ഫഖര്‍ സമാന്‍ പുറത്തായിരുന്നില്ല; ഐപിഎലില്‍ അവസരം കിട്ടാന്‍ അംപയര്‍ പുറത്താക്കി; ആരോപണവുമായി ഷാഹിദ് അഫ്രീദി; ടി വി അംപയര്‍ക്കെതിരെ പരാതിയുമായി ഐസിസിയെ സമീപിച്ച് പാക്കിസ്ഥാന്‍

Update: 2025-09-23 16:25 GMT

ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന്റെ നാണക്കേട് മറയ്ക്കാന്‍ വീണ്ടും ആരോപണങ്ങളുമായി മുന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ രംഗത്ത്. ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടത്തിനിടെ ഓപ്പണര്‍ ഫഖര്‍ സമാനെ പുറത്താക്കാന്‍ അംപയര്‍മാര്‍ ബോധപൂര്‍വം ശ്രമിച്ചതായി പാക്ക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ആരോപിച്ചു. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഫഖര്‍ സമാനെ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ മൂന്നാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. ക്യാച്ചെടുക്കുന്ന സമയത്ത് സഞ്ജുവിന്റെ ഗ്ലൗ മുഴുവന്‍ പന്തിന് അടിയില്‍ ഉണ്ടായിരുന്നെങ്കിലും പാക്ക് താരങ്ങള്‍ക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല.

പുറത്തായതു വിശ്വസിക്കാതിരുന്ന ഫഖര്‍ സമാന്‍ ഗ്രൗണ്ടില്‍ തുടര്‍ന്നെങ്കിലും റീപ്ലേകള്‍ പരിശോധിച്ച ശേഷം തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഫഖര്‍ സമാന്‍ പുറത്തായിരുന്നില്ലെന്നാണ് അഫ്രീദിയുടെ വാദം. ഐപിഎലില്‍ അംപയറാകാന്‍ താല്‍പര്യമുള്ളതിനാല്‍, തേര്‍ഡ് അംപയര്‍ ഇന്ത്യയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നെന്ന് അഫ്രീദി ഒരു പാക്ക് ചാനലിലെ ചര്‍ച്ചയില്‍ അവകാശപ്പെട്ടു.

പാക്കിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് യൂസഫും അഫ്രീദിയുടെ വാദത്തെ പിന്തുണച്ചു. ''അവര്‍ എല്ലാ ആംഗിളുകളും പരിശോധിച്ചില്ല. ഫഖര്‍ സമാന്‍ മൂന്നു ഫോറുകള്‍ അടിച്ചു. ബുമ്രയെ നന്നായി കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായി.'' യൂസഫ് വ്യക്തമാക്കി. അംപയറുടെ തീരുമാനത്തെ പാകിസ്ഥാന്റെ മുന്‍താരം വഖാര്‍ യുനിസും വിമര്‍ശിച്ചു.

ഫഖര്‍ സമാനെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നെന്ന് മുന്‍ പാക്ക് പേസര്‍ ശുഐബ് അക്തറും പ്രതികരിച്ചിരുന്നു. 26 ക്യാമറകള്‍ ഗ്രൗണ്ടില്‍ ഉണ്ടായിട്ടും അംപയര്‍ ഒന്നു മാത്രമാണു പരിശോധിച്ചതെന്നും അക്തര്‍ ആരോപിച്ചു. ഫഖര്‍ സമാന്റെ പുറത്താകലില്‍ പാക്കിസ്ഥാന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. പാക്ക് ടീം മാനേജര്‍ നവീദ് അക്രം ചീമ മാച്ച് റഫറിക്കും അംപയര്‍ക്കും കത്തയച്ചു. ലഭ്യമായ എല്ലാ ആംഗിളുകളും പരിശോധിക്കാന്‍ അംപയര്‍മാര്‍ തയാറായില്ലെന്ന് പിസിബി പരാതിയില്‍ ആരോപിച്ചു.

ഉഗ്രന്‍ ഫോമില്‍ കളിക്കുകയായിരുന്ന ഫഖര്‍ സമാന്റെ പുറത്താകല്‍ ടി വി അംപയുടെ തെറ്റായ തീരുമാനത്തില്‍ ആണെന്നും ഇത് കളിയുടെ ഗതിതന്നെ മാറ്റിയെന്നും പാകിസ്ഥാന്‍ ടീം വാദിച്ചു. ടി വി അംപയര്‍ക്കെതിരെ പാകിസ്താന്‍ ടീം മാനേജര്‍ നവീദ് ചീമ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനാണെയാണ് ആദ്യം സമീപിച്ചത്.

എന്നാല്‍ പൈക്രോഫ്റ്റ് പരാതി സ്വീകരിച്ചില്ല. തന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന കാര്യമല്ല ഇതെന്നായിരുന്നു മാച്ച് റഫറിയുടെ മറുപടി. ഇതോടെയാണ് പാക് ടീം മാനേജ്മെന്റ് ഐസിസിക്ക് പരാതി നല്‍കിയത്. മൂന്നാം ഓവറില്‍ ഒന്‍പത് പന്തില്‍ 15 റണ്‍സെടുത്ത് നില്‍ക്കേയാണ് ഫഖര്‍ സമാന്‍ സഞ്ജുവിന്റെ ക്യാച്ചില്‍ പുറത്തായത്. ടി വി അംപയര്‍ വിശദ പരിശോധനയ്ക്ക് ശേഷം ഔട്ട് വിധിക്കുകയായിരുന്നു. അമ്പയറുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് ഫഖര്‍ സമാന്‍ മടങ്ങിയത്.

അതേസമയം, ഏഷ്യ കപ്പ് ക്രിക്കറ്റ് പാകിസ്ഥാനെ വിടാതെ ഐസിസി. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളിലും ആന്‍ഡി പൈക്രോഫ്റ്റിനെ തന്നെ മാച്ച് റഫറിയായി നിയോഗിച്ചു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - പാകിസ്ഥാന്‍ മത്സരവും നിയന്ത്രിച്ചത് പൈക്രോഫ്റ്റാണ്. ഹസ്തദാനവിവാദത്തിന് ശേഷം പാകിസ്ഥന്റെ എല്ലാ മത്സരത്തിലും പൈക്രോഫ്റ്റിന് തന്നെ ഐസിസിസ ചുമതല നല്‍കി. മാച്ച് റഫറിമാരുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി.

Similar News