ഇതിലും വതുത് കണ്ട് വന്നവനാ.... കയ്യടിക്കടാ! പൊട്ടലേറ്റ കാലുമായി ക്രീസിലെത്തി റെക്കോര്‍ഡിട്ട് ഋഷഭ് പന്ത്; പിന്നിലാക്കിയത് രോഹിത് ശര്‍മയെ; സിക്‌സും ഫോറുമടിച്ച് അര്‍ധ സെഞ്ചറി; 54 റണ്‍സെടുത്ത് പുറത്ത്; ഇന്ത്യ 358ന് ഓള്‍ഔട്ട്

Update: 2025-07-24 14:32 GMT

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം പരിക്കേറ്റ കാലുമായി ക്രീസിലിറങ്ങി ആരാധകരുടെ കയ്യടി ഏറ്റുവാങ്ങിയ ഋഷഭ് പന്ത് സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഇന്ത്യക്കായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് ഋഷഭ് പന്ത് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 40 മത്സരങ്ങളില്‍ നിന്ന് നേടിയ 2717 റണ്‍സാണ് 38 മത്സരങ്ങളില്‍ പന്ത് മറികടന്നത്.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ 40 റണ്‍സായിരുന്നു രോഹിത്തിനെ മറികടക്കാന്‍ ഋഷഭ് പന്തിന് വേണ്ടിയിരുന്നത്. ഇന്നലെ 37 റണ്‍സെടുത്തു നില്‍ക്കെ പരിക്കേറ്റ് മടങ്ങിയ ഋഷഭ് പന്തിന് നാലാം ടെസ്റ്റില്‍ കളിക്കാനാവില്ലെന്നായിരുന്നു കരുതിയത്. കാല്‍പ്പാദത്തില്‍ പൊട്ടലുള്ളതിനാല്‍ പന്തിന് പരമ്പര തന്നെ നഷ്ടമാവുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ രണ്ടാം ദിനം ആരാധകരെ അമ്പരപ്പിച്ച് പന്ത് ക്രീസിലെത്തി. ഷാര്‍ദ്ദുല്‍ താക്കൂറിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് പന്ത് ക്രീസിലിറങ്ങിയത്. തുടക്കത്തില്‍ പിടിച്ചു നിന്ന് വാഷിംഗ്ടണ്‍ സുന്ദറിന് പിന്തുണ നല്‍കാന്‍ ശ്രമിച്ച പന്ത് സുന്ദറിനെയും പിന്നാലെ അന്‍ഷുല്‍ കാംബോജിനെയും നഷ്ടമായശേഷം സിക്‌സും ഫോറും നേടി അര്‍ധസെഞ്ചുറി തികച്ചു ഒപ്പം റണ്‍വേട്ടയില്‍ റെക്കോര്‍ഡും സ്വന്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 46 മത്സരങ്ങളില്‍ 2617 റണ്‍സടിച്ച വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. ശുഭ്മാന്‍ ഗില്‍(36 മത്സരങ്ങളില്‍ 2512), രവീന്ദ്ര ജഡേജ(43 മത്സരങ്ങളില്‍ 2232), യശസ്വി ജയ്‌സ്വാള്‍(23 മത്സരങ്ങളില്‍ 2089), കെ എല്‍ രാഹുല്‍(28 മത്സരങ്ങളില്‍ 1773) എന്നിവരാണ് റണ്‍വേട്ടയിലെ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ളത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ പന്ത് രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. പരമ്പരയില്‍ നാലു മത്സരങ്ങളില്‍ 479 റണ്‍സടിച്ച പന്താണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്.

അതേ സമയം ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 358 റണ്‍സെടുത്തു പുറത്തായി. 151 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്വാള്‍ (107 പന്തില്‍ 58), ഋഷഭ് പന്ത് (75 പന്തില്‍ 54) എന്നിവരും അര്‍ധ സെഞ്ചറി നേടി. 24 ഓവറില്‍ 72 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ രണ്ടാം ദിവസം തകര്‍ത്തെറിഞ്ഞത്.

കെ.എല്‍. രാഹുല്‍ (98 പന്തില്‍ 46), ഷാര്‍ദൂല്‍ ഠാക്കൂര്‍ (88 പന്തില്‍ 41), വാഷിങ്ടന്‍ സുന്ദര്‍ (90 പന്തില്‍ 27), രവീന്ദ്ര ജഡേജ (40 പന്തില്‍ 20) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആദ്യ ദിവസം പരുക്കേറ്റു പുറത്തായ ഋഷഭ് പന്ത്, രണ്ടാം ദിനം വീണ്ടും ബാറ്റിങ്ങിനിറങ്ങി അര്‍ധ സെഞ്ചറി തികച്ച ശേഷമാണു പുറത്തായത്. 113ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഋഷഭ് ബോള്‍ഡാകുകയായിരുന്നു.

രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ആറിന് 321 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഹാരി ബ്രൂക്ക് ക്യാച്ചെടുത്ത് ജഡേജയെ പുറത്താക്കി. സ്‌കോര്‍ 300 കടന്നതിനു പിന്നാലെ ഷാര്‍ദൂല്‍ ഠാക്കൂറിനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും മടക്കി. അതിനു പിന്നാലെയായിരുന്നു വാഷിങ്ടന്‍ സുന്ദറിനു പിന്തുണയുമായി ഋഷഭ് പന്തിന്റെ വരവ്. തുടക്കത്തില്‍ പ്രതിരോധിച്ചു കളിച്ച പന്ത്, പിന്നീട് ഒരു സിക്‌സും ഫോറും ബൗണ്ടറി കടത്തി.

സ്‌കോര്‍ 337 ല്‍ നില്‍ക്കെ വാഷിങ്ടന്‍ സുന്ദറിനെ ബെന്‍ സ്റ്റോക്‌സ് പുറത്താക്കി. പിന്നീടുള്ള 21 റണ്‍സെടുക്കുന്നതിനിടെ ഋഷഭ് പന്ത് ഉള്‍പ്പടെ എല്ലാ ഇന്ത്യന്‍ താരങ്ങളും പുറത്തായി. ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകളും ക്രിസ് വോക്‌സ്, ലിയാം ഡോസന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്.

Similar News