'ഗംഭീർ ഗോ ഡൗൺ' മുദ്രാവാക്യവുമായി ആരാധകർ; നിശബ്ദരാകാൻ ആംഗ്യം കാട്ടി മുഹമ്മദ് സിറാജ്; പ്രകോപിതനായി സഹ പരിശീലകൻ; വൈറലായി വീഡിയോ

Update: 2025-11-27 14:53 GMT

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ പ്രതിഷേധവുമായി ആരാധകർ. ഗുവാഹത്തിയിൽ നടന്ന മത്സരശേഷം സമ്മാനദാനച്ചടങ്ങിനിടെയാണ് ഗ്യാലറിയിൽ നിന്ന് "ഗംഭീർ ഗോ ഡൗൺ" എന്ന മുദ്രാവാക്യം ഉയർന്നത്. ആരാധകർ കൂട്ടത്തോടെ മുദ്രാവാക്യം വിളിക്കുമ്പോഴും ഗംഭീർ പ്രതികരിച്ചില്ല.

സംഭവത്തിനിടെ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ബൗണ്ടറിക്ക് അരികിലെത്തി ആരാധകരോട് നിശബ്ദരാകാൻ ആംഗ്യം കാട്ടിയെങ്കിലും പ്രതിഷേധം തുടർന്നു. തൊട്ടുപിന്നാലെ ബൗണ്ടറി റോപ്പിന് പുറത്ത് ഗ്യാലറിക്ക് സമീപം നിന്ന ഇന്ത്യൻ ടീം ബാറ്റിംഗ് കോച്ച് സീതാൻഷു കൊടക് ആരാധകർക്ക് നേരെ തിരിഞ്ഞ് കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇത് ഗംഭീറിന് കീഴിൽ ഇന്ത്യ നാട്ടിൽ നേരിടുന്ന രണ്ടാമത്തെ ടെസ്റ്റ് പരമ്പര തോൽവിയാണ്. കഴിഞ്ഞ വർഷം ന്യൂസിലൻഡിനോട് 0-3ന് നാണംകെട്ട ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 0-2നാണ് ഇപ്പോൾ തോറ്റത്. ഗംഭീർ പരിശീലകനായിരിക്കെ ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനും എതിരെ മാത്രമാണ് ഇന്ത്യക്ക് ടെസ്റ്റ് പരമ്പരകൾ നേടാനായത്.

ആരാധകരുടെ പ്രതിഷേധവും മോശം പ്രകടനങ്ങളും ഉണ്ടായിരുന്നിട്ടും ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐ. ടീം തലമുറ മാറ്റത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഗംഭീറിന് പൂർണ്ണ പിന്തുണ നൽകി മുന്നോട്ട് പോകാനാണ് ബോർഡിന്റെ തീരുമാനം. ടെസ്റ്റ് കോച്ചായി വിവിഎസ് ലക്ഷ്മണിനെ നിയമിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഫെബ്രുവരിയിൽ നടക്കുന്ന ടി20 ലോകകപ്പ് വരെ ഗംഭീർ തുടരാനാണ് സാധ്യത. 

Tags:    

Similar News