ഒടിഞ്ഞ കൈയുമായി ബാറ്റിംഗിനിറങ്ങിയ സഹതാരം; സച്ചിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത് ആ സെഞ്ചുറിയിൽ; വർഷങ്ങൾക്ക് മുമ്പ് നൽകിയ വാക്ക് പാലിച്ചത് ഇങ്ങനെ; തുറന്ന് പറഞ്ഞ് മാസ്റ്റർ ബ്ലാസ്റ്റർ

Update: 2025-12-11 12:31 GMT

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലേക്കെത്താൻ തന്നെ സഹായിച്ച സഹതാരത്തിന് 15 വർഷം മുമ്പ് നൽകിയ വാക്ക് പാലിച്ചതിൻ്റെ ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. ഗുർഷരണിന്റെ സച്ചിന്റെ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറക്കാൻ നിർണായകമായി. 1989-ൽ നടന്ന ഇറാനി കപ്പ് മത്സരത്തിലാണ് സംഭവം. റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി ഡൽഹിക്കെതിരെ കളിക്കുകയായിരുന്ന സച്ചിന്, ഈ മത്സരം ഇന്ത്യൻ ടീമിലേക്കുള്ള 'ട്രയൽ മാച്ച്' ആയിരുന്നു.

ഒരു ഘട്ടത്തിൽ ടീം തകർന്ന് 9 വിക്കറ്റുകൾ നഷ്ടപ്പെട്ട് നിൽക്കുമ്പോൾ സച്ചിൻ 85 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്നു. ഇനി ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടിയിരുന്നത് വൈസ് ക്യാപ്റ്റനായ ഗുർഷരൺ സിംഗ് ആയിരുന്നു. എന്നാൽ, ഒന്നാം ഇന്നിംഗ്സിൽ പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടായിരുന്നു. ഈ അവസ്ഥയിൽ ഗുർഷരൺ ബാറ്റിംഗിന് ഇറങ്ങാൻ സാധ്യതയുണ്ടായിരുന്നില്ല. എന്നാൽ, അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന രാജ് സിംഗ് ദുംഗർപൂരിന്റെ നിർബന്ധപ്രകാരം, തകർന്ന കൈയുമായി ഗുർഷരൺ ബാറ്റിംഗിനിറങ്ങാൻ തീരുമാനിച്ചു. 'ഗുർഷരൺ ബാറ്റിംഗിന് ഇറങ്ങേണ്ടിയിരുന്നില്ല. എങ്കിലും രാജ് സിംഗ് അദ്ദേഹത്തോട് ടീമംഗത്തെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു,' സച്ചിൻ ഓർമ്മിച്ചു.

ഗുർഷരൺ സിംഗിന്റെ നിർണായക പിന്തുണയോടെ സച്ചിൻ തന്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി (103) പൂർത്തിയാക്കി. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 36 റൺസാണ് കൂട്ടിച്ചേർത്തത്. 'അങ്ങനെ ഗുർഷരൺ വന്നു, എനിക്ക് സെഞ്ച്വറി നേടാൻ സഹായിച്ചു. അതിനുശേഷം ഞാൻ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഗുർഷരണും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി,' സച്ചിൻ പറഞ്ഞു. 'ഒടിഞ്ഞ കൈയുമായി അദ്ദേഹം ബാറ്റിംഗിന് വന്നത് വലിയ കാര്യമായിരുന്നു. ഞാൻ സെഞ്ച്വറി നേടിയോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. അദ്ദേഹത്തിന്റെ ആത്മാർത്ഥതയും മനോഭാവവുമാണ് എന്നെ ഏറ്റവുമധികം സ്പർശിച്ചത്' സച്ചിൻ കൂട്ടിച്ചേർത്തു.

1990-ൽ ന്യൂസിലൻഡ് പര്യടനത്തിനിടെ സച്ചിൻ ഗുർഷരൺ സിംഗിന് ഒരു വാക്ക് നൽകി. "ആ കാലങ്ങളിൽ വിരമിച്ച കളിക്കാർക്കായി ബെനിഫിറ്റ് മാച്ചുകൾ നടത്താറുണ്ടായിരുന്നു. അന്ന് ഞാൻ ഗുർഷരണിനോട് പറഞ്ഞു: 'ഗുഷി, എന്നെങ്കിലും നീ വിരമിക്കുമ്പോൾ ബെനിഫിറ്റ് മാച്ച് ലഭിക്കുകയാണെങ്കിൽ, ഞാൻ വന്ന് കളിക്കുമെന്ന് വാക്ക് തരുന്നു.'കൃത്യം 15 വർഷങ്ങൾക്ക് ശേഷം, 2005-ൽ ഗുർഷരൺ സിംഗിന്റെ ബെനിഫിറ്റ് മാച്ചിന് സമയമായപ്പോൾ സച്ചിൻ തന്റെ വാക്ക് പാലിച്ചു. അദ്ദേഹം ആ മത്സരത്തിൽ കളിച്ചു. 'ഞാൻ വാക്ക് പാലിച്ചു എന്ന് എനിക്ക് ഇന്ന് അഭിമാനത്തോടെ പറയാൻ കഴിയും,' സച്ചിൻ പറഞ്ഞു നിർത്തി.

Tags:    

Similar News