'ഗില്‍ ഒരു മികച്ച കളിക്കാരനാണ്; പക്ഷേ നിലവില്‍ റണ്‍സ് നേടുന്നതില്‍ അല്പം പിന്നിലാണ്'; ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഗില്‍ പുറത്തായെന്ന് അജിത് അഗാര്‍ക്കര്‍; ടോപ് ഓര്‍ഡറില്‍ ഒരു അധിക വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചുവെന്ന് സൂര്യകുമാറും; സഞ്ജുവിന് ഒപ്പം ഇഷാന്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന്റെ കാരണം പുറത്ത്

Update: 2025-12-20 10:50 GMT

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും ഒപ്പം ഇഷാന്‍ കിഷനും ടീമില്‍ ഇടംപിടിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ശരിയായ ടീം കോംബിനേഷന്‍ കണ്ടെത്തിയിരിക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഗില്ലിന് ടീമില്‍ ലഭിച്ചിരുന്ന പ്രധാന്യവും വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചതും പരിഗണിക്കുമ്പോള്‍ സമീപകാലത്ത് താരത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചിടി കൂടിയാണ് ടീമില്‍ നിന്നുള്ള ഒഴിവാക്കല്‍. തുടര്‍ച്ചയായ മോശം പ്രകടനം തന്നെയാണ് ഗില്ലിനെ ഒഴിവാക്കിയതിന് പിന്നില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തില്‍ ഓപ്പണറായി എത്തിയ സഞ്ജു സാംസണ്‍ തിളങ്ങിയതും ഗില്ലിന് പുറത്തേക്കുള്ള വഴി തുറന്നുവെന്നാണ് സെലക്ടര്‍മാര്‍ നല്‍കുന്ന സൂചന. ലോകകപ്പ് മത്സരങ്ങളില്‍ സഞ്ജു തന്നെ അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യുമെന്ന സൂചനയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കുകയുണ്ടായി.

ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പറഞ്ഞ വാക്കുകള്‍ ഇത് ശരിവയ്ക്കുന്നു. ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഗില്‍ പുറത്താവുകയായിരുന്നു. ഗില്‍ മികവുറ്റ കളിക്കാരനാണ് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ഇപ്പോള്‍ റണ്‍സടിക്കുന്നതില്‍ അല്‍പം പുറകിലാണ്. കഴിഞ്ഞ ലോകകപ്പിലും ഗില്ലിന് കളിക്കാനാവാതിരുന്നത് നിര്‍ഭാഗ്യകരമായിരുന്നു. പക്ഷെ ലോകകപ്പിന് മുമ്പ് വ്യത്യസ്ത കോംബിനേഷന്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഗില്ലിന് ടോപ് ഓര്‍ഡറില്‍ വീണ്ടും അവസരം നല്‍കിയത്. ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുക്കേണ്ടിവന്നതിനാലാണ് ഇപ്പോള്‍ ഗില്ലിന് ടീമിലെ സ്ഥാനം നഷ്ടമായത്.

ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ടീമിനാവശ്യമുണ്ടായിരുന്നതെന്നും 15 അംഗ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ചിലരെങ്കിലും പുറത്തുപോവേണ്ടിവരുമെന്നും അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റിയ യോഗത്തിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന് പകരം അക്‌സര്‍ പട്ടേലിനെ വീണ്ടും വൈസ് ക്യാപ്റ്റനാക്കിയതിനെയും അഗാര്‍ക്കര്‍ ന്യായീകരിച്ചു. ഗില്ലിന് മുമ്പ് അക്‌സര്‍ വൈസ് ക്യാപ്റ്റനായിരുന്നുവെന്നും ഗില്‍ ടീമിലില്ലാത്ത സാഹചര്യത്തില്‍ അക്‌സറിനെ വീണ്ടും വൈസ് ക്യാപ്റ്റനാക്കുക എന്നത് സ്വാഭാവികമാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

