കഴിഞ്ഞ വര്‍ഷം അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് ടി20 സെഞ്ചുറികള്‍! ഒറ്റ സെഞ്ച്വറിയുടെ പേരില്‍ പന്ത് മടങ്ങിയെത്തിയിട്ടും ജുറലിനെ കളിപ്പിച്ച ഗംഭീര്‍ മലയാളിയുടെ അസാധാരണ മികവ് കണ്ടില്ലെന്ന് നടിക്കുന്നു; കോലിയേയും രോഹിത്തിനേയും അശ്വിനേയും രഹാനയേയും തീര്‍ത്തു; ഷമിയെ വീട്ടില്‍ ഇരുത്തി; അടുത്ത ഇര സഞ്ജു സാംസണ്‍; അടുത്ത കളിയിലും ഗില്‍ തന്നെ ഓപ്പണറാകും; ടീം ഇന്ത്യയില്‍ സെലക്ഷന്‍ ഇങ്ങനെ മതിയോ?

Update: 2025-12-12 06:23 GMT

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ്.... പന്തിന് പരിക്കേറ്റപ്പോള്‍ ആ ചുമതയില്‍ നിയോഗിച്ചത് ധ്രുവ് ജുറലിനെയാണ്. ഒരു കളിയില്‍ ജുറല്‍ സെഞ്ച്വറി നേടി. ഇതു കഴിഞ്ഞ് പരിക്കൊഴിഞ്ഞ് ഋഷഭ് പന്ത് ടീമിലെത്തി. പക്ഷേ മധ്യനിരയില്‍ അപ്പോഴും ധ്രുവ് ജുറലിനെ കളിപ്പിച്ചു. മധ്യനിര ബാറ്ററായി. ഇന്ത്യയില്‍ ജുറേലിനേക്കാള്‍ മിടുക്കരായ മധ്യനിര ബാറ്റ്‌സ്മാന്മാരുണ്ട്. എന്നിട്ടും ജുറേലിന് അവസരം നല്‍കി. അത് പൊളിയുകും ജുറല്‍ സ്ഥിര പരാജയമാകുകയും ചെയ്തു. അപ്പോഴും ജുറലിന് നീതി നല്‍കി ടീം ഇന്ത്യ. ഇതിന് പിന്നില്‍ ഗൗതം ഗംഭീറെന്ന കോച്ചിന്റെ താല്‍പ്പര്യമായിരുന്നു. പക്ഷേ സഞ്ജുവിന്റെ കാര്യം വരുമ്പോള്‍ എത്ര സെഞ്ച്വറി അടിച്ചാലും പകരക്കാരന്‍ മാത്രം. പകരക്കാരന്‍ എത്ര സ്‌കോര്‍ ചെയ്താലും സഞ്ജവാണെങ്കിലും മറ്റേയാള്‍ വന്നാല്‍ പുറത്തിരുത്തണം. ഇതിന് പിന്നില്‍ 'ദക്ഷിണേന്ത്യ'യോടുള്ള ഗംഭീറിന്റെ താല്‍പ്പര്യക്കുറവാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നാശത്തിലേക്ക് നയിച്ചതും ഗംഭീറിന്റെ വ്യക്തിവിരോധമാണ്. വിരാട് കോലിയും രോഹിത് ശര്‍മ്മയും അജിങ്ക രഹാനയും ആ ടീമിലുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ ഇപ്പോഴും ടെസ്റ്റിലും കത്തികയറിയേനേ... മുഹമ്മദ് ഷാമിയെന്ന വിജയ ബൗളറും വീട്ടില്‍ ഇരിപ്പാണ്. ഇതേ ഗതിയില്‍ സഞ്ജുവിനേയും എത്തിക്കുകയാണേ്രത ഗംഭീറിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റേയും ഏകദിനത്തിന്റേയും നായകന്‍ ഗില്ലാണ്. 20-20 ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവും. സാധാരണ ഗതിയില്‍ ടെസ്റ്റ് ടീമിന്റെ നായകന്‍ ഏതെങ്കിലും ടീമില്‍ കളിച്ചാല്‍ ആ കളിക്കാരനാകും ആ ടീമിന്റേയും നായകന്‍. പക്ഷേ ഗംഭീര്‍ അത് മാറ്റിയെഴുതി. ഗില്ലിന്റെ ക്യാപ്ടനായി സൂര്യകുമാര്‍ യാദവിനെ മാറ്റി. ഇതിനൊപ്പം ഇഷ്ടമില്ലാത്തവരെ എല്ലാം പുറത്താക്കുന്നു. ആര്‍ അശ്വിന്‍ അടക്കമുള്ളവരുടെ പെട്ടെന്നുള്ള വിരമിക്കലിന് കാരണവും ഗംഭീറിന്റെ വിരോധമായിരുന്നു. അങ്ങനെ രോഹിത്തിനേയും കോലിയേയും അടക്കം പാഠം പഠിപ്പിച്ച ഗംഭീര്‍ അടുത്ത ഇരയായി കാണുന്നത് സഞ്ജുവിനെയാണ്. ഒരു സെഞ്ച്വറിയുടെ പേരില്‍ ജുറലിനെ സംരക്ഷിക്കുന്ന ഗംഭീര്‍ ഒരു പിടി പ്രകടന മികവുള്ള സഞ്ജുവിനെ വെട്ടുന്നു. ഗില്ലിന് വേണ്ടിയാണ് ഇതെല്ലാം. ഇത് ഗില്ലിനും സമ്മര്‍ദ്ദമാകുന്നു. ഏതായാലും ഗില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി പരമ്പരയില്‍ ഗില്‍ ഇതുവരെ നേരിട്ടത് കേവലം മൂന്ന് പന്തുകള്‍ മാത്രമാണ്. കട്ടക്കില്‍ രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു നേട്ടം. മുലന്‍പൂരില്‍ പൂജ്യവും. അങ്ങനെ ഗില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. അടുത്ത ട്വന്റി ട്വന്റിയിലും ഗില്‍ കളിക്കും. അവിടെ ഒരു സെഞ്ച്വറിയാണ് കോച്ചിന്റെ പ്രതീക്ഷ. അതുണ്ടായാല്‍ വീണ്ടും സഞ്ജുവിനെ പുറത്തിരുത്താം.

