'പ്രിയയുടെ ഒരു ഫോട്ടോ ഞാന്‍ ഫാന്‍ ഗ്രൂപ്പില്‍ കണ്ടിരുന്നു; എനിക്കു ചേരുന്ന പെണ്‍കുട്ടിയാണെന്ന് അപ്പോള്‍ തന്നെ തോന്നി; അവള്‍ എന്റെ ഫോട്ടോ ലൈക്ക് ചെയ്തു; ഞാന്‍ അങ്ങോട്ട് മെസേജ് അയച്ചു'; പ്രിയ സരോജുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ച് റിങ്കു സിങ്
പ്രിയ സരോജുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ച് റിങ്കു സിങ്
ലക്‌നൗ: ഭാവിവധു പ്രിയ സരോജുമായുള്ള പ്രണയം തുടങ്ങിയതിനെക്കുറിച്ച് മനസ്സു തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. ഒരു ഫാന്‍ ഗ്രൂപ്പില്‍ പ്രിയയുടെ ഫോട്ടോ കണ്ട് അങ്ങോട്ട് മെസേജ് അയച്ചതാണ് ബന്ധത്തിന്റെ തുടക്കമെന്ന് റിങ്കു സിങ് ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. സമാജ്‌വാദി പാര്‍ട്ടിയുടെ ലോക്‌സഭാംഗമായ പ്രിയ സരോജും റിങ്കു സിങ്ങും തമ്മിലുള്ള വിവാഹ നിശ്ചയച്ചടങ്ങുകള്‍ കഴിഞ്ഞ ജൂണില്‍ നടന്നിരുന്നു. ഈ വര്‍ഷം നവംബറില്‍ തീരുമാനിച്ചിരുന്ന വിവാഹം മത്സര തിരക്ക് കാരണം മാറ്റിവച്ചിരുന്നു.
''കോവിഡിന്റെ സമയത്ത് മുംബൈയില്‍ ഐപിഎല്‍ നടക്കുമ്പോഴാണ് ഞാന്‍ പ്രിയയെക്കുറിച്ച് അറിയുന്നത്. ഗ്രാമത്തിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രിയയുടെ ഒരു ഫോട്ടോ ഞാന്‍ ഫാന്‍ ഗ്രൂപ്പില്‍ കണ്ടിരുന്നു. എനിക്കു ചേരുന്ന പെണ്‍കുട്ടിയാണെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു. പക്ഷേ ഞാന്‍ അങ്ങോട്ട് മെസേജ് അയക്കുന്നതു മോശമല്ലെ എന്നായിരുന്നു ചിന്ത.''
''എന്നാല്‍ പ്രിയ സരോജ് എന്റെ ചില ഫോട്ടോകള്‍ ലൈക്ക് ചെയ്തു. ഇതോടെ ഞാന്‍ തന്നെ മെസേജ് അയച്ചു. അങ്ങനെയാണു ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. പിന്നീട് സ്ഥിരമായി ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ക്കു മുന്‍പു വരെ സംസാരിക്കുമായിരുന്നു. അങ്ങനെയാണു ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. പകല്‍ സമയങ്ങളില്‍ പ്രിയ തിരക്കായിരുന്നതിനാല്‍ രാത്രിയായിരുന്നു സംസാരം.'' റിങ്കു സിങ് വ്യക്തമാക്കി.
ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ റിങ്കു സിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ്. റിങ്കു സിങ്ങിന് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടായതിനാലാണു താരത്തിന്റെ വിവാഹം മാറ്റിവച്ചത്. പുതിയ തീയതി ഏതാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
അതേ സമയം പരിശീലനത്തിനിടെ റിങ്കു സിംഗിനെ പ്രിയ സരോജ് പരിശീലന ഗ്രൗണ്ടിലെത്തിയ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. യുപി ട്വന്റി 20 ലീഗിന് മുന്നോടിയായി ഗ്രേറ്റര്‍ നോയിഡയിലെ സ്പോര്‍ട്സ് കോംപ്ലക്സില്‍ സഹതാരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് റിങ്കുവിനെ കാണാന്‍ പ്രിയ സരോജ് എത്തിയത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡറായിരുന്ന റിങ്കു സിങ്ങിനെ പ്രിയയുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രിയ സരോജ് ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരി. സമാജ്വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.