ഓസീസിനെതിരെയും സിക്‌സര്‍ പൂരം; പത്ത് മത്സരങ്ങളില്‍ നിന്നും 41 സിക്‌സര്‍; യൂത്ത് ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; മുന്‍ ഇന്ത്യന്‍താരം ഉന്മുക്ത് ചന്ദിനെ പിന്നിലാക്കി പതിനാലുകാരന്‍
യൂത്ത് ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി
ബ്രിസ്ബെയ്ന്‍: യൂത്ത് ഏകദിന ക്രിക്കറ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. യൂത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന നേട്ടമാണ് പതിനാലുകാരനായ താരം സ്വന്തമാക്കിയത്. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വൈഭവിന്റെ സ്വന്തം പേരിലാക്കിയത്. 38 സിക്സര്‍ നേടിയ മുന്‍ ഇന്ത്യന്‍ താരം ഉന്‍മുക്ത് ചന്ദിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്. യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും വൈഭവിന്റെ പേരിലാണ്.
ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റനായിരുന്ന ഉന്മുക്ത് 21 മത്സരങ്ങളില്‍ നിന്ന് നേടിയ 38 സിക്‌സറുകളെന്ന റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. 21 ഇന്നിങ്‌സുകളില്‍ നിന്ന് ഉന്മുക്ത് നേടിയ 38 സിക്‌സറെന്ന റെക്കോര്‍ഡ് വെറും 10 ഇന്നിങ്‌സുകളില്‍ നിന്നാണ് വൈഭവ് മറികടന്നത്.
ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ വൈഭവ് അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 68 പന്തില്‍ നിന്ന് 70 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ച് ഫോറും ആറു സിക്സറും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. അതോടെ യൂത്ത് ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന നേട്ടവും 14-കാരന്‍ സ്വന്തമാക്കി. നിലവില്‍ 10 ഇന്നിങ്സുകളില്‍ നിന്നായി 41 സിക്സറാണ് വൈഭവ് അടിച്ചെടുത്തത്. 540 റണ്‍സാണ് സമ്പാദ്യം. 35 സിക്സര്‍ നേടിയ ബംഗ്ലാദേശ് താരം സവാദ് അബ്രാറാണ് പട്ടികയില്‍ മൂന്നാമത്.
അതിവേഗ സെഞ്ചുറി നേട്ടത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ 52-പന്തില്‍ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാന്‍ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ല്‍ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും വൈഭവാണ്. ബംഗ്ലാദേശിന്റെ നജ്മുള്‍ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2013-ല്‍ സെഞ്ചുറി നേടുമ്പോള്‍ 14 വര്‍ഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.