ദുലീപ് ട്രോഫിയിലെ ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്നുവച്ചത് ഏഷ്യാകപ്പില്‍ കളിക്കാമെന്ന് മോഹിച്ച്; റിസര്‍വ് നിരയില്‍ പോലും ഉള്‍പ്പെടുത്താതെ സിലക്ടര്‍മാര്‍ തഴഞ്ഞതോടെ നിരാശയില്‍ ശ്രേയസ് അയ്യര്‍; താരത്തിന് ആരാധക പിന്തുണ ഏറുന്നു
മുംബൈ: ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവ് പുലര്‍ത്തിയിട്ടും ശ്രേയസ് അയ്യര്‍ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാതിരുന്നതിന്റെ നിരാശയിലാണ് ആരാധകര്‍. താരം ടീമിലില്ലാല്ലത്തത് ആരാധകരിലും ക്രിക്കറ്റ് ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കിയിരുന്നു. അയ്യരെ കളിപ്പിക്കാത്ത് ഇന്ത്യയുടെ നഷ്്ടമാണ്, തീര്‍ച്ചയായും അദ്ദേഹം സ്ഥാനം അര്‍ഹിക്കുന്നു എന്നായിരുന്നു ക്രിക്കറ്റ് വിദഗ്ധര്‍ പ്രതികരിച്ചത്.
എന്നാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം ഏറക്കുറെ ഉറപ്പിച്ചിരുന്നതുകൊണ്ടുതന്നെ ദുലീപ് ട്രോഫിയില്‍ ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്നതായിരുന്നു അയ്യരുടെ നിലപാട്. ശ്രേയസ് അയ്യരുടെ നിര്‍ദേശപ്രകാരമാണ് വെസ്റ്റ് സോണിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു താരത്തെ ഒഴിവാക്കിയത്. തുടര്‍ന്ന് ഷാര്‍ദൂല്‍ ഠാക്കൂറിനെ വെസ്റ്റ് സോണിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം ലഭിച്ചാല്‍ ടീം ക്യാംപില്‍ ചേരുന്നതിനും തയാറെടുപ്പുകള്‍ തുടങ്ങുന്നതിനും വേണ്ടിയാണ് ശ്രേയസ് വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്നു വച്ചത്. ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതെ പോയതോടെ ശ്രേയസ് ഇനി ഷാര്‍ദൂല്‍ ഠാക്കൂറിനു കീഴില്‍ ദുലീപ് ട്രോഫി കളിക്കേണ്ടിവരും. ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിന്റെ റിസര്‍വ് നിരയില്‍ പോലും ഉള്‍പ്പെടുത്താത്തത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഓഗസ്റ്റ് 29 മുതല്‍ ബെംഗളൂരുവിലാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ നടക്കേണ്ടത്.
യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗും വരെ 'സ്റ്റാന്‍ഡ് ബൈ' പട്ടികയില്‍ ഇടം പിടിച്ചപ്പോഴാണ് ശ്രേയസ് പുറത്തു തുടരുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു സാംസണു പകരം ഗില്‍ ബാറ്റിങ്ങിന് ഇറങ്ങിയേക്കും.
അതേസമയം ഓപ്പണിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന അഭിഷേക് ശര്‍മ സഞ്ജു സാംസണ്‍ സഖ്യം ഗില്ലിനു വേണ്ടി പൊളിക്കുന്നത് ഉചിതമല്ലെന്നും ടീം മാനേജ്‌മെന്റില്‍ ഒരു വിഭാഗം വാദിക്കുന്നുണ്ട്. 2023 ഡിസംബറിലാണ് ശ്രേയസ് അയ്യര്‍ അവസാനമായി ട്വന്റി20യില്‍ ഇന്ത്യന്‍ ജഴ്‌സിയണിയുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഈ മത്സരത്തില്‍ 37 പന്തുകള്‍ നേരിട്ട അയ്യര്‍ 53 റണ്‍സടിച്ച് അര്‍ധ സെഞ്ചറിയുമായി തിളങ്ങി. പിന്നീടു താരത്തിന് ഇന്ത്യന്‍ ട്വന്റി20 ടീമിലേക്ക് അവസരം ലഭിച്ചിട്ടില്ല.
2024 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലെത്തിച്ച ശ്രേയസ് ആ സീസണില്‍ 351 റണ്‍സടിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 345 റണ്‍സെടുത്ത് മുംബൈയെയും കിരീടത്തിലെത്തിച്ചു. കഴിഞ്ഞ ഐപിഎലും താരം മോശമാക്കിയില്ല. ബാറ്റിങ്ങില്‍ 604 റണ്‍സ് സ്‌കോര്‍ ചെയ്ത അയ്യര്‍ പഞ്ചാബിനെ ഫൈനല്‍ വരെയെത്തിച്ചു.