാന സെഷനില്‍ ആകാശ്ദീപിന്റെ ഓവറില്‍ ക്ലീന്‍ബൗള്‍ഡായാണ് റൂട്ട് മടങ്ങിയത്. 16 ബോളില്‍ വെറും ആറു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഇതു അംഗീകൃത ബോള്‍ തന്നെയാണോ, അതോ നോബോളാണോയെന്ന സംശയമാണ് ചില ക്രിക്കറ്റ് വിദഗ്ധരും ആരാധകരുമെല്ലാം ഉന്നയിക്കുന്നത്. ഇംഗ്ലീഷ് കമന്റേറ്റര്‍മാരും അവരുടെ ഒരു വിഭാഗം ആരാധകരുമെല്ലാം അതു നോ ബോളാണെന്നാണ് വാദിക്കുന്നത്. യഥാര്‍ഥത്തില്‍ അതു നോ ബോള്‍ വിളിക്കേണ്ടതായിരുന്നുവെന്നും പക്ഷെ അംപയര്‍ ഇക്കാര്യം ചെയ്തില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെയാണ് പേസര്‍ ആകാശ് ദീപിന് അവസരം ലഭിക്കുന്നത്. ഒന്നാം ഇന്നിങ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ആകാശ് രണ്ടാം ഇന്നിങ്സില്‍ ഇതുവരെ നാലു വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി ഒലി പോപ്പിന്റെയും ഹാരി ബ്രൂക്കിന്റെയും വിക്കറ്റുകള്‍ നേടിയത് ആകാശ് ദീപ് ആണ്. ഇതില്‍ ഇന്നിങ്സിന്റെ 11-ാം ഓവറില്‍ ജേ റൂട്ടിന്റെ കുറ്റി തെറിപ്പിച്ച ആകാശിന്റെ പന്തിനെ എല്ലാവരും അഭിനന്ദിച്ചിരുന്നു. റൂട്ടിന്റെ ക്ലാസിലുള്ള ഒരു ബാറ്ററെ ഒരു പേസര്‍ നിഷ്പ്രഭനാക്കിക്കളയുന്നത് അപൂര്‍വമാണ്. അത്തരത്തില്‍ ഒരു പന്തായിരുന്നു അത്. ആകാശ് എറിഞ്ഞ പന്തിന്റെ ലൈനും ലെങ്തും ആംഗിളും മനസിലാക്കുന്നതില്‍ റൂട്ട് പരാജയപ്പെട്ടു. എന്നിരുന്നാലും ഈ വിക്കറ്റ് വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയാണ് ഇപ്പോള്‍
റൂട്ടിന്റെ പുറത്താവല്‍
608 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ നാലാംദിനത്തിലെ കളി തീരാന്‍ കുറച്ചു ഓവറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജോ റൂട്ടിന്റെ വമ്പന്‍ വിക്കറ്റ് ഇന്ത്യ സ്വന്തമാക്കിയത്. ആകാശ്ദീപെറിഞ്ഞ 11ാം ഓവറിലായിരുന്നു ഇംഗ്ലണ്ട് ഞെട്ടിയത്. ക്രീസില്‍ നിന്നും അല്‍പ്പം വൈഡായി ആകാശ്ദീപ് എറിഞ്ഞ ഫുള്‍ ലെങ്ത്ത് ബോള്‍ ലെഗ് സൈഡിലേക്കു കളിക്കാനായിരുന്നു റൂട്ടിന്റെ ശ്രമം.
പക്ഷെ അദ്ദേഹത്തിന്റെ ടൈമിങ് അമ്പെ പാളി. ബാറ്റ് താഴേക്കു വരുമ്പോഴേക്കും ബോള്‍ കടന്നു പോയിക്കഴിഞ്ഞിരുന്നു. അതു വിക്കറ്റുകളില്‍ പതിച്ചപ്പോള്‍ നിസ്സഹായതോടെ അല്‍പ്പസമയം നിന്ന റൂട്ട് ഒടുവില്‍ നിരാശനായി ക്രീസ് വിടുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു 50 റണ്‍സിലേക്കു തകരുകയും ചെയ്തു.
വിവാദത്തിനു കാരണമെന്ത്?
