മത്സരം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്യാപ്റ്റന്‍സി ഒഴിഞ്ഞു; അസൗകര്യം സെലക്ടര്‍മാരെ അറിയിച്ച് മുംബൈയിലേക്ക് മടങ്ങി; ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ എ ടീം ക്യാംപ് വിട്ടതില്‍ അഭ്യൂഹം; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കുമോ? പ്രതികരിക്കാതെ ബിസിസിഐ

ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ശ്രേയസ് അയ്യര്‍, ഇന്ത്യന്‍ ടീം ക്യാംപ് വിട്ടു

Update: 2025-09-23 10:28 GMT

ലഖ്നൗ: ഓസ്ട്രേലിയ എ ടീമിന് എതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ, ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ശ്രേയസ് അയ്യര്‍ ഇന്ത്യ എ ക്യാമ്പില്‍ നിന്നും മുംബൈയിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. അസൗകര്യം ബിസിസിഐയെ അറിയിച്ചതായാണ് കരുതുന്നത്. അയ്യരുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ ക്യാപ്റ്റന്റെ ചുമതലയേറ്റു. അതേസമയം, ടീമില്‍ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

ശ്രേയസ് അയ്യര്‍ ടീം വിടാനുള്ള കാരണം എന്താണെന്ന് താരമോ, ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായ ചില കാരണങ്ങളാല്‍ ശ്രേയസ് അയ്യര്‍ ലക്‌നൗവിലെ ടീം ക്യാംപ് വിട്ടെന്നാണ് അനൗദ്യോഗികമായ വിവരം. ശ്രേയസ് അയ്യര്‍ മുംബൈയിലേക്കു പോയതായും സിലക്ടര്‍മാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റില്‍നിന്നുള്ള പ്രതികരണം. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രേയസ് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുമെന്നായിരുന്നു ആരാധക പ്രതീക്ഷ. അതിനിടെയാണ് ശ്രേയസ് ഇന്ത്യ എ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്.

ട്വന്റി20യില്‍ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലും ഏഷ്യാ കപ്പ് ടീമിലേക്കും ശ്രേയസിനെ ബിസിസിഐ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഐപിഎലില്‍ തകര്‍ത്തടിച്ച താരം, പഞ്ചാബ് കിങ്‌സിനെ ഫൈനല്‍ വരെയെത്തിച്ചിരുന്നു. ഈ വര്‍ഷം നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലിലാണ് ശ്രേയസ് ഇന്ത്യന്‍ ജഴ്‌സിയില്‍ ഒടുവില്‍ കളിച്ചത്.

നാലുദിവസത്തെ ടെസ്റ്റില്‍ കളിക്കാനുള്ള അസൗകര്യം സെലക്ടര്‍മാരെ അറിയിച്ചാണ് അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയത്. എങ്കിലും അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ മധ്യനിരയില്‍ ശ്രേയസിനെ പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നാലുദിവസം നീണ്ട അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രേയസ് 13 പന്തുകളില്‍നിന്ന് എട്ട് റണ്‍സാണ് നേടിയിരുന്നത്. ഈമാസം ബെംഗളൂരുവില്‍ നടന്ന ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനായും താരം കളിച്ചിരുന്നു. 25,12 എന്നിങ്ങനെയായിരുന്നു ഇന്നിങ്സുകളിലെ സ്‌കോര്‍നില. എങ്കിലും ഒക്ടോബര്‍ രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അയ്യരെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

Tags:    

Similar News