'പ്രോത്സാഹനത്തിന്റെ പേരില്‍ കെട്ടിപ്പിടിക്കും; നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തും; ആര്‍ത്തവം കഴിഞ്ഞില്ലെ എന്ന് ചോദിച്ചു; പല തവണ മോശം അനുഭവം'; വനിതാ ക്രിക്കറ്റ് താരത്തിന്റെ ലൈംഗികാരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
ധാക്ക: ലോകകപ്പിനിടെ ലൈംഗികാതിക്രമത്തിനിരയായെന്ന ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ജഹനാര ആലത്തിന്റെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). മുന്‍ സെലക്ടര്‍ അടക്കം ദേശീയ ടീം മാനേജ്‌മെന്റിലെ അംഗങ്ങള്‍ക്കെതിരായ ജഹനാരയുടെ ആരോപണം വളരെ ആത്മാര്‍ഥതയോടെ അന്വേഷിക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടുമെന്നും ബിസിബി വനിതാ വിഭാഗം ചെയര്‍മാന്‍ അബ്ദുര്‍ റസാഖ് പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജഹനാര ഉന്നയിച്ച ലൈംഗിക പീഡന ആരോപണം ബംഗ്ലദേശ് കായികമേഖലയെ ആകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ആരോപണങ്ങള്‍ ആദ്യം അവഗണിച്ചെങ്കിലും എല്ലാ കോണുകളില്‍നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് അന്വേഷണം നടത്താമെന്ന് ബിസിബി സമ്മതിച്ചത്.
കഴിഞ്ഞ ദിവസമാണ് പത്രപ്രവര്‍ത്തകന്‍ റിയാസാദ് അസിമിന് നല്‍കിയ യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുന്‍ വനിതാ ടീം സെലക്ടറും മാനേജറുമായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ ദേശീയ ടീം അംഗം കൂടിയായ മഞ്ജുറുള്‍ ഇസ്ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്‌മൂദി, സര്‍ഫറാസ് ബാബു എന്നിവര്‍ക്കെതിരെയായിരുന്നു ജഹനാരയുടെ ആരോപണങ്ങള്‍.
വനിതാ താരത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി ബിസിബി അറിയിച്ചു. 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ കണ്ടെത്തലുകളും ശുപാര്‍ശകളും സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. തങ്ങളുടെ എല്ലാ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതവും ആദരണീയവും പ്രൊഫഷണലുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ബിസിബി പ്രതിജ്ഞാബദ്ധമാണ്. ബോര്‍ഡ് അത്തരം കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും. ബിസിബി പ്രസ്താവനയില്‍ വ്യക്തമാക്കി.
''ഈ വിഷയം ഞങ്ങള്‍ ഗൗരവമായി കാണുന്നു. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. കാരണം, ഇത് ഒരു ക്രിക്കറ്റ് താരത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് വനിതാ ക്രിക്കറ്റിന്റെ മൊത്തത്തിലുള്ള അഭിമാനപ്രശ്‌നമാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ തീര്‍ച്ചയായും ആലോചിക്കും. നിലവില്‍, ഞങ്ങളുടെ ബിസിബി പ്രസിഡന്റ് ബുള്‍ബുള്‍ (അമിനുള്‍ ഇസ്ലാം) ഭായ് വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയാലുടന്‍ ഞങ്ങള്‍ അദ്ദേഹവുമായി ഇരുന്ന് സംസാരിച്ച് അടുത്ത നടപടിയെക്കുറിച്ച് തീരുമാനമെടുക്കും.'' അബ്ദുര്‍ റസാഖ് പറഞ്ഞു.
''ആവശ്യമെങ്കില്‍, അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നു സഹായം തേടും. ഈ അന്വേഷണത്തില്‍ ഒന്നും വിട്ടുകളയാന്‍ ആഗ്രഹിക്കുന്നില്ല. വനിതാ താരങ്ങള്‍ സുരക്ഷിതമായ അന്തരീക്ഷത്തില്‍ കളിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കണം. അങ്ങനെയല്ലെങ്കില്‍, ഭാവിയില്‍ ക്രിക്കറ്റ് കളിക്കാന്‍ ആളുകള്‍ക്ക് അവരുടെ പെണ്‍മക്കളെയോ ബന്ധുക്കളെയോ അയയ്ക്കുന്നതിന് വിശ്വാസം നഷ്ടപ്പെടും.'' അബ്ദുര്‍ റസാഖ് കൂട്ടിച്ചേര്‍ത്തു.
