മുന്നില്‍ നിന്നു നയിച്ച് ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍; നാലു വിക്കറ്റുകള്‍ വീഴ്ത്തി സിബിന്‍ ഗിരീഷും; ആലപ്പി റിപ്പിള്‍സിനെ നാല് വിക്കറ്റിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ് വീണ്ടും വിജയവഴിയില്‍
ആലപ്പി റിപ്പിള്‍സിനെ നാല് വിക്കറ്റിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ് വീണ്ടും വിജയവഴിയില്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശ്ശൂര്‍ ടൈറ്റന്‍സ് വീണ്ടും വിജയവഴിയില്‍. പുതിയ നായകന് കീഴിലിറങ്ങിയ ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് ആലപ്പി റിപ്പിള്‍സിനെ കീഴടക്കിയത്. സിജോമോന്‍ ജോസഫിന് പകരം 22-കാരന്‍ ഷോണ്‍ റോജറാണ് ടൈറ്റന്‍സിനെ മുന്നില്‍ നിന്നു നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ തൃശ്ശൂര്‍ നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 134/6 (19.2 ഓവര്‍).
49 റണ്‍സോടെ ഷോണ്‍ റോജര്‍ തന്നെയാണ് ടീമിന്റെ വിജയശില്‍പി. 50 പന്തുകളില്‍ 49 റണ്‍സ് നേടിയ താരത്തിന്റെ ഇന്നിങ്‌സില്‍ ആറ് ഫോറുകളും ഉള്‍പ്പെടുന്നു. നാലോവറില്‍ 16 റണ്‍സ് വിട്ടുനല്‍കി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ സിബിന്‍ ഗിരീഷും തൃശ്ശൂര്‍ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
മുഹമ്മദ് കൈഫ്, ടി.കെ. അക്ഷയ്, മുഹമ്മദ് ഇനാന്‍, മുഹമ്മദ് നാസില്‍ എന്നിവരാണ് സിബിന്റെ ഇരകളായത്. ഓപ്പണര്‍ കെ.ആര്‍. രോഹിത് (30), അക്ഷയ് മനോഹര്‍ (16) എന്നിവരും ടൈറ്റന്‍സില്‍ രണ്ടക്കം കടന്നു. ആലപ്പിക്കായി മുഹമ്മദ് നാസില്‍ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകള്‍ നേടി.
ആദ്യം ബാറ്റുചെയ്ത ആലപ്പി, ടി.കെ. അക്ഷയ്യുടെ (38 പന്തില്‍ 49) ഇന്നിങ്സ് ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. അഭിഷേക് പി. നായര്‍ (22), എം.പി. ശ്രീരൂപ് (24), കെ.എ. അരുണ്‍ (13) എന്നിവര്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ ആദ്യ പന്തില്‍ത്തന്നെ റണ്ണൗട്ടായി പുറത്തായി. ഒരു റണ്ണുമായി ജലജ് സക്സേനയും മടങ്ങിയതോടെ ടീമിന്റെ നില പരുങ്ങലിലായി. തൃശ്ശൂരിനായി സി.വി. വിനോദ്കുമാര്‍ രണ്ടും ആനന്ദ് ജോസഫ്, കെ. അജിനാസ് എന്നിവര്‍ ഒന്നും വിക്കറ്റുകള്‍ നേടി
വ്യക്തിഗത പ്രകടനം ശ്രദ്ധിക്കാന്‍ സിജോമോന്‍
നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ് ടൈറ്റന്‍സ്. ഏഴ് മത്സരങ്ങളില്‍നിന്ന് നാല് വിജയം സിജോമോന്റെ കീഴില്‍ ടീം സ്വന്തമാക്കിയിരുന്നു. വ്യക്തിഗത പ്രകടനത്തില്‍ ശ്രദ്ധിക്കാനാണ് സിജോമോന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന. സിജോമോന്‍ ജോസഫ് തന്നെയാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ വഴി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് അറിയിച്ചത്. 22-കാരനായ ഷോണ്‍ റോജര്‍ ആണ് പുതിയ ക്യാപ്റ്റന്‍.27 കാരനായ ഓള്‍റൗണ്ടറിന് ഈ സീസണില്‍ മൂന്ന് വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.
തിരുവനന്തപുരം വെട്ടുകാട് സ്വദേശിയാണ് പുതിയ ക്യാപ്റ്റനായ ഷോണ്‍ റോജര്‍. ശംഖുമുഖം വെട്ടുകാട് എം.എ. ബവനില്‍ ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനാണ്. മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ് താരം. ദേശീയ കോച്ചായ ബിജു ജോര്‍ജിന്റെ കീഴില്‍ വര്‍ഷങ്ങളോളം പരിശീലനം നടത്തി. യുഎഇയില്‍ കളിച്ചുതുടങ്ങിയ താരം അവിടെ അണ്ടര്‍-16 ടീമംഗമായി. ഇന്ത്യയുടെ അണ്ടര്‍-19 ടീമിലും ഇടംനേടിയിട്ടുണ്ട്.