ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അഞ്ചു താരങ്ങളില്‍ ഗാംഗുലിയും ദ്രാവിഡും രോഹിത്തുമില്ല; രണ്ട് പേര്‍ 1983ലെ ലോകകപ്പ് ജേതാക്കള്‍; ആ മൂന്ന് പേരില്‍ കോലിയും; മഹാനായ ക്രിക്കറ്ററുടെ പേരെടുത്ത് പറഞ്ഞ് രവി ശാസ്ത്രി

മഹാനായ ക്രിക്കറ്ററുടെ പേരെടുത്ത് പറഞ്ഞ് രവി ശാസ്ത്രി

Update: 2025-07-22 12:32 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെ തെരഞ്ഞെടുത്ത് മുന്‍ പരിശീലകനും മുന്‍ താരവുമായ രവി ശാസ്ത്രി. മുന്‍ ഇംഗ്ലീഷ് താരങ്ങളായ മൈക്കല്‍ വോണ്‍, അലസ്റ്റര്‍ കുക്ക്, ഡേവിഡ് ലോയ്ഡ് എന്നിവര്‍ക്കൊപ്പം ഒരു യൂട്യൂബ് അഭിമുഖത്തില്‍ പങ്കെടുക്കവെയാണ് രവി ശാസ്ത്രി മികച്ച അഞ്ചു താരങ്ങളെ തെരഞ്ഞെടുത്തത്.

ഇതില്‍ രണ്ടുപേര്‍ ശാസ്ത്രിക്കൊപ്പം 1983 ഏകദിന ലോകകപ്പ് കിരീടം നേടിയ ടീമിലുള്ളവരാണ്. അന്നത്തെ ക്യാപ്റ്റന്‍ കപില്‍ ദേവും ബാറ്റര്‍ സുനില്‍ ഗവാസ്‌കറും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് കപില്‍. മൂന്നു ദശകങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരമാണ് ഗവാസ്‌കര്‍.

ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കര്‍, സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവരാണ് ബാക്കിയുള്ള മൂന്നു താരങ്ങള്‍. 2011ല്‍ ഇന്ത്യ രണ്ടാമത്തെ ഏകദിന ലോകകപ്പ് നേടുമ്പോള്‍ മൂവരും ടീമിലുണ്ടായിരുന്നു. ഐ.സി.സിയുടെ മൂന്നു വൈറ്റ്ബാള്‍ കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളാണ് കോഹ്ലിയും സചിനും. ഏറ്റവും മഹാനായ ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് സചിന്‍ എന്നാണ് ശാസ്ത്രി മറുപടി നല്‍കിയത്.

ഇന്ത്യക്കായി ശാസ്ത്രി 80 ടെസ്റ്റുകളും 150 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. ടെസ്റ്റില്‍ 3830 റണ്‍സും 11 സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. ഈ ഓഫ് സ്പിന്നറുടെ പേരില്‍ 151 വിക്കറ്റുകളുമുണ്ട്.

Similar News