പ്രതീക റാവല്‍ ഓപ്പണറാകും; ഷഫാലി പുറത്ത്, മിന്നുമണിക്കും നിരാശ; വനിതാ ഏകദിന ലോകകപ്പില്‍ ഹര്‍മന്‍പ്രീത് നയിക്കും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പില്‍ ഹര്‍മന്‍പ്രീത് നയിക്കും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Update: 2025-08-19 12:51 GMT

മുംബൈ: വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഓപ്പണര്‍ ഷഫാലി വര്‍മയെ ടീമിലേക്ക് പരിഗണിച്ചില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു മലയാളി താരം മിന്നുമണിക്കും ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ല. പ്രതീക റാവലാണ് സ്മൃതി മന്ദാനക്കൊപ്പം ഓപ്പണറായി ടീമിലെത്തിയത്. ലോകകപ്പിന് പുറമെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്ക് കാരണം പുറത്തായിരുന്ന രേണുക സിങ് ടീമിലേക്ക് തിരിച്ചെത്തി. മാര്‍ച്ചില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായാണ് രേണുക അവസാനമായി കളിച്ചത്. അതേ സമയം ലോകകപ്പിനുള്ള ടീമിലെ സ്റ്റാന്‍ഡ്ബൈ താരമായി മലയാളി താരം മിന്നു മണിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തേജല്‍ ഹസബ്നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, ഉമാ ചേത്രി, മിന്നു മണി, സയാലി സത്ഘരെ എന്നിവരാണ് ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.

ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടെ പുറത്താകല്‍ ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. ഓസ്‌ട്രേലിയ എക്കെതിരായ പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ഷഫാലിക്ക് നേടാനായത്. ഇതുവരെ കളിച്ച 29 ഏകദിനങ്ങളില്‍ 23 മാത്രമണ് ഷഫാലിയുടെ ബാറ്റിംഗ് ശരാശരി. അതേസമയം ഷഫാലിക്ക് പകരം ലോകകപ്പ് ടീമിലെത്തിയ പ്രതീകാ റാവല്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ 54 റണ്‍സ് ശരാശരിയിലാണ് റണ്‍സടിച്ചത്. ഇതുവരെ കളിച്ച 14 ഇന്നിഗ്‌സില്‍ ആറ് അര്‍ധസെഞ്ചുറികള്‍ നേടാനും പ്രതിക്യ്ക്ക് കഴിഞ്ഞിരുന്നു. പരിക്കുമൂലം വിശ്രമത്തിലായിരുന്ന പേസര്‍ രേണുക സിംഗിനെയും ടീമിലേക്ക് പരിഗണിച്ചില്ല.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഏകദിന ലോകകപ്പിന് വേദിയാവുന്നത്. സെപ്റ്റംബര്‍ 30ന് തുടങ്ങുന്ന ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. നവംബര്‍ രണ്ടിനാണ് ഫൈനല്‍. സെപ്റ്റംബര്‍ 30-ന് ശ്രീലങ്കയ്ക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ അഞ്ചിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ പാകിസ്താനെ നേരിടും. അതേസമയം ജൂണ്‍ നാലിന് ഐപിഎല്‍ വിജയാഘോഷത്തിനിടെ തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 50-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വനിതാ ലോകകപ്പിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വേദിയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കുന്ന ടൂര്‍ണമെന്റിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും വേദിയാകും.

ലോകകപ്പിന് മുന്നോടിയായി, സെപ്റ്റംബര്‍ 14, 17, 20 തീയതികളില്‍ ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങള്‍ മുള്ളന്‍പുരിലും അവസാന മത്സരം ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലുമാണ് നടക്കുക.

വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന(വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, രേണുക താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധാ യാദവ്, ശ്രീ ചരണി, യാസ്തിക ഭാട്ടിക(വിക്കറ്റ് കീപ്പര്‍),സ്‌നേഹ് റാണ.

Similar News