ഇടം കൈയിലെ വിരലുകള്‍ക്ക് പരിക്കേറ്റ അര്‍ഷ്ദീപ് സിങ് പുറത്ത്; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യുവതാരത്തിന് തിരിച്ചടി; അന്‍ഷൂല്‍ കാംബോജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും

അന്‍ഷൂല്‍ കാംബോജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും

Update: 2025-07-20 12:55 GMT

മാഞ്ചസ്റ്റര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇംഗ്ലണ്ട് രണ്ടെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ഒരെണ്ണത്തിലേ വിജയിക്കാനായുള്ളൂ. പരമ്പരയിലെ നാലാം ടെസ്റ്റ് ഈ മാസം 23നാണ് ആരംഭിക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ആണ് വേദി.

ഇന്ത്യന്‍ ക്യാമ്പിലെ താരങ്ങളുടെ പരിക്കാണ് ആശങ്ക സൃഷ്ടിക്കുന്നത്. കൈവിരലിന് പരിക്കേറ്റ ഋഷഭ് പന്ത് നാലാം ടെസ്റ്റില്‍ കളിക്കുമോ എന്ന ആശങ്കകള്‍ക്കിടെ ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം നേടിയ അര്‍ഷ്ദീപ് സിങ് പരിക്കേറ്റ് പുറത്തായി. അര്‍ഷ്ദീപ് ഇതുവരെ ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയ്ക്ക് പകരക്കാരനായി ടീമില്‍ ഇടംപിടിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അര്‍ഷ്ദീപ് പുറത്തായത്.

അര്‍ഷ്ദീപിന് പകരം ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജിനെ ടീമില്‍ ഉള്‍പ്പെടുത്തി. നാലാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപിന് പരിക്കേല്‍ക്കുന്നത്. അര്‍ഷ്ദീപിന്റെ ഇടം കൈയിലെ വിരലുകള്‍ക്കാണ് പരിക്കേറ്റത്. ഉടന്‍ മെഡിക്കല്‍ സഹായം നല്‍കിയ അര്‍ഷ്ദീപിന്റെ കൈയിലെ മുറിവില്‍ തുന്നല്‍ ഇടേണ്ടിവന്നിരുന്നു. സായ് സുദര്‍ശന്റെ ഷോട്ട് തടയുമ്പോഴാണ് അര്‍ഷ്ദീപിന് പരിക്കേല്‍ക്കുന്നത്.

അര്‍ഷ്ദീപിന് പകരമാണ് അന്‍ഷൂളിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. താരം ഇതിനോടകം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമാണ് അന്‍ഷുല്‍. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിലും അന്‍ഷൂല്‍ കളിച്ചിരുന്നു. രണ്ട് അനൗദ്യോഗിക ടെസ്റ്റുകളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും ഒരു അര്‍ധ സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. 2024-25 രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പത്ത് വിക്കറ്റ് വീഴ്ത്തിയാണ് അന്‍ഷൂല്‍ ശ്രദ്ധിക്കപ്പെടുന്നത്. രഞ്ജിയില്‍ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് അന്‍ഷൂല്‍.

30.1 ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്താണ് കാംബോജ് പത്ത് വിക്കറ്റ് പിഴുതത്. ഒന്‍പത് ഓവര്‍ മെയ്ഡനായിരുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അന്‍ഷുല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ നേടി. ബുധാഴ്ച്ചയാണ് നാലാം ടെസ്റ്റ്. പരമ്പര സമനിലയിലെത്തിക്കാന്‍ ഇന്ത്യക്ക് അന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ഇംഗ്ലണ്ടാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

അതേസമയം, നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. കൈവിരലിന് പരിക്കേറ്റ ഋഷഭ് പന്തിനെ ബാറ്ററായി മാത്രം ടീമില്‍ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. ഋഷഭ് പന്തിന്റെ കൈവിരലിന് പരിക്കേറ്റത് ലോര്‍ഡ്സ് ടെസ്റ്റിനിടെ. ജസ്പ്രീത് ബുമ്ര എറിഞ്ഞ ബോള്‍ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പരിക്ക്. ഇതിന് ശേഷം രണ്ട് ഇന്നിംഗ്സിലും വിക്കറ്റിന് പിന്നിലെത്തിയത് ധ്രുവ് ജുറലായിരുന്നു.

Similar News