'അവന്‍ ബാറ്റ് ചെയ്തത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെപ്പോലെ; ക്യാപ്റ്റന്‍സിക്ക് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കുന്നു' ; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകനെ പുകഴ്ത്തി രവി ശാസ്ത്രി

Update: 2025-07-08 13:42 GMT

ബര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റണില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ഗംഭീര ജയം സ്വന്തമാക്കിയതോടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് ഒട്ടനവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഗില്ലിന് പത്തില്‍ പത്ത് മാര്‍ക്കിട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഗില്ലിന്റെ പ്രകടനം ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെ അനുസ്മരിപ്പിച്ചുവെന്ന് രവി ശാസ്ത്രി പറഞ്ഞു.

ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കുന്നുവെന്നും രവി ശാസ്ത്രി ചാനല്‍ ചര്‍ച്ചക്കിടെ വ്യക്തമാക്കി. ഒരു ക്യാപ്റ്റനില്‍ നിന്ന് നിങ്ങള്‍ക്ക് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനോ പ്രതീക്ഷിക്കാനോ കഴിയില്ല. പ്രത്യേകിച്ച് പരമ്പരയില്‍ 0-1ന് പിന്നില്‍ നില്‍ക്കുമ്പോള്‍. ക്രീസിലെത്തിയശേഷം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെ പോലെ ബാറ്റ് ചെയ്ത ഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ 269ഉം രണ്ടാം ഇന്നിംഗ്‌സില്‍ 161 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ പരാജയപെട്ടതില്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് നായകന്‍ ശുഭ്മാന്‍ ഗില്ലിനാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടി റെക്കോഡുകള്‍ സ്വന്തമാക്കി എങ്കിലും രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം പോലും തികയ്ക്കാന്‍ സാധിക്കാതെ ഗില്‍ പുറത്തായി. ഇതിനിടെ ഇന്ത്യ മോശം ഫീല്‍ഡിങ് നടത്തിയതും ഗില്ലിന് തിരിച്ചടിയായി.

എന്നാല്‍ രണ്ടാം ടെസ്റ്റ് മത്സരത്തിലെ പടുകൂറ്റന്‍ റണ്‍സ് വ്യത്യാസത്തിലുള്ള ജയം ശുഭ്മാന്‍ ഗില്ലിനെ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിലെത്തിച്ചിരിക്കുകയാണ്. ഒരോട്ടോ ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഒട്ടനവധി റെക്കോഡുകള്‍ സ്വന്തമാക്കാനും ഗില്ലിന് സാധിച്ചു. കഴിഞ്ഞ മത്സരത്തിലെ ഫീല്‍ഡിങ് പിഴവുകളും താരം പരിഹരിച്ചു.

ഗില്ലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി . രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഗിലിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചാണ് രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്. മാത്രവുമല്ല ലോക പ്രശസ്ത ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനിന്റെ ബാറ്റിങ് പോലെയാണ് ഗിലിന്റെ ബാറ്റിങ് എന്നും അദ്ദേഹം പറഞ്ഞു.

'ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും മികച്ചത് ( ശുഭ്മാന്‍ ഗില്‍ ). പത്തില്‍ പത്തു മാര്‍ക്ക് തന്നെ കൊടുക്കാം. ഒരു ക്യാപ്റ്റണില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ആര്‍ക്കും പ്രതീക്ഷിക്കാന്‍ പറ്റില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബ്രാഡ്മാനെപ്പോലെ ബാറ്റ് ചെയ്ത് ലോകത്തെ തന്നെ ഞെട്ടിച്ചു. പടുകൂറ്റന്‍ റണ്‍സ് നേടാന്‍ സാധിക്കുന്നു. മത്സരം ജയിക്കുന്നു' എന്നാണ് ഗില്ലിനെ കുറിച്ച് ശാസ്ത്രി പറഞ്ഞത്.

അതേസമയം ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ ഗില്‍ മറന്നില്ല എന്നും ശാസ്ത്രി പറഞ്ഞു. ഗില്ലിന്റെ ആ ശ്രമം ഫലം കണ്ടു എന്നും ശാസ്ത്രി പറഞ്ഞു. ആകാശ് ദീപിനെ പോലെ ഒരു താരത്തെ പ്ലെയിങ് ഇലവനില്‍ എത്തിച്ചത് ഗില്ലിന് ഏറെ ഗുണം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

ഇനി ജൂലൈ 10 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനായുള്ള മുന്നൊരുക്കത്തിലാണ് ഗില്ലും ഇന്ത്യയുടെ യുവ നിറയും. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ജയിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം എന്ന റെക്കോഡ് സ്വന്തമാക്കിയ ഗില്ലില്‍ ആരാധകരും വിശ്വാസം അര്‍പ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ യുവ നിരയെ നയിക്കാന്‍ എന്തുകൊണ്ടും അനുയോജ്യന്‍ ഗില്‍ തന്നെയാണ് എന്ന് ഇന്ന് ക്രിക്കറ്റ് ലോകം ഒരേ സ്വരത്തില്‍ പറയുകയാണ്.

Similar News