അര്‍ധ സെഞ്ചുറിയുമായി ഇമ്രാനും ആനന്ദും; നാല് വിക്കറ്റുമായി സിബിന്‍ ഗിരീഷ്; ആലപ്പി റിപ്പിള്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി തൃശൂര്‍ ടൈറ്റന്‍സ്
ആലപ്പി റിപ്പിള്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി തൃശൂര്‍ ടൈറ്റന്‍സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന് വിജയത്തുടക്കം. ആലപ്പി റിപ്പിള്‍സിനെ ഏഴു വിക്കറ്റിനാണ് ടൈറ്റന്‍സ് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടിയായി 16.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ടൈറ്റന്‍സ് ലക്ഷ്യം കണ്ടു. അഹമ്മദ് ഇമ്രാന്‍ (44 പന്തില്‍ 61), ആനന്ദ് കൃഷ്ണന്‍ (39 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്സുകളാണ് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. 76 പന്തില്‍ നിന്ന് ഈ സഖ്യം 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റിപ്പിള്‍സിനായി മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ വിഗ്‌നേഷ് പുത്തൂര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
39 പന്തില്‍ നിന്ന് അഞ്ചു സിക്സും രണ്ട് ഫോറുമടക്കം 63 റണ്‍സെടുത്ത ആനന്ദാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട ഇമ്രാന്‍ എട്ട് ബൗണ്ടറിയടക്കം 61 റണ്‍സെടുത്തു. ഷോണ്‍ റോജറാണ് (7) പുറത്തായ മറ്റൊരു താരം. അക്ഷയ് മനോഹറും (10*), അര്‍ജുന്‍ എ.കെയും (1*) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
13-ാം ഓവറിലാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുന്നത്. വിഗ്‌നേഷിന്റെ പുത്തൂരിന്റെ പന്തില്‍ അക്ഷയ് ചന്ദ്രന് ക്യാച്ച് നല്‍കി ഇമ്രാന്‍ മടങ്ങി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. 13ാം ഓവറില്‍ ആനന്ദ് മടങ്ങിയെങ്കിലും, അപ്പോഴേക്കും ടൈറ്റന്‍സ് വിജയത്തോട് അടുത്തിരുന്നു. അഞ്ച് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ആനന്ദിന്റെ ഇന്നിംഗ്സ്. ശ്രീഹരി എസ് നായര്‍ക്കായിരുന്നു ആനന്ദിന്റെ വിക്കറ്റ്. പിന്നാലെ ഷോണ്‍ റോജറിന്റെ (7) വിക്കറ്റ് കൂടി ടൈറ്റന്‍സിന് നഷ്ടമായി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ അര്‍ധ സെഞ്ചുറിയാണ് തുണയായത്. 38 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ഫോറുമടക്കം 56 റണ്‍സെടുത്ത അസ്ഹരിന് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. ഏഴാമനായി ഇറങ്ങി 23 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ശ്രീരൂപാണ് റിപ്പിള്‍സ് നിരയില്‍ പിന്നീട് ഭേദപ്പെട്ട പ്രകടനം നടത്തിയത്. അക്ഷയ് ചന്ദ്രന്‍ (7), ജലജ് സക്സേന (8), അഭിഷേക് പി. നായര്‍ (14), അനുജ് ജോട്ടിന്‍ (11), അക്ഷയ് ടി.കെ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. നാല് ഓവറില്‍ 23 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ സിബിന്‍ ഗിരീഷാണ് ടൈറ്റന്‍സിനായി ബൗളിങ്ങില്‍ തിളങ്ങിയത്. ആന്ദ് ജോസഫ് രണ്ടു വിക്കറ്റെടുത്തു. ഇരു ടീമുകളുടേയും ആദ്യ മത്സരമായിരുന്നിത്.