പ്രതിരോധ കോട്ടയായി ആര്യന്‍ പാണ്ഡെയും കുമാര്‍ കാര്‍ത്തികേയയും; എട്ട് വിക്കറ്റ് എറിഞ്ഞിട്ടിട്ടും മധ്യപ്രദേശിനെ വീഴ്ത്താനായില്ല; രഞ്ജി ത്രില്ലറില്‍ കേരളത്തിന് സമനില മാത്രം
ഇന്‍ഡോര്‍: രഞ്ജി ട്രോഫിയിലെ ആവേശകരമായ മത്സരത്തില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് സമനില മാത്രം. കേരളം മുന്നോട്ടുവെച്ച 404 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശിന്റെ ഇന്നിങ്സ് നാലാം ദിനം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു. മധ്യപ്രദേശിന്റെ അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ കേരളം പരമാവധി ശ്രമിച്ചെങ്കിലും ആര്യന്‍ പാണ്ഡെയും(23) കുമാര്‍ കാര്‍ത്തികേയയും(16) വിക്കറ്റ് നഷ്ടപ്പെടുത്താതെ മധ്യപ്രദേശിനായി സമനില പിടിച്ചുവാങ്ങി. ആദ്യ ഇന്നിങ്‌സ് ലീഡുള്ളതിനാല്‍ കേരളത്തിന് മൂന്നുപോയന്റ് ലഭിക്കും. കേരളം: 281, 314-5 ഡിക്ല. മധ്യപ്രദേശ്: 192, 167-8
ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് ആറ് പോയന്റ് സ്വന്തമാക്കാനാവുമായിരുന്നു. രണ്ട് ഇന്നിംഗ്‌സിലും കേരളത്തിനായി മികച്ച പ്രകടനം നടത്തിയ ബാബാ അപരാജിത് ആണ് കളിയിലെ താരം. മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റിന് ശേഷം ജനുവരിയില്‍ തിരുവനന്തപുരത്ത് ചണ്ഡീഗഡിനെതിരെ ആണ് കേരളത്തിന്റെ അടുത്ത മത്സരം. എട്ട് ടീമുകളുള്ളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 8 പോയന്റമായി ഏഴാം സ്ഥാനത്താണ് കേരളം. 21 പോയന്റുമായി കര്‍ണാടകയാണ് ഒന്നാമത്. 18 പോയന്റുള്ള മധ്യപ്രദേശ് രണ്ടാം സ്ഥാനത്തും 17 പോയന്റുള്ള മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമുണ്ട്. 13 പോയന്റുള്ള സൗരാഷ്ട്രയാണ് നാലാമത്. 11 പോയന്റ് വീതമുള്ള ഗോവയും പഞ്ചാബുമാണ് യഥാക്രമം അഞ്ചും ആറും സ്ഥാനത്ത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയില്‍ നാലാംദിനം രണ്ടാമിന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളത്തിനായി സച്ചിന്‍ ബേബിയും ബാബ അപരാജിത്തും സെഞ്ചുറി നേടി. ഇരുവരും മധ്യപ്രദേശ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ കേരളത്തിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചു. എന്നാല്‍ സെഞ്ചുറി തികച്ചതിന് പിന്നാലെ അപരാജിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 105 റണ്‍സെടുത്താണ് താരം മടങ്ങിയത്. പകരമെത്തിയ അഹമ്മദ് ഇമ്രാനൊപ്പം ചേര്‍ന്ന് സച്ചിന്‍ ബേബി ടീമിനെ മുന്നൂറിലെത്തിച്ചു. 24 റണ്‍സെടുത്ത് അഹമ്മദ് ഇമ്രാന്‍ പുറത്തായി. ഒടുവില്‍ 314-5 എന്ന നിലയില്‍ കേരളം ഡിക്ലയര്‍ ചെയ്തു. സച്ചിന്‍ ബേബി 122 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
കേരളം ഡിക്ലയര്‍ ചെയ്തതോടെ മധ്യപ്രദേശിന്റെ വിജയലക്ഷ്യം 404 റണ്‍സായി. രണ്ട് സെഷനില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയാല്‍ കേരളത്തിനും ജയിക്കാമെന്ന സ്ഥിതി. ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിനെ കേരളം തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കി. മുന്‍നിര വിക്കറ്റുകള്‍ പിഴുത് കേരള ബൗളര്‍മാര്‍ കരുത്തുകാട്ടി. ഹര്‍ഷ് ഗാവാലി(0), യാഷ് ദുബെയ്(19), ഹിമാന്‍ഷു (26) എന്നിവര്‍ കൂടാരം കയറിയതോടെ മധ്യപ്രദേശ് 52-3 എന്ന നിലയിലായി. ഹര്‍പ്രീത് സിങ് ഭാട്ട്യയും(13) പിന്നാലെ 18 റണ്‍സെടുത്ത ശുഭം ശര്‍മ റണ്ണൗട്ടായും പുറത്തായതോടെ ടീം 78-5 എന്ന നിലയിലേക്ക് വീണു. നാലുവിക്കറ്റുകളും വീഴ്ത്തി മധ്യപ്രദേശിനെ കുരുക്കിയത് ശ്രീഹരി എസ് നായരായിരുന്നു.
31 റണ്‍സെടുത്ത സരന്‍ഷ് ജെയിനാണ് മധ്യപ്രദേശിനായി അല്‍പ്പമെങ്കിലും പൊരുതിയത്. റിഷഭ് ചൗഹാന്‍(7), അര്‍ഷാദ് ഖാന്‍ എന്നിവരേയും പുറത്താക്കി കേരളം ജയത്തിനരികെയെത്തി. എട്ടുവിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലേക്ക് മധ്യപ്രദേശ് വീണു. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ കേരളത്തിന് ജയിക്കാമെന്ന നില. എന്നാല്‍ ആര്യന്‍ പാണ്ഡെയും(23) കുമാര്‍ കാര്‍ത്തികേയയും(16) വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്നു. കേരള ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും ഇരുവരേയും പുറത്താക്കാനായില്ല. ഒടുവില്‍ 167-8 എന്ന നിലയില്‍ നാലാം ദിനം കളിയവസാനിച്ചു.
നേരത്തേ ആദ്യ ഇന്നിങ്സില്‍ കേരളം 281-ന് പുറത്തായിരുന്നു. സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ പുറത്തായ ബാബ അപരാജിതിന്റെ (98) മികവിലാണ് കേരളം ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഭിജിത് പ്രവീണും (60) അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍ അഭിഷേക് നായര്‍ (47) മികച്ച തുടക്കം നല്‍കി. മധ്യപ്രദേശിനായി അര്‍ഷദ് ഖാന്‍ നാലും സാരംശ് ജെയിന്‍ മൂന്നും വിക്കറ്റുകള്‍ നേടി.
ഒന്നാമിന്നിങ്‌സില്‍ മധ്യപ്രദേശിനെ 192 റണ്‍സിന് ഓള്‍ഔട്ടാക്കിയ കേരളം 89 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു. 67 റണ്‍സെടുത്ത സാരന്‍ഷ് ജെയിനാണ് ടീമിന്റെ ടോപ് സ്‌കോര്‍. ആര്യന്‍ പാണ്ഡെ 36 റണ്‍സെടുത്തു. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം നാലുവിക്കറ്റും എം.ഡി. നിധീഷ് മൂന്നുവിക്കറ്റുമെടുത്തു. വി. അഭിജിത് പ്രവീണ്‍, ബാബ അപരാജിത്, ശ്രീഹരി എസ്. നായര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുമുണ്ട്.
