'വിവാഹമോചന സമയത്ത് എന്നെ വിശ്വാസവഞ്ചകനെന്ന് വിളിച്ചു; ഞാന്‍ ഒരിക്കലും ആരെയും വഞ്ചിച്ചിട്ടില്ല; അന്ന് മണിക്കൂറുകളോളം കരയുമായിരുന്നു; ഉറക്കം മൂന്നു മണിക്കൂര്‍ മാത്രം'; വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തി യുസ്വേന്ദ്ര ചെഹല്‍

വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തി യുസ്വേന്ദ്ര ചെഹല്‍

Update: 2025-08-01 07:25 GMT

മുംബൈ: വിവാഹമോചന സമയത്ത് തന്നെ വിശ്വാസവഞ്ചകനെന്ന് ചിലര്‍ വിളിച്ചുവെന്നും എന്നാല്‍ ഭാര്യയായിരുന്ന ധനശ്രീ വര്‍മയെ, ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ചതിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹല്‍. വൈകാരിക പ്രശ്‌നങ്ങള്‍ ക്രിക്കറ്റിനെ ബാധിക്കരുത് എന്നുള്ളതുകൊണ്ട്, താത്കാലിക ഇടവേള എടുത്തിരുന്നതായും ചെഹല്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ആര്‍.ജെ. മഹ്‌വാഷുമായി ചെഹലിന് അടുപ്പമുണ്ടായതാണ് താരത്തിന്റെ വിവാഹ ബന്ധത്തില്‍ തിരിച്ചടിയായതെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ പരക്കുന്നതുപോലെ ഒരിക്കലും ധനശ്രീയെ ചതിച്ചിട്ടില്ലെന്ന് ചെഹല്‍ ഒരു പോഡ്കാസ്റ്റില്‍ പ്രതികരിച്ചു.

ധനശ്രീ വര്‍മ്മയുമായുള്ള വിവാഹമോചനം അവസാനിക്കുന്നതുവരെ അത് രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്നും തനിക്കെതിരെ ഉയര്‍ന്ന വിശ്വാസവഞ്ചന ആരോപണങ്ങള്‍ തെറ്റാണെന്നും ചാഹല്‍ വ്യക്തമാക്കി. 'ഞങ്ങള്‍ ഈ വിഷയം ഒരുപാട് കാലം പുറത്തു പറഞ്ഞില്ല. എല്ലാം അവസാനിക്കുന്നതുവരെ ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സാധാരണ ദമ്പതികളെപ്പോലെ തുടരാന്‍ തീരുമാനിച്ചു. എന്തെങ്കിലും മാറ്റം വന്നേക്കുമെന്ന് ഞങ്ങള്‍ കരുതി'- ചാഹല്‍ പറഞ്ഞു.

'വിവാഹമോചന സമയത്ത് എന്നെ വിശ്വാസവഞ്ചകനെന്ന് ചിലര്‍ വിളിച്ചു. ഞാന്‍ ഒരിക്കലും ആരെയും വഞ്ചിച്ചിട്ടില്ല. എന്നേക്കാള്‍ വിശ്വസ്തനായ ഒരാളെ നിങ്ങള്‍ക്ക് കാണാനാകില്ല. എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഹൃദയംകൊണ്ടാണ് ചിന്തിക്കുന്നത്. ഞാന്‍ എപ്പോഴും കൊടുക്കുകയേ ചെയ്തിട്ടുള്ളൂ. ഒന്നും ചോദിച്ചിട്ടില്ല. എനിക്ക് രണ്ട് സഹോദരിമാരാണുളളത്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ എനിക്കറിയാം. ആരോടൊപ്പം കണ്ടാലും ഉടനെ കാഴ്ചക്കാരെ കിട്ടാനായി ആളുകള്‍ വാര്‍ത്തകള്‍ എഴുതുകയാണ്. ഒരിക്കല്‍ പ്രതികരിച്ചാല്‍, പിന്നെ അത് തുടരും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ജീവിത പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ക്ഷീണിച്ചുപോയിരുന്നു. എല്ലാ ദിവസവും ഒരേ പ്രശ്‌നങ്ങള്‍ തന്നെ. രണ്ടു മണിക്കൂറൊക്കെ കരഞ്ഞിട്ടുണ്ട്. ദിവസം ഉറങ്ങിയത് രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം. വീണ്ടും പഴയ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ എല്ലാം അവസാനിക്കുന്നതാണു നല്ലതെന്നു തോന്നി. ഞാന്‍ ക്രിക്കറ്റില്‍നിന്ന് അവധിയെടുത്തു. ഞാന്‍ കാരണം ടീം ബുദ്ധിമുട്ടരുതെന്ന് എനിക്കുണ്ടായിരുന്നു.'' ചെഹല്‍ വ്യക്തമാക്കി.

ആദ്യമൊക്കെ മാസത്തില്‍ ഇത് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തപ്പോള്‍ 40-45 ദിവസം ഇത് തുടര്‍ന്നു'- ചാഹല്‍ വെളിപ്പെടുത്തി. താന്റെ മാനസികാവസ്ഥ ടീമിനെ ബാധിക്കരുതെന്ന് കരുതിയാണ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തതെന്നും ചാഹല്‍ പറയുന്നുണ്ട്.

2020ലാണ് യുസ്‌വേന്ദ്ര ചെഹലും ധനശ്രീയും വിവാഹിതരാകുന്നത്. 2025ല്‍ ഇരുവരും പിരിഞ്ഞു. 2023 ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 മത്സരത്തിലാണ് ചെഹല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഒടുവില്‍ കളിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലും താരം കളിക്കുന്നുണ്ട്.

Tags:    

Similar News