രണ്ടാം ട്വന്റി ട്വന്റിയില്‍ ലുംഗി എന്‍ഗിഡിയുടെ ഒരു ക്ലാസിക്ക് ടെസ്റ്റ് മാച്ച് ലെങ്ത് ബോളായിരുന്നു ഗില്ലിന്റെ വിക്കറ്റ് എടുത്തത്. ട്വന്റി 20യില്‍ പ്രതിരോധത്തിനിറങ്ങിയ ഗില്ലിനെ ആ അപ്രതീക്ഷിത ഇന്‍സ്വിങ്ങര്‍ റീസ് ഹെന്‍ഡ്രിക്ക്സിന്റെ കൈകളിലെത്തിച്ചു. തിരിച്ചുവരവിനുള്ള എല്ലാ സാധ്യതകളും തുറന്നുകൊടുക്കപ്പെട്ട മത്സരത്തില്‍, സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ഗോള്‍ഡന്‍ ഡക്ക്. ഡ്രെസിങ് റൂമിലേക്ക് മടങ്ങിയെത്തിയ ശുഭ്മാന്‍ ഗില്‍ വിശ്രമിക്കുകയാണ്, ക്യാമറക്കണ്ണുകള്‍ പൊടുന്നനെ മറ്റൊരു മുഖത്തേക്കുകൂടി തിരിഞ്ഞു. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന് തൊട്ടുപിന്നിലായിരിക്കുന്ന സഞ്ജു സാംസണായിരുന്നു അത്. ഗില്ലിനായി പരാതികളില്ലാതെ വഴിമാറിക്കൊടുക്കേണ്ടി വന്ന സഞ്ജു സാംസണ്‍. അവസരനിഷേധത്തിന്റേയും അനീതിയുടേയും കഥയായിരുന്നു ആ ഫ്രെയിം. ഉപനായകന്റെ കുപ്പായമണിഞ്ഞ് ട്വന്റി 20 ടീമിലേക്ക് ഗില്ലെത്തിയതിന് ശേഷം 14 ഇന്നിങ്‌സുകള്‍, 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത് മൂന്ന് തവണ മാത്രം. ഒറ്റയക്കത്തില്‍ പുറത്തായത് അഞ്ച് പ്രാവശ്യം. ടീം ആവശ്യപ്പെടുന്നത് നല്‍കാന്‍ ഓപ്പണറെന്ന നിലയ്ക്ക് സഞ്ജുവിന് സാധിച്ചിരുന്നു. യശസ്വി ജയ്‌സ്വാളിന്റേയും ഗില്ലിന്റേയും അഭാവത്തില്‍ മാത്രമാണ് സഞ്ജു ഓപ്പണറായതെന്ന മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ നിലപാട് സഞ്ജുവിനെ ബെഞ്ചിലാക്കി. ഇനിയും അതു തുടരും.

