ഇന്ത്യയോടേറ്റ തോല്‍വിക്ക് ശ്രീലങ്കയോട് കണക്കുതീര്‍ത്ത് പാക്ക് പേസര്‍മാര്‍; അര്‍ധസെഞ്ചുറിയുമായി പൊരുതിയത് മെന്‍ഡിസ് മാത്രം; ഏഷ്യാ കപ്പ് നിര്‍ണായക മത്സരത്തില്‍ 134 റണ്‍സ് വിജയലക്ഷ്യം
അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് 134 റണ്‍സ് വിജയലക്ഷ്യം. അബുദാബി, ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ മൂന്ന് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി, രണ്ട് പേരെ വീതം പുറത്താക്കിയ ഹുസൈന്‍ താലാത്, ഹാരിസ് റൗഫ് എന്നിവരാണ് എറിഞ്ഞിട്ടത്. 44 പന്തില്‍ 50 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ശ്രീലങ്ക രണ്ട് മാറ്റം വരുത്തി. ചാമിക കരുണാരത്നെ, മഹീഷ് തീക്ഷണ എന്നിവര്‍ ടീമിലെത്തി. ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ഏറെക്കുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.
ബൗളിങ് തിരഞ്ഞെടുത്ത പാക് നായകന്‍ സല്‍മാന്‍ ആഗയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു അബുദാബി സ്റ്റേഡിയത്തില്‍ കണ്ടത്. ലങ്കന്‍ ബാറ്റിങ് നിരയെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കാന്‍ പാക് ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ പുറത്താക്കി ഷഹീന്‍ അഫ്രീദി മികച്ച തുടക്കം സമ്മാനിച്ചു. പിന്നാലെ പതും നിസ്സങ്കയെയും ഷഹീന്‍ കൂടാരം കയറ്റി. നിസ്സങ്ക എട്ടുറണ്‍സ് മാത്രമാണ് എടുത്തത്.
മൂന്നാം വിക്കറ്റില്‍ കുശാല്‍ പെരേരയും നായകന്‍ ചരിത് അസലങ്കയും ചേര്‍ന്ന് ടീമിനെ അല്‍പ്പമൊന്ന് കരകയറ്റി. എന്നാല്‍ ഇരുവര്‍ക്കും ദീര്‍ഘനേരം പിടിച്ചുനില്‍ക്കാനമായില്ല. കുശാല്‍ പെരേര 12 പന്തില്‍ നിന്ന് 15 റണ്‍സെടുത്തപ്പോള്‍ അസലങ്ക 19 പന്തില്‍ നിന്ന് 20 റണ്‍സുമെടുത്തു. പിന്നാലെ ദസുന്‍ ഷാനക ഡക്കായി മടങ്ങിയതോടെ ലങ്ക 58-5 എന്ന നിലയിലായി. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ കാമിന്ദു മെന്‍ഡിസാണ് ലങ്കയ്ക്ക് രക്ഷയായത്. അര്‍ധസെഞ്ചുറി തികച്ച മെന്‍ഡിസ് ടീമിനെ നൂറുകടത്തി. മെന്‍ഡിസ് 44 പന്തില്‍ നിന്ന് 50 റണ്‍സെടുത്തു. വാനിന്ദു ഹസരങ്ക 15 റണ്‍സെടുത്ത് പുറത്തായി. ചാമി കരുണരത്നെ 17 റണ്‍സെടുത്ത് പുറത്താവാതെനിന്നു. ഒടുക്കം 133 റണ്‍സിന് ലങ്കന്‍ ഇന്നിങ്സ് അവസാനിച്ചു. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി മൂന്നുവിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫും ഹുസ്സൈന്‍ താലത്തും രണ്ട് വീതം വിക്കറ്റെടുത്തു.
ശ്രീലങ്ക: പതും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുസല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, ചാമിക കരുണരത്‌നെ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.
പാകിസ്ഥാന്‍: സയിം അയൂബ്, സാഹിബ്സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആഘ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.