2022ലെ വനിതാ ലോകകപ്പിനിടെ മുന്‍ വനിതാ വിഭാഗം സെലക്ടറും മാനേജരുമായ മഞ്ജുരുള്‍ ഇസ്ലാം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ജഹനാര ആലത്തിന്റെ ആരോപണം. നിലവില്‍ സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്തിരിക്കുന്ന 32 വയസ്സുകാരിയായ താരം, ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്.
മഞ്ജുരുള്‍ തന്നെ മോശമായ രീതിയില്‍ സമീപിച്ചെന്നും വിസമ്മതിച്ചപ്പോള്‍ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയെന്നും ജഹനാര ആരോപിച്ചു. ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവനായിരുന്ന അന്തരിച്ച തൗഹിദ് മഹ്‌മൂദിനെ 'വേണ്ട പോലെ കാണണമെന്ന്' ബോര്‍ഡിലെ ജീവനക്കാരനായ സര്‍ഫറാസ് ബാബു തന്നോട് പറഞ്ഞെന്നും ജഹനാര ആരോപിച്ചു. മഞ്ജുരുള്‍ അനുചിതമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പ്രോത്സാഹനത്തിന്റെ പേരില്‍ പലപ്പോഴും വനിതാ താരങ്ങളെ കെട്ടിപ്പിടിക്കുകയോ നെഞ്ചില്‍ അമര്‍ത്തുകയോ ചെയ്യുമെന്നും ജഹനാര വെളിപ്പെടുത്തി. ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനു കത്തെഴുതി ഇക്കാര്യം പരിശോധിക്കാന്‍ അപേക്ഷിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും താരം വ്യക്തമാക്കി.
ജഹനാരയുടെ ആരോപണം
''ഒരു തവണയല്ല, പല തവണ എനിക്ക് മോശം അനുഭവങ്ങളും സമീപനവും നേരിടേണ്ടിവന്നിട്ടുണ്ട്. ടീമിനുള്ളില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പോലും പല കാര്യങ്ങളും തുറന്നുപറയാന്‍ കഴിയില്ല. പ്രത്യേകിച്ചും അത് നിങ്ങളുടെ വരുമാന മാര്‍ഗം കൂടിയാകുമ്പോള്‍. നമ്മള്‍ അറിയപ്പെടുന്നയാളായാല്‍, താത്പര്യമുണ്ടെങ്കില്‍ പോലും പല കാര്യങ്ങളും പറയാനോ പ്രതിഷേധിക്കാനോ കഴിയില്ല.'' - ജഹനാര പറഞ്ഞു.
ഈ വിഷയത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നും പിന്തുണ തേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വനിതാ കമ്മിറ്റി മേധാവി നാദേല്‍ ചൗധരി പോലും താന്‍ നേരിട്ട പീഡനം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും ജഹനാര പറഞ്ഞു. ബിസിബി ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി പലതവണ തന്റെ പരാതികള്‍ അവഗണിച്ചുവെന്നും താരം ആരോപിച്ചു.
''ടീം കോര്‍ഡിനേറ്റര്‍ സര്‍ഫറാസ് ബാബു വഴിയാണ് തൗഹീദ് ഭായ് തന്നെ സമീപിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ എന്നോട് മോശമായി പെരുമാറുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ മിണ്ടാതിരിക്കാനും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചു. ഞാന്‍ തന്ത്രപരമായി ആ ശ്രമം ഒഴിവാക്കിയപ്പോള്‍ പിറ്റേന്ന് മുതല്‍ മഞ്ജു ഭായ് (മഞ്ജുറുള്‍ ഇസ്ലാം) എന്നെ അപമാനിക്കാന്‍ തുടങ്ങി'' - ജഹനാര വീഡിയോയില്‍ പറഞ്ഞു.
