രണ്ടാം ട്വന്റി 20യില്‍ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിട്ടു; കട്ടക്കില്‍ ജയിച്ച ടീമുമായി മുള്ളന്‍പൂരിലും സൂര്യകുമാര്‍; സഞ്ജു ബഞ്ചിലിരിക്കും; ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍
മുല്ലന്‍പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ നിര്‍ണായക ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങിന് അയച്ചു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. അതോടെ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ബെഞ്ചിലിരിക്കേണ്ടി വരും. കട്ടക്കിലെ കൂറ്റന്‍ ജയത്തിന്റെ ആവേശമടങ്ങും മുന്‍പാണ് ടീം ഇന്ത്യ രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നത്. ആദ്യമായി പുരുഷ ക്രിക്കറ്റിലെ രാജ്യാന്തര മത്സരത്തിനു വേദിയൊരുക്കുന്ന ചണ്ഡിഗഡിലെ മുല്ലന്‍പുര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. കേശവ് മഹാരാജും ട്രിസ്റ്റന്‍ സ്റ്റബ്‌സും ആന്റിച്ച് നോര്‍ക്യയയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ റീസ ഹെന്‍ഡ്രിക്കസും ജോര്‍ജ് ലിന്‍ഡെയും ഓട്നീല്‍ ബാര്‍ട്മാനും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനുമിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായില്ല. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓപ്പണറായി വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തുടരും.
ഒന്നാം ട്വന്റി20യില്‍ ഉജ്വല വിജയം നേടിയെങ്കിലും ആശങ്കകളൊഴിയാത്ത മനസ്സുമായാണ് ഇന്ത്യന്‍ ടീം മുല്ലന്‍പുരിലേക്കെത്തുന്നത്. ബാറ്റിങ്ങില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഫോമിലാകാത്തത് ടീമിനെ വലയ്ക്കുന്നു. ട്വന്റി20യില്‍ ഓപ്പണറായി 3 സെഞ്ചറികള്‍ നേടിയ സഞ്ജു സാംസണെ തഴഞ്ഞാണ് ഗില്ലിന് ഈ പൊസിഷനില്‍ തുടരെ അവസരങ്ങളൊരുക്കുന്നത്. ഒന്നാം ട്വന്റി20യില്‍ നാലു റണ്‍സെടുത്ത് പുറത്തായി ഗില്‍ നിരാശപ്പെടുത്തിയതോടെ ടീം മാനേജ്‌മെന്റ് വീണ്ടും വിഷമത്തിലായി. ഇന്നും താളം കണ്ടെത്താനായില്ലെങ്കില്‍ ഗില്ലിനെതിരായ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടും. കഴിഞ്ഞ 21 ഇന്നിങ്‌സുകളില്‍ അര്‍ധ സെഞ്ചറികളില്ലാത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ടീമിന് താനൊരു ബാധ്യതയല്ലെന്നു തെളിയിക്കാന്‍ മികച്ച ഇന്നിങ്‌സ് കൂടിയേ തീരൂ.
ട്വന്റി20 ടീമിലേക്ക് ഉജ്വല തിരിച്ചുവരവ് നടത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. കട്ടക്കില്‍ 78 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ വെടിക്കെട്ട് അര്‍ധ സെഞ്ചറിയിലൂടെ (28 പന്തില്‍ 59 നോട്ടൗട്ട്) ഹാര്‍ദിക് കരകയറ്റുകയായിരുന്നു. 80 ശതമാനം റണ്‍സും ഹാര്‍ദിക് നേടിയത് ബൗണ്ടറികളിലൂടെയാണ്. കട്ടക്കില്‍ ദക്ഷിണാഫ്രിക്കയെ വെറും 74 റണ്‍സില്‍ ഓള്‍ഔട്ടാക്കിയ ബോളിങ് നിരയെക്കുറിച്ചും ഇന്ത്യയ്ക്ക് ആശങ്കകളില്ല.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സെന്‍, ലൂത്തോ സിപാംല, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.
