ഏഷ്യാ കപ്പിന് വേദിയാവുക യുഎഇ; ബിസിസിഐ സമ്മതിച്ചു; എട്ട് ടീമുകള്‍ പങ്കെടുക്കും; ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാവാന്‍ സാധ്യത; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Update: 2025-07-24 16:17 GMT

ധാക്ക: സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ഏഷ്യാ കപ്പിന് യുഎഇ വേദിയാവും. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 21 വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) വൃത്തങ്ങള്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ വേദി ചര്‍ച്ചചെയ്യാന്‍ 25 അംഗരാജ്യങ്ങളും പങ്കെടുത്ത എസിസി യോഗത്തിന് ശേഷമാണ് തീരുമാനം. ധാക്കയില്‍ നടന്ന യോഗത്തില്‍ ബിസിസിഐയെ പ്രതിനിധാനംചെയ്ത് രാജീവ് ശുക്ല ഓണ്‍ലൈനായി പങ്കെടുത്തു.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍ ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടക്കുക. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ടി20 ഫോര്‍മാറ്റിലായിരിക്കും ഇത്തവണ ഏഷ്യാ കപ്പ് നടക്കുക. കഴിഞ്ഞ തവണ ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. ഏഷ്യാ കപ്പിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യ. ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കഴിഞ്ഞ തവണ കിരീടം നേടിയത്.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഏഷ്യാ കപ്പ് പ്രതിസന്ധിയിലായത്. പാകിസ്ഥാനുമായി മത്സരിക്കരുതെന്ന് ആവശ്യമുയരുകയും ഇന്ത്യയില്‍ കളിക്കാനില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കുകയും ചെയ്തതോടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായി. ഏഷ്യാ കപ്പിന്റെ ഭാവി തീരുമാനിക്കാനായി ചേരാനിരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(എസിസി) വാര്‍ഷിക പൊതുയോഗ വേദി ധാക്കയില്‍ നിന്ന് മാറ്റണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും എസിസി അധ്യക്ഷനായ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മെഹ്‌സിന്‍ നഖ്വി വഴങ്ങാതിരുന്നതും പ്രതിസന്ധിയുണ്ടാക്കി. സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ഏഴിനാവും ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar News