പരിക്ക് പൂര്‍ണമായി ഭേദമായില്ലെങ്കില്‍ ഋഷഭ് പന്ത് സ്പെഷ്യലിസ്റ്റ് ബാറ്ററാകും; ധ്രുവ് ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീറിന്റെ നീക്കം; കരുണ്‍ ടീമിന് പുറത്തേക്ക്; മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ
മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റത്തിന് സാധ്യത. പരിക്ക് പൂര്‍ണമായി ഭേദമായില്ലെങ്കില്‍ ഋഷഭ് പന്തിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി നിലനിര്‍ത്തി വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. കൈവിരലിന് പരിക്കേറ്റ ഋഷഭ് പന്തിനെ ബാറ്ററായി മാത്രം ടീമില്‍ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. ലോര്‍ഡ്സ് ടെസ്റ്റിനിടെ ഋഷഭ് പന്തിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. ജസ്പ്രീത് ബുമ്ര എറിഞ്ഞ ബോള്‍ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പരിക്ക്. ഇതിന് ശേഷം രണ്ട് ഇന്നിംഗ്സിലും വിക്കറ്റിന് പിന്നിലെത്തിയത് ധ്രുവ് ജുറലായിരുന്നു.
പന്തിന്റെ പരിക്ക് മാറിയില്ലെങ്കില്‍ മാഞ്ചസ്റ്ററില്‍ ബുധനാഴ്ച തുടങ്ങുന്ന നാലാം ടെസ്റ്റില്‍ ധ്രുവ് ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്മെന്റിന്റെ നീക്കം. തകര്‍പ്പന്‍ ഫോമിലുള്ള പന്ത് സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമില്‍ തുടരും. ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ പന്ത് രണ്ടും മൂന്നും ടെസ്റ്റുകളില്‍ അര്‍ധസെഞ്ച്വറിയും നേടിയിരുന്നു. ആറ് ഇന്നിംഗ്സില്‍ 70.83 ശരാശരിയോടെ 425 റണ്‍സെടുത്ത പന്തിന്റെ സാന്നിധ്യം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കനത്ത വെല്ലുവിളി ആകുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷ.
ധ്രുവ് ജുറല്‍ കീപ്പറായി ടീമില്‍ എത്തുകയാണെങ്കില്‍ കരുണ്‍ നായര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരില്‍ ഒരാള്‍ക്കാവും ടീമിലെ സ്ഥാനം നഷ്ടമാവുക. ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാത്ത കരുണ്‍ നായര്‍ പുറത്താകാനാണ് സാധ്യത. 24കാരനായ ജുറല്‍ നാല് ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ ജുറലിന്റെ ഉയര്‍ന്ന സ്‌കോര്‍ ഓസ്ട്രേലിയക്കെതിരെ നേടിയ 90 റണ്‍സാണ്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് സന്നാഹമത്സരത്തിന്റെ മൂന്ന് ഇന്നിംഗ്സിലും ധ്രുവ് ജുറല്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു.
ഇതിനിടെ, ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം മാഞ്ചസ്റ്ററിലെത്തി. ലണ്ടനില്‍ നിന്ന് ട്രെയ്നിലാണ് ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്ററിലെത്തിയത്. ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീം ഇന്ന് പരിശീലനം തുടങ്ങും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ജസ്പ്രീത് ബുമ്ര നാലാം ടെസ്റ്റില്‍ കളിക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്കേറ്റ് പുറത്തായ സ്പിന്നര്‍ ഷുഐബ് ബഷീറിന് പകരം ഇംഗ്ലണ്ട് ലിയം ഡോസനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.