'അന്ന് ഞാനും ശ്രീശാന്തും തമ്മില്‍ നടന്നത് ശരിയായ കാര്യമായിരുന്നില്ല; ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു; ഞാന്‍ മാപ്പ് പറഞ്ഞതാണ്; ആ വീഡിയോ പുറത്തുവിട്ടതിന് പിന്നിലെ ഉദ്ദേശ്യമെന്ത്? ലളിത് മോദിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍

ലളിത് മോദിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍

Update: 2025-10-06 11:27 GMT

ന്യൂഡല്‍ഹി: പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐപിഎല്‍ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്, മലയാളി പേസര്‍ ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ ഒരു പോഡ്കാസ്റ്റിനിടെ മുന്‍ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോദി പുറത്തുവിട്ടിരുന്നു. എന്നാല്‍ ആ വീഡിയോ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം പുരത്തുവിട്ടതിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന ചോദ്യവുമായി ലളിത് മോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. അത് ഇപ്പോള്‍ പുറത്തുവിടേണ്ടിയിരുന്നില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ അതിന് പിന്നിലെ ലക്ഷ്യമെന്തായിരുന്നുവെന്നും ചോദിച്ചു.

2008-ഐപിഎല്ലില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടതാണ് ഹര്‍ഭജന് പ്രകോപിപ്പിച്ചത്. താന്‍ സത്യമാണ് പറഞ്ഞതെന്നും ഇതിന് മുമ്പ് ആരും തന്നോട് ഇതേപറ്റി ചോദിച്ചിരുന്നില്ലെന്നുമാണ് ഇതുസംബന്ധിച്ച് മോദി വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് ഹര്‍ഭജന്റെ വിമര്‍ശനം.

അത് പരസ്യമാക്കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല. ഓരോരുത്തരും വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. സംഭവിച്ചതെന്തായാലും അത് തെറ്റായിരുന്നു. അതിന് ഞാന്‍ ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്. അന്ന് ഞാനും ശ്രീശാന്തും തമ്മില്‍ നടന്നത് ശരിയായ കാര്യമായിരുന്നില്ല. ഒരു കായികതാരം എന്ന നിലയില്‍ ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ആളുകള്‍ അവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുന്നു. അന്ന് എനിക്ക് വേണ്ടത്ര വിവേകമുണ്ടായിരുന്നെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നില്ല. - ഹര്‍ഭജന്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

18 വര്‍ഷം മുന്‍പ് നടന്ന സംഭവം വീണ്ടും പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്നും ഹര്‍ഭജന്‍ ചോദിച്ചു. അത് പുറത്തുവരാതിരിക്കുന്നതായിരുന്നു നല്ലതെന്ന് എനിക്ക് തോന്നുന്നു. കാരണം അതിന്റെ ആവശ്യമില്ലായിരുന്നു. ആ വീഡിയോ പുറത്തുവിടുമ്പോള്‍ അവര്‍ എന്താണ് ചിന്തിച്ചതെന്ന് എനിക്കറിയില്ല. ഞാനായിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ അത്തരമൊരു വീഡിയോ പുറത്തുവിടില്ലായിരുന്നു- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ പുറത്തുവന്നത് കുടുംബത്തെ ഏറെ വേദനിപ്പിച്ചുവെന്നാണ് നേരത്തെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി പ്രതികരിച്ചത്. ഇത് കളിക്കാരെ വേദനിപ്പിക്കുക മാത്രമല്ല, തങ്ങളുടേതല്ലാത്ത തെറ്റിന്റെ പേരില്‍ ചോദ്യങ്ങളും നാണക്കേടും നേരിടേണ്ടിവരുന്ന അവരുടെ നിരപരാധികളായ കുട്ടികളെ മുറിവേല്‍പ്പിക്കുന്നത് കൂടിയാണ്. അതിനാല്‍ ഇരുവര്‍ക്കുമെതിരേ കേസെടുക്കണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ശ്രീശാന്ത് ഇരയായിരുന്നുവെന്നും ചോദിച്ച ചോദ്യത്തിന് സത്യം മാത്രമാണ് പറഞ്ഞതെന്നുമാണ് ലളിത് മോദി വിശദീകരിച്ചത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമൊത്തുള്ള ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെയാണ് 18 വര്‍ഷം മുമ്പുള്ള, ഇതുവരെ ആരും കാണാത്ത വീഡിയോ ലളിത് മോദി പുറത്തുവിട്ടത്.

മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് അന്നത്തെ കിങ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം 2008-ല്‍ ഐപിഎല്‍ പ്രഥമ സീസണിനെ വിവാദത്തിലാക്കിയ ഒന്നായിരുന്നു. അന്ന് ഹര്‍ഭജനെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഈ സംഭവം കഴിഞ്ഞ് 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നത്തെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.

Tags:    

Similar News