ആരാധകരുമായി ബന്ധം സൂക്ഷിക്കാന്‍ ആഗോള ഫുട്ബാള്‍ ബ്രാന്‍ഡുകളുടെ മാതൃകയിലേക്ക് ഐ.പി.എല്‍ ടീമുകളും; പുതിയ ബിസിനസ് സംരഭങ്ങള്‍; കഫേകളുമായി മുംബൈ ഇന്ത്യന്‍സ് അടക്കമുള്ള ടീമുകള്‍

Update: 2025-12-11 10:49 GMT

മുംബൈ: ക്രിക്കറ്റ് മൈതാനത്തെ ആരാധകരുമായുള്ള ബന്ധം പുറത്തേക്കും വ്യാപിപ്പിക്കാന്‍ പുതിയ ബിസിനസ് പദ്ധതികളുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികള്‍. ആഗോള ഫുട്ബാള്‍ ബ്രാന്‍ഡുകളുടെ മാതൃകയിലാണ് ഐ.പി.എല്‍ ടീമുകളുടെ നീക്കം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എഫ്.സി ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് തുടങ്ങിയ ലോക പ്രശ്‌സ്ത ഫുട്ബാള്‍ ക്ലബുകള്‍ വിവിധ ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളും ബിസിനസുകളും നടത്തുന്നുണ്ട്. ഇതേ മാതൃകയില്‍ വിവിധ ബിസിനസ് സംരഭങ്ങള്‍ തയ്യാറാക്കാനാണ് ടീമുകളുടെ നീക്കം.

രാജ്യത്തെ കായിക മേഖലയിലെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡായി മാറിയതിന് പിന്നാലെയാണ് ഐ.പി.എല്‍ ടീമുകള്‍ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിയത്. 2008ലാണ് ഐ.പി.എല്‍ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം കുറിച്ചത്. എന്നാല്‍, വര്‍ഷത്തില്‍ രണ്ട് മാസം നീളുന്ന ഒരു സീസണില്‍ മാത്രമാണ് ഐ.പി.എല്‍ ടീമുകള്‍ കളത്തിലിറങ്ങുന്നത്. വര്‍ഷം മുഴുവന്‍ വരുമാനം നേടാമെന്നതും ആരാധകരുമായി ഹൃദയ ബന്ധം കാത്തു സൂക്ഷിക്കാമെന്നതുമാണ് ടീമുകളെ സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് വ്യവസായ രംഗത്തെ വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേസ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകളാണ് പുതിയ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഐ.പി.എല്‍ ടീമുകളില്‍ മുംബൈ ഇന്ത്യന്‍സാണ് ഏറ്റവും ഒടുവില്‍ കഫേ തുടങ്ങുന്നത്. എം.ഐ ബ്രാന്‍ഡിലുള്ള കഫേകള്‍ മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു തിരക്കേറിയ നഗരങ്ങളിലും സ്ഥാപിക്കാനാണ് കമ്പനിയുടെ ആലോചന. മുംബൈ നഗരത്തില്‍ തന്നെ പലയിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടുത്ത ഐ.പി.എല്‍ സീസണിന്റെ മുമ്പ് പുതിയ പാര്‍ട്ണറെ കണ്ടെത്തുകയും തുടര്‍ന്ന് ആദ്യ കഫേ തുടങ്ങാനുമാണ് പദ്ധതി.

ഡല്‍ഹി കാപിറ്റലും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവും നേരത്തെ തന്നെ കഫേ, റസ്റ്ററന്‍ഡ് ബിസിനസ് രംഗത്ത് സജീവമാണ്. നിലവില്‍ ബംഗളൂരുവില്‍ കഫേകളുള്ള റോയല്‍ ചാലഞ്ചേഴ്‌സ്, രാജ്യത്തെയും വിദേശത്തെയും മറ്റു നഗരങ്ങളില്‍ പുതിയ 20 ഔട്ട്‌ലെറ്റുകള്‍കൂടി സ്ഥാപിക്കാനുള്ള ആലോചനയിലാണ്. ജയ്പൂരില്‍ ക്യുയര്‍ഫൂഡ്‌സിന്റെ ഉടമസ്ഥതയിലുള്ള ഒലിയോ പിസ രാജസ്ഥസ്ഥാന്‍ റോയല്‍സുമായി ചേര്‍ന്ന് ഒലിയോ ഡഗൗട്ട് എന്ന കഫേകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണിന്റെ തൊട്ടുമുന്നേയായിരുന്നു ഒലിയോ ഡഗൗട്ടിന്റെ വരവ്.

ബ്രാന്‍ഡുകള്‍ സ്‌പോട്‌സ് പ്രമേയമാക്കിയുള്ള റസ്റ്ററന്റുകളിലേക്കും കഫേകളിലേക്കും വരുന്നത് ആഗോള തലത്തില്‍ ഏറെ പ്രചാരണത്തിലുള്ള ബിസിനസ് തന്ത്രമാണെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അജിമോന്‍ ഫ്രാന്‍സിസ് പറഞ്ഞു. ടീമുകളുമായി ആത്മ ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന യുവതലറമുറ ആരാധകര്‍ക്കിടയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനും വരുമാനം കണ്ടെത്താനും ഐ.പി.എല്‍ ടീമുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വൈദഗ്ധ്യമില്ലാത്ത രംഗത്ത് ബിസിനസ് നടത്തുന്നത് ഐ.പി.എല്‍ ടീമുകളുടെ പ്രതിച്ഛായയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഫ്രാന്‍സിസ് മുന്നറിയിപ്പ് നല്‍കി.

Similar News