ലാറയുടെ ക്വാഡ്രപ്ള്‍ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ വേണ്ടിയിരുന്നത് 34 റണ്‍സ് മാത്രം; 367 നോട്ടൗട്ടായി നില്‍ക്കെ ഏവരേയും ഞെട്ടിച്ച ഡിക്ലറേഷന്‍; ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ വിയാന്‍ മള്‍ഡറുടെ അസാധാരണ തീരുമാനം

Update: 2025-07-07 13:29 GMT

ബുലവായോ: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ മുള്‍ഡര്‍, ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയുടെ റെക്കോഡ് മറികടക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത് കൗതുകമായി. 334 പന്തില്‍ 367 റണ്‍സുമായി നില്‍ക്കെയാണ് താരം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

മുള്‍ഡറുടെ അപരാജിത ട്രിപ്പിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നേറിയ പ്രോട്ടീസ്, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 626 എന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ടെസ്റ്റില്‍ ഒരു താരം നേടുന്ന ഏറ്റവുമുയര്‍ന്ന അഞ്ചാമത്തെ വ്യക്തിഗത സ്‌കോറാണ് മുള്‍ഡര്‍ തിങ്കളാഴ്ച സ്വന്തം പേരിലാക്കിയത്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 400 റണ്‍സ് നേടിയ ലാറയാണ് പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡനാണ് (380) രണ്ടാമത്. മൂന്നാമത് വീണ്ടും ലാറ (375) തന്നെയാണെന്നത് ശ്രദ്ധേയമാണ്. 374 റണ്‍സ് നേടിയിട്ടുള്ള ലങ്കന്‍ താരം മഹേല ജയവര്‍ധനെയാണ് ആദ്യ അഞ്ചിലെ മറ്റൊരു താരം.

രണ്ട് പതിറ്റാണ്ടിനു ശേഷം ലാറയുടെ ക്വാഡ്രപ്ള്‍ സെഞ്ച്വറി മറികടക്കാനുള്ള അവസരമാണ് മുള്‍ഡര്‍ ഉപേക്ഷിച്ചത്. 33 റണ്‍സ് കൂടി കണ്ടെത്തിയിരുന്നെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു 400 റണ്‍സെന്ന റെക്കോഡ് പിറക്കുമായിരുന്നു. ടെസ്റ്റിന്റെ ഒന്നാംദിനം 264 റണ്‍സ് നേടിയ മുള്‍ഡര്‍, രണ്ടാം ദിനം തിരിച്ചെത്തി 103 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. പ്രോട്ടീസിനായി ഒരു താരം നേടുന്ന ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. 2012ല്‍ 311 റണ്‍സ് നേടിയ ഹാഷിം അംലയാണ് പിന്നിലായത്. അംലയല്ലാതെ ട്രിപ്പിള്‍ സെഞ്ച്വറിയറിച്ച ഏക പ്രോട്ടീസ് താരമാണ് മുള്‍ഡര്‍ എന്നതും ശ്രദ്ധേയമാണ്.

അതേസമയം മുള്‍ഡര്‍ ഒഴികെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മറ്റാര്‍ക്കും മൂന്നക്കം കാണാനായില്ല. ഡേവിഡ് ബെഡിങ്ഹാം (82), ലുവാന്‍ദ്രെ പ്രിട്ടോറിയസ് (78) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. സിംബാബ്വെക്കായി തനക ഷിവംഗ, ക്യുന്ദെയ് മതിഗിമു എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും മള്‍ഡറിന് സ്വന്തമായി. ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇനി മള്‍ഡറിനാണ്, 1969-ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യയ്ക്കെതിരേ 239 റണ്‍സെടുത്ത ന്യൂസീലന്‍ഡിന്റെ ഗ്രഹാം ഡൗളിങ്ങിന്റെ റെക്കോഡാണ് താരം മറികടന്നത്.

ഒരു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത ടെസ്റ്റ് സ്‌കോര്‍ കൂടിയാണിത്. 2003-ല്‍ ഇംഗ്ലണ്ടിനെതിരേ 277 റണ്‍സടിച്ച ഗ്രെയിം സ്മിത്തിന്റെ നേട്ടമാണ് മള്‍ഡര്‍ മറികടന്നത്.

ട്രിപ്പിള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ കൂടിയാണ് മള്‍ഡര്‍. 27 വര്‍ഷവും 138 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ട്രിപ്പിള്‍ നേട്ടം. 1964-ല്‍ ഇംഗ്ലണ്ടിനെതിരേ 311 റണ്‍സ് നേടിയ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ബോബ് സിംപ്സന്റെ റെക്കോഡാണ് 61 വര്‍ഷത്തിനു ശേഷം മള്‍ഡര്‍ തിരുത്തിയെഴുതിയിരിക്കുന്നത്. 28 വര്‍ഷവും 171 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ബോബ് സിംപ്സന്റെ നേട്ടം.

Similar News