'ശുഭ്മാന്‍ ഗില്ലിന് റണ്‍സ് കുറവാണ്, കഴിഞ്ഞ ലോകകപ്പും അദ്ദേഹത്തിന് നഷ്ടമായി' അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്തുകൊണ്ട് ഗില്ലിനെ തഴഞ്ഞുവെന്നും അഗാര്‍ക്കര്‍ തുടര്‍ന്ന് വിശദീകരിച്ചു. 'ഗില്‍ ഒരു മികച്ച കളിക്കാരനാണെന്ന് ഞങ്ങള്‍ക്ക് അറിയാം, പക്ഷേ നിലവില്‍ റണ്‍സ് നേടുന്നതില്‍ അല്പം പിന്നിലാണ്' അഗാര്‍ക്കര്‍ പറഞ്ഞു. 'കഴിഞ്ഞ ലോകകപ്പിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. കാരണം ഞങ്ങള്‍ വ്യത്യസ്ത കോമ്പിനേഷനുകളാണ് പരിഗണിച്ചത്. 15 കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ആരെങ്കിലും പുറത്തുപോകേണ്ടി വരും, നിര്‍ഭാഗ്യവശാല്‍ നിലവില്‍ അത് ഗില്ലാണ്' അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. ടോപ് ഓര്‍ഡറില്‍ ഒരു അധിക വിക്കറ്റ് കീപ്പറെ വേണമെന്ന് തങ്ങള്‍ ആഗ്രഹിച്ചതുകൊണ്ടാണ് ഒരു ബാറ്റ്സ്മാനെ ഒഴിവാക്കിയതെന്നും അഗാര്‍ക്കര്‍ ഊന്നിപ്പറയുകയുണ്ടായി.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയതാണ് ഇഷാന്‍ കിഷന് മുന്‍ഗണന ലഭിച്ചതിന് പിന്നില്‍. ജിതേഷ് ശര്‍മ്മയ്ക്ക് ടീമില്‍നിന്ന് പുറത്തായത് അദ്ദേഹത്തിന്റെ വീഴ്ചകൊണ്ടല്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കുകയുണ്ടായി. അവസാന ഓവറുകളില്‍ ജിതേഷ് ശര്‍മയേക്കാള്‍ ഫാസ്റ്റ് ഹിറ്റര്‍ ആയി ഇഷാന്‍ കിഷനെ ഉപയോഗിക്കാനാകുമെന്നതാണ് അദ്ദേഹത്തെ പരിഗണിച്ചതിന് പിന്നില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഗില്ലിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം കോമ്പിനേഷന്റെ ആവശ്യകതയാണെന്ന് സൂചിപ്പിച്ചു. 'ടോപ് ഓര്‍ഡറില്‍ ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് ടോപ് ഓര്‍ഡറില്‍ ഒരു അധിക വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്തിയത്' സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഫോം ഔട്ടായതുകൊണ്ടല്ല ഗില്ലിനെ ഒഴിവാക്കിയതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ആവര്‍ത്തിച്ചു. ടീം കോംബിനേഷനാണ് ഗില്ലിന്റെ പുറത്താകലിന് പ്രധാന കാരണമായത്. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന് കഴിയുന്ന ഒരു കീപ്പറെയായിരുന്നു ടീമിന് ആവശ്യം. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ജയിച്ചശേഷം നടത്തിയ ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിന്റെ ഭാഗമായിരുന്നു ഗില്‍. ടീമില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നൊരു കീപ്പറും ലോവര്‍ ഓര്‍ഡറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും റിങ്കു സിംഗിനെയും പോലെയൊരു ബാറ്ററെയുമായിരുന്നു ടീമിന് ആവശ്യം. ഗില്ലിന്റെ ഫോമിനെക്കുറിച്ച് സംശയങ്ങളൊന്നുമില്ലെന്നും സൂര്യകുമാര്‍ യാദവ് ന്യായികരിച്ചു.

Tags:    

Similar News