ജോ റൂട്ടിനെ ആകാശ്ദീപ് ബൗള്‍ഡാക്കിയതിനു പിന്നാലെ ബിബിസി കമന്റേറ്ററും ഇംഗ്ലണ്ടിന്റെ മുന്‍ വനിതാ താരവുമായ അലിസണ്‍ മിച്ചെലാണ് അതു നോ ബോള്‍ ആണെന്ന സംശയം പ്രകടിപ്പിച്ചത്. ബൗള്‍ ചെയ്യവെ ആകാശ്ദീപിന്റെ കാല് പോപ്പിങ് ക്രീസിനു അകത്തു തന്നെ ആയിരുന്നെങ്കിലും ബാക്ക് ഫൂട്ട് കൊണ്ട് റിട്ടേണ്‍ ക്രീസില്‍ ടച്ച് ചെയ്തുവെന്നുമാണ് ആരോപണം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ സംശയം പ്രകടിപ്പിച്ച് രംഗു വരികയായിരുന്നു.
ആകാശ്ദീപെറിഞ്ഞ ആ ബോള്‍ ക്രീസില്‍ നിന്നും വളരെ വൈഡായിട്ടുള്ളതായിരുന്നു. ക്രീസില്‍ അദ്ദേഹത്തിന്റെ കാല് പുറത്തായിരുന്നു, രണ്ടു ഇഞ്ചോളം പിറകിലായിരുന്നുവെന്നാണ് കാണപ്പെടുന്നത്. ചിലപ്പോള്‍ അതിനേക്കാള്‍ അല്‍പ്പം കൂടുതലുമായിരിക്കാം. ബാക്ക്ഫൂട്ട് ലൈനിനു അകത്താണ് ലാന്‍ഡ് ചെയ്യേണ്ടത്. പക്ഷെ ലൈനിനു മുകളിലൂടെ അതു രണ്ടു ഇഞ്ചോളം പുറത്തേക്കു കടന്നിട്ടുണ്ടെന്നായിരുന്നു മിച്ചെല്‍ കമന്ററിക്കിടെ ചൂണ്ടിക്കാട്ടിയത്.
അതേസമയം, അതു നിയമപരമായി അനുവദിക്കപ്പെട്ട ബോള്‍ തന്നെയാണെന്നാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരവും കോച്ചും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്. റിട്ടേണ്‍ ക്രീസില്‍ തന്നെയാണ് ആകാശ്ദീപിന്റെ കാല് ലാന്‍ഡ് ചെയ്തതെന്നും അതുകൊണ്ടു തന്നെ അതു അംഗീകൃത ബോള്‍ തന്നെയാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
എഡ്ബാസ്റ്റണ്‍ വന്‍ പരാജയ ഭീതിയിലണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീം. 608 റണ്‍സ് ചേസ് ചെയ്യവെ അഞ്ചാംദിനം ആദ്യത്തെ സെഷനില്‍ 27 ഓവറുകള്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റിനു 104 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഇനി അഞ്ചു വിക്കറ്റുകള്‍ മാത്രം കൈയിലിരി െഅവര്‍ക്കു ജയിക്കാന്‍ ഇനിയും 504 റണ്‍സ് കൂടി ആവശ്യമാണ്.
മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ (എംസിസി) നിയമം പറയുന്നത്,
21.5.1 - ബൗള്‍ ചെയ്യുമ്പോള്‍, ബൗളറുടെ പിന്‍കാല്‍ റിട്ടേണ്‍ ക്രീസിനുള്ളിലായിരിക്കണം. റിട്ടേണ്‍ ക്രീസില്‍ സ്പര്‍ശിക്കാനോ അതിനപ്പുറം പോകാനോ പാടില്ല. അതുപോലെ, മുന്‍കാല്‍ പോപ്പിങ് ക്രീസിനുള്ളിലായിരിക്കണം, ക്രീസിന് പുറത്തായിരിക്കരുത്. ഈ രണ്ട് നിബന്ധനകളും പാലിച്ചാല്‍ മാത്രമേ ഒരു പന്ത് നിയമപരമായി കണക്കാക്കൂ.
21.5.2 - ബൗളറുടെ മുന്‍കാലിന്റെ കുറച്ച് ഭാഗമെങ്കിലും പോപ്പിങ് ക്രീസിന് പിന്നില്‍ പതിക്കണം. അതുപോലെ ബൗളറുടെ മുന്‍കാലിന്റെ കുറച്ച് ഭാഗമെങ്കിലും നിലത്തുറപ്പിച്ച നിലയിലോ അല്ലെങ്കില്‍ ഉയര്‍ന്ന് നില്‍ക്കുന്ന നിലയിലോ മിഡില്‍ സ്റ്റമ്പുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖയുടെ അതേ വശത്തായിരിക്കണം.