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ ടി20 ഫോം എന്നതാണ് വസ്തുത. സമീപകാലത്ത് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രകടനം കുത്തനെ ഇടിഞ്ഞതോടെ, ടീമിലെ ഗില്ലിന്റെ സ്ഥാനവും ഇന്ത്യന്‍ സെലക്ഷന്‍ തന്ത്രങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ചോദ്യം ചെയ്യുന്നുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ടി20 ഫോര്‍മാറ്റില്‍ ഗില്ലിന്റെ പ്രകടനം താഴോട്ടാണ്. സെപ്റ്റംബറില്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം കളിച്ച 15 ഇന്നിംഗ്സുകളില്‍ നിന്ന് 21.92 ശരാശരിയിലും 115.56 സ്‌ട്രൈക്ക് റേറ്റിലും വെറും 263 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ ഗോള്‍ഡന്‍ ഡക്ക് ആയതും അദ്ദേഹത്തിന്റെ മോശം ഫോമിന് അടിവരയിടുന്നു.

ഒരു വര്‍ഷത്തിലേറെയായി ടി20 ടീമിന് പുറത്തായിരുന്ന ഗില്ലിനെ ടീമില്‍ തിരിച്ചെടുത്തത് സെലക്ഷന്‍ മാനദണ്ഡങ്ങളെക്കുറിച്ച് അനേകം ചോദ്യങ്ങളുയര്‍ത്തിയിരുന്നു. എം.എസ്. ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത പതാകവാഹകനായി ഗില്ലിനെ കാണുന്ന സെലക്ടര്‍മാരുടെയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും അസാധാരണമായ വിശ്വാസവും പിന്തുണയും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഗില്ലിനെ ടി20 ടോപ് ഓര്‍ഡറില്‍ ഉള്‍പ്പെടുത്തുന്നതിനായി, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ എന്നിവരുടെ ശക്തമായ ഓപ്പണിംഗ് കൂട്ടുകെട്ട് ടീം മാനേജ്‌മെന്റ് തകര്‍ത്തു. കഴിഞ്ഞ വര്‍ഷം അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് ടി20 സെഞ്ചുറികള്‍ നേടിയിട്ടും സഞ്ജു സാംസണിനെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയിറക്കുകയും പിന്നീട് ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഈ സംവാദങ്ങള്‍, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന അവസരങ്ങളിലും ടീമിന്റെ സ്ഥിരതയിലും നീതിയിലും വ്യക്തമായ മറുപടി നല്‍കാന്‍ ടീം മാനേജ്മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി വിലയിരുത്തപ്പെടുന്നു. ഇനിയെങ്കിലും ഗില്ലിന് പകരം സഞ്ജു സാംസണെ ഇന്ത്യയുടെ ഓപ്പണറായി പരിഗണിക്കണമെന്ന് ക്രിക്കറ്റ് ആരാധകര്‍ ആവശ്യപ്പെടുന്നു. വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ ടീം ഡയറക്ടര്‍ ഗൗതം ഗംഭീര്‍ ടീം ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. പക്ഷേ അതിന് സാധ്യത കുറവാണ്. കട്ടക്കില്‍ നടന്ന പരമ്പരയിലെ ആദ്യ ടി20യില്‍ രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രം നേടിയ ഗില്‍, വ്യാഴാഴ്ച മുലന്‍പൂരില്‍ നടന്ന രണ്ടാം ടി20യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായി. ഏഷ്യാ കപ്പിന് ശേഷം ഗില്‍ ടി20കളില്‍ കാര്യമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടില്ല. സൂര്യകുമാര്‍ യാദവിന്റെ ഡെപ്യൂട്ടിയായി നിയമിതനായ ശേഷം ഗില്ലിനെയാണ് ഓപ്പണറായി പരീക്ഷിക്കുന്നത്.

സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് രൂപീകരിച്ചിരുന്നു. ടി20 ഇന്റര്‍നാഷണലുകളില്‍ ഓപ്പണറായി 17 ഇന്നിംഗ്‌സുകളില്‍ നിന്ന് 178.76 സ്‌ട്രൈക്ക് റേറ്റില്‍ 522 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ 140.40 സ്‌ട്രൈക്ക് റേറ്റില്‍ 841 റണ്‍സ് നേടിയിട്ടുണ്ട്. ലഭിച്ച അവസരങ്ങളില്‍ ഗില്ലിനേക്കാള്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 14-ന് ധരംശാലയില്‍ നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ഗംഭീര്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി എട്ട് ടി20 മത്സരങ്ങള്‍ കൂടി അവശേഷിക്കെ, ഓപ്പണിംഗ് സ്ലോട്ടിലെ തീരുമാനം നിര്‍ണായകമാകും. നിലവിലെ സാഹചര്യത്തില്‍, ശുഭ്മാന്‍ ഗില്ലിന്റെ ഫോമില്ലായ്മയും സഞ്ജു സാംസന്റെ മികച്ച റെക്കോര്‍ഡും പരിഗണിച്ച്, ടീം മാനേജ്മെന്റിന്റെ അടുത്ത നീക്കം നീതിയുടേതാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

Tags:    

Similar News