14 സിക്‌സുകളും ഒമ്പത് ഫോറുകളും; 95 പന്തില്‍ 171 റണ്‍സ്; അബൂദബിയില്‍ സൂര്യവന്‍ഷി ഷോ; യുഎഇയെ 234 റണ്‍സിന് കീഴടക്കി ഇന്ത്യന്‍ കൗമാരനിര; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ചരിത്രജയം

Update: 2025-12-12 13:29 GMT

അബൂദബി: കൗമാരതാരം വൈഭവ് സൂര്യവന്‍ഷിയുടെ അതിവേഗ സെഞ്ച്വറിയുടെ കരുത്തില്‍ അണ്ടര്‍ 19 ഏഷ്യ കപ്പില്‍ യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യന്‍ കൗമാരനിര. യൂത്ത് ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച മത്സരത്തില്‍ ആതിഥേയരെ 234 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ യു.എ.ഇക്ക് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

യൂത്ത് ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മൂന്നാംതവണയാണ് ഇന്ത്യ യൂത്ത് ടീം 400 പ്ലസ് സ്‌കോര്‍ നേടുന്നത്. 2004ല്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ നേടിയ 405 റണ്‍സ് റെക്കോഡാണ് മറികടന്നത്. മത്സരത്തില്‍ 95 പന്തില്‍ 171 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 14 സിക്‌സുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 30 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയ താരം, അടുത്ത 26 പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

യൂത്ത് ഏകദിനത്തിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡ് ഈ ബിഹാറുകാരന്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ മൈക്കല്‍ ഹില്ലിന്റെ 12 സിക്‌സുകളെന്ന റെക്കോഡാണ് താരം മറികടന്നത്. 2017 അണ്ടര്‍ 19 ഏഷ്യ കപ്പില്‍ അഫ്ഗാനിസ്ഥാന്റെ ഡാര്‍വിഷ് റസൂലി 10 സിക്‌സുകള്‍ നേടിയിരുന്നു. യൂത്ത് ഏകദിനത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വൈഭവ് കുറിച്ചത്. 2002ല്‍ ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ അമ്പാട്ടി റായിഡു 177 റണ്‍സെടുത്തിരുന്നു.

ആരോണ്‍ ജോര്‍ജ് (73 പന്തില്‍ 69), വിഹാന്‍ മല്‍ഹോത്ര (55 പന്തില്‍ 69) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങില്‍ യു.എ.ഇക്കായി ഉദ്ദിഷ് സുരിയും (106 പന്തില്‍ 78*) പൃഥ്വി മധുവും (87 പന്തില്‍ 50) അര്‍ധ സെഞ്ച്വറി നേടി. മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ രണ്ടു വിക്കറ്റ് നേടി.

ഉദ്ധിഷ്, മധു എന്നിവര്‍ക്ക് പുറമെ മറ്റാര്‍ക്കും യുഎഇ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. യായിന് റായ് (17), സലേഹ് അമീന്‍ (പുറത്താവാതെ 20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ 13.4 ഓവറില്‍ ആറിന് 53 എന്ന നിലയിലായിരുന്നു യുഎഇ. പിന്നീട് മധു - ഉദ്ധിഷ് സഖ്യം നേടിയ 85 റണ്‍സ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ഷാലോം ഡീസൂസ (4), അയാന്‍ മിസ്ബ (3), അഹമ്മദ് ഖുദാദാദ് (0), നൂറുള്ള അയൂബി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നേരത്തെ, സൂര്യവന്‍ഷിക്ക് പുറമെ മലയാളി താരം ആരോണ്‍ ജോര്‍ജ് (73 പന്തില്‍ 69), വിഹാന്‍ മല്‍ഹോത്ര (55 പന്തില്‍ 69) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ (4) മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ശേഷം രണ്ടാം വിക്കറ്റില്‍ 146 പന്തില്‍ 212 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ വൈഭവ് സൂര്യവന്‍ഷി-ആരോണ്‍ ജോര്‍ജ് സഖ്യമാണ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. 56 പന്തില്‍ സെഞ്ചുറി തികച്ച വൈഭവ് സെഞ്ചുറിക്ക് ശേഷം നേരിട്ട 39 പന്തില്‍ 71 റണ്‍സ് കൂടി അടിച്ചശേഷമാണ് പുറത്തായത്. 14 സിക്സും 9 ഫോറും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിംഗ്സ്.

57 പന്തിലാണ് കോട്ടയം സ്വദേശിയായ ആരോണ്‍ ജോര്‍ജ് അര്‍ധശതകം തികച്ചത്. ആരോണ്‍ പുറത്തായശേഷം ക്രീസിലെത്തിയ വിഹാന്‍ മല്‍ഹോത്രയും തകര്‍ത്തടിച്ചു. വിഹാന് പുറമെ വേദാന്ത് ത്രിവേദി (34 പന്തില്‍ 38), വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടു (17 പന്തില്‍ പുറത്താവാതെ 32), കനിഷ്‌ക് ചൗഹാന്‍ (12 പന്തില്‍ 28) എന്നിവരുടെ ഇന്നിംഗ്സുകള്‍ ഇന്ത്യയെ 400 കടത്തി. അഞ്ച് റണ്‍സുമായി ഖിലന്‍ പട്ടേല്‍, കുണ്ടുവിനൊപ്പം പുറത്താകാതെ നിന്നു.

Similar News