ഗ്ലൗസിലെത്തും മുമ്പ് പന്ത് നിലത്തുകുത്തിയോ എന്ന് ഹാര്‍ദ്ദിക്; ക്ലീന്‍ ക്യാച്ചാണെന്ന് സഞ്ജു; ഔട്ട് വിധിച്ച് മൂന്നാം അംപയര്‍; പിന്നാലെ വിവാദം; അമ്പയര്‍മാര്‍ക്കും തെറ്റുപറ്റാമെന്ന് പാക് ക്യാപ്റ്റന്‍; ബാറ്റര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടിയിരുന്നുവെന്ന് ഷൊയ്ബ് അക്തര്‍; സൂപ്പര്‍ ഫോറിലെ തോല്‍വിക്ക് പിന്നാലെ വീണ്ടും നിലവിളി

Update: 2025-09-22 13:32 GMT

ദുബായ്: ഏഷ്യകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഓപ്പണര്‍ ഫഖര്‍ സമാനെ പുറത്താക്കിയ വിക്കറ്റിന് പിന്നില്‍ സഞ്ജു എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹാര്‍ദ്ദിക്കിന്റെ സ്ലോ ബോളില്‍ ഫഖറിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സഞ്ജു കൈയിലൊതുക്കിയശേഷം ക്യാച്ചിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. സഞ്ജുവിന്റെ ഗ്ലൗസിലെത്തും മുമ്പ് പന്ത് നിലത്തുകുത്തിയോ എന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ സംശയം പ്രകടിപ്പിച്ചെങ്കിലും ക്ലീന്‍ ക്യാച്ചാണെന്ന് സഞ്ജു ഉറപ്പിച്ചു പറഞ്ഞു. ക്യാച്ചിനായി ഇന്ത്യ അപ്പീല്‍ ചെയ്തതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം ടിവി അമ്പയറുടെ പരിശോധനക്ക് വിട്ടു. റീപ്ലേകള്‍ പരിശോധിച്ച ടിവി അമ്പയര്‍ രുചിര പള്ളിയാഗുരുകെ അത് ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. രണ്ട് ആംഗിളുകള്‍ പരിശോധിച്ചശേഷമാണ് ടിവി അമ്പയര്‍ സഞ്ജു എടുത്തത് ക്ലീന്‍ ക്യാച്ചാണെന്ന് വിധിച്ചത്. എന്നാല്‍ അമ്പയറുടെ തീരുമാനത്തില്‍ അപ്പോള്‍ തന്നെ ഫഖര്‍ സമന്‍ അതൃപ്തി അറിയിച്ചിരുന്നു.

മത്സരശേഷം പ്രതികരിച്ചപ്പോഴാണ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ സഞ്ജു പന്ത് നിലത്തു കുത്തിയശേഷമാണ് ക്യാച്ച് കൈയിലൊതുക്കിയതെന്ന് പറഞ്ഞത്. അമ്പയര്‍മാര്‍ക്കും തെറ്റുപറ്റാം. പക്ഷെ എനിക്ക് തോന്നിയത് ആ പന്ത് കീപ്പറുടെ കൈയിലെത്തും മുമ്പ് നിലത്തു കുത്തിയിരുന്നു എന്നു തന്നെയാണ്. ഒരുപക്ഷെ എനിക്ക് തെറ്റുപറ്റിയതാവാം. പക്ഷെ ആ സമയത്ത് മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഫഖറിന്റെ വിക്കറ്റ് പോയത് ഞങ്ങള്‍ക്ക് തിരിച്ചടിയായി. പവര്‍ പ്ലേ മുഴുവന്‍ ഫഖര്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ പാകിസ്ഥാന് 190 റണ്‍സെങ്കിലും നേടാനാവുമായിരുന്നു. എന്തായാലും അത്തരം തീരുമാനങ്ങളൊക്കെ അമ്പയറുടെ കൈകളിലാണ്. അവര്‍ക്കും തെറ്റുപറ്റാം, ഒരുപക്ഷെ എനിക്കു തെറ്റിയതുമാവാം എന്നും സല്‍മാന്‍ ആഘ പറഞ്ഞു. ബുമ്രക്കെതിരെ രണ്ട് ബൗണ്ടറി നേടിയ ഫഖര്‍ സമാന്‍ മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് 9 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായത്.

വിവാദത്തില്‍ പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയ്ബ് അക്തറും പ്രതികരണവുമായി എത്തി. സഞ്ജുവിന്റെ ക്യാച്ചില്‍ സംശയമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍. 'ഫഖര്‍ സമാന്‍ ഔട്ട് അല്ലെന്നും ബാറ്റര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നുവെന്നുമാണ് ഷൊയ്ബ് അക്തറുടെ പ്രതികരണം. ഫഖര്‍ ഔട്ട് അല്ല. താരത്തിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നു. അംപയര്‍ എല്ലാ ആംഗിളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ നോക്കിയില്ല. 26 കാമറകളുണ്ട്, എന്നിട്ടും ഒരു ആംഗിളും കാണാനില്ല. അദ്ദേഹം രണ്ട് ആംഗിളുകള്‍ നോക്കി തീരുമാനമെടുത്തു. അതിലൊന്നില്‍ പന്ത് മൈതാനത്ത് കുത്തിയതായി തോന്നി' അക്തര്‍ പറഞ്ഞു. 'ഒരുപക്ഷേ ഫഖര്‍ കളിച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഗതി മാറുമായിരുന്നു. അംപയറിങ്ങിന്റെ പ്രത്യേകിച്ച് തേര്‍ഡ് അംപയറിങ്ങിന്റെ നിലവാരം എനിക്ക് തൃപ്തികരമായി തോന്നിയില്ല. പന്ത് നിലത്ത് തട്ടിയതായി വ്യക്തമായി കാണാം' അക്തര്‍ പറഞ്ഞു.

ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖര്‍ സമാന്‍ മത്സരത്തില്‍ ഒമ്പത് പന്തില്‍നിന്ന് 15 റണ്‍സെടുത്താണ് മടങ്ങിയത്. ക്യാച്ചില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസും രംഗത്തെത്തി. സഞ്ജു ക്യാച്ച് എടുത്തത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

Similar News