വെസ്റ്റിന്‍ഡീസിനെതിരെ പൊരുതി നേടിയ ജയത്തോടെ സെമിയിലെത്തി; 'ഒടുവില്‍ ഞങ്ങള്‍ക്കെതിരെ തന്നെ കളിച്ചേ തീരൂ' എന്ന അഫ്രീദിയുടെ പരിഹാസം; ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ സെമി ത്യജിച്ച് ഇന്ത്യന്‍ ടീമിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; ഒടുവില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്റ്റേഡിയം വിടുന്നത് നോക്കിനിന്ന് പാക്കിസ്ഥാന്‍ താരം
ഇന്ത്യന്‍ താരങ്ങള്‍ സ്റ്റേഡിയം വിടുന്നത് നോക്കിനിന്ന് അഫ്രീദി
ലണ്ടന്‍: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ കളിക്കാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഇന്ത്യന്‍ വെറ്ററന്‍ താരങ്ങള്‍ സെമിഫൈനലില്‍നിന്ന് പിന്‍മാറിയത് പാക്കിസ്ഥാന്‍ ടീമിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. പാക്കിസ്ഥാന്‍ ടീം ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്റെ നിലപാടാണ് ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ പരിഹാസമാണെന്ന സൂചനയുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് നിലപാട് വ്യക്തമാക്കിയ ഇന്ത്യന്‍ ടീമിന്, സെമി ലൈനപ്പ് പൂര്‍ത്തിയായപ്പോഴും എതിരാളികളായി വന്നത് പാക്കിസ്ഥാന്‍. ഇതോടെ എന്തു തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ സന്നിഗ്ധ ഘട്ടത്തിലായിരുന്നു ടീം അധികൃതര്‍. ഇതിനിടെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥയെ പരിഹസിക്കുന്ന അഫ്രീദിയുടെ വിഡിയോ കൂടി പ്രചരിച്ചതോടെയാണ് പൊരുതി നേടിയ സെമിഫൈനല്‍ സ്ഥാനം തന്നെ ത്യജിക്കുകയെന്ന തീരുമാനത്തിലേക്ക് എത്തിയത്.
വിരമിച്ച രാജ്യാന്തര താരങ്ങള്‍ മത്സരിക്കുന്ന വേള്‍ഡ് ചമ്പ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്‌സിന്റെ സെമിയില്‍ യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സ് ടീമിന് പാക്കിസ്ഥാന്‍ ചാമ്പ്യന്‍സായിരുന്നു എതിരാളികള്‍. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച ഇന്ത്യന്‍ ടീം ഇന്നു നടക്കേണ്ട സെമി ഫൈനല്‍ മത്സരത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. ഇതോടെ പാക്കിസ്ഥാന്‍ ടീം നേരിട്ട് ഫൈനലിലുമെത്തി.
''ഇനി ഇന്ത്യ ഞങ്ങള്‍ക്കെതിരെ എങ്ങനെ കളിക്കുമെന്ന് അറിയില്ല. പക്ഷേ ഒടുവില്‍ ഞങ്ങള്‍ക്കെതിരെ തന്നെ കളിച്ചേ തീരൂ എന്ന അവസ്ഥയായി' എന്നായിരുന്നു ഒരു ചടങ്ങില്‍ അഫ്രീദിയുടെ പരാമര്‍ശം. ബര്‍മിങ്ങാമിലെ ഒറു റസ്റ്ററന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് അഫ്രീദി നടത്തിയ ഈ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതേ സമയം പാകിസ്ഥാനുമായി കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ശേഷം യുവ്രാജ് സിങ് നയിക്കുന്ന ഇന്ത്യന്‍ ചാമ്പ്യന്‍സ് ടീം സ്റ്റേഡിയം വിടുന്നത് ബാല്‍ക്കണിയില്‍ നിന്ന് നോക്കിനില്‍ക്കുന്ന ഷാഹിദ് അഫ്രീദിയുടെ വീഡിയോ ഇതിനിടെ വൈറലാകുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം. ലീഗ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നെങ്കിലും സെമിയിലും ഇന്ത്യ അതേ നിലപാട് തുടരുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ മത്സരക്രമം തീരുമാനിച്ചയുടന്‍ പാകിസ്ഥാനെതിരേ സെമി കളിക്കാനില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.
നേരത്തേ ചാംപ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലും പാക്കിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ തയാറായിരുന്നില്ല. ഇതോടെ സംഘാടകര്‍ ആ മത്സരവും ഉപേക്ഷിച്ചിരുന്നു. യുവ്‌രാജ് സിങ് ക്യാപ്റ്റനായ ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ തുടങ്ങിയ മുന്‍കാല സൂപ്പര്‍ താരങ്ങളും മത്സരിക്കുന്നുണ്ട്. കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസ് ചാംപ്യന്‍സ് ടീമിനെ തോല്‍പിച്ചാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാലു മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനക്കാരായും, ഒരേയൊരു മത്സരം മാത്രം ജയിച്ച് ഇന്ത്യന്‍ ടീം നാലാം സ്ഥാനക്കാരായും സെമിയിലെത്തിയതോടെയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്ന സാഹചര്യമുണ്ടായത്. ടൂര്‍ണമെന്റില്‍ ഏറിയ പങ്കും അവസാന സ്ഥാനക്കാരായിരുന്ന ഇന്ത്യ, അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 13.2 ഓവറില്‍ തോല്‍പ്പിച്ചാണ് സെമിയില്‍ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 10 വിക്കറ്റിന് തകര്‍ത്ത് 9 പോയിന്റുമായി പാക്കിസ്ഥാന്‍ ഒന്നാമതെത്തിയതോടെയാണ്, നാലാം സ്ഥാനക്കാരായ ഇന്ത്യയുമായി സെമി പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.