''2022 ലോകകപ്പിനിടെയാണ് മഞ്ജു ഭായി വീണ്ടും മോശമായി സമീപിക്കുന്നത്. അതോടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംഭവിച്ച എല്ലാ കാര്യങ്ങളെല്ലാം ബിസിബിയെ അറിയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ നാദേല്‍ സാറിനോട് പലതവണ പറഞ്ഞു. എന്നാല്‍, അദ്ദേഹം ഒരു താത്കാലിക പരിഹാരം വാഗ്ദാനം ചെയ്യുമായിരുന്നു, പക്ഷേ താമസിയാതെ കാര്യങ്ങള്‍ പഴയപടിയായി'' - ജഹനാര പറയുന്നു.
മഞ്ജുറുളിന് വനിതാ കളിക്കാരുമായി അമിതമായി അടുക്കുന്ന ശീലമുണ്ടെന്നും ജഹനാര വെളിപ്പെടുത്തി. ഈ സ്വഭാവം കാരണം പല വനിതാ ക്രിക്കറ്റ് താരങ്ങളും അദ്ദേഹത്തെ ഒഴിവാക്കാറാണ് പതിവെന്നും താരം ചൂണ്ടിക്കാട്ടി.
''ഒരിക്കല്‍ ഞങ്ങളുടെ പ്രീ-ക്യാമ്പില്‍, ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍, അയാള്‍ വന്ന് എന്റെ തോളില്‍ കൈ വച്ചു. പെണ്‍കുട്ടികളെ അടുത്തേക്ക് വലിച്ചിഴയ്ക്കുന്നതും, നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിക്കുന്നതും, അവരുടെ ചെവിക്ക് സമീപം സംസാരിക്കുന്നതുമെല്ലാം അയാള്‍ക്ക് ഒരു ശീലമായിരുന്നു. മത്സരങ്ങള്‍ക്ക് ശേഷം കൈകൊടുക്കുമ്പോള്‍ പോലും അയാള്‍ക്ക് ഞങ്ങളെ അടുത്തേക്ക് വലിക്കാന്‍ കഴിയാത്തവിധം ഞങ്ങള്‍ ദൂരെ നിന്നായിരുന്നു കൈകള്‍ നീട്ടിയിരുന്നത്. അതാ അയാള്‍ കെട്ടിപ്പിടിക്കാന്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ ടീം അംഗങ്ങള്‍ ആശങ്കയോടെ പറയുമായിരുന്നു.''
''ഒരിക്കല്‍ അയാള്‍ എന്റെ അടുത്തുവന്ന്, എന്റെ കൈ പിടിച്ചു, എന്റെ തോളില്‍ കൈവെച്ചു, എന്റെ ചെവിയോട് ചേര്‍ന്ന്, നിങ്ങളുടെ ആര്‍ത്തവം എത്ര ദിവസമായി എന്ന് ചോദിച്ചു. ഐസിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആരോഗ്യപരമായ കാരണങ്ങളാല്‍ ഫിസിയോകള്‍ കളിക്കാരുടെ ആര്‍ത്തവ ചക്രം ട്രാക്ക് ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന് ഇതിനകംതന്നെ അത് അറിയാമായിരുന്നു. ഒരു മാനേജര്‍ക്കോ സെലക്ടര്‍ക്കോ ആ വിവരങ്ങള്‍ എന്തിനാണ് ആവശ്യമായി വന്നതെന്ന് എനിക്കറിയില്ല. 'അഞ്ച് ദിവസം' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, 'അഞ്ച് ദിവസമോ? അത് ഇന്നലെ അവസാനിക്കേണ്ടതല്ലേ എന്നും നിങ്ങളുടെ ആര്‍ത്തവം കഴിയുമ്പോള്‍, എന്നോട് പറയൂ എന്നുമായിരുന്നു അയാള്‍ പറഞ്ഞത്'', ജഹനാര പറയുന്നു.
ബംഗ്ലാദേശിനായി 135 വൈറ്റ് ബോള്‍ മത്സരങ്ങള്‍ കളിച്ച പേസര്‍ ജഹനാര ആലം, ഏകദിനത്തില്‍ 48 വിക്കറ്റുകളും ട്വന്റി20യില്‍ 60 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
