മെല്‍ബണില്‍ പേസ് കൊടുങ്കാറ്റ്; ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ആദ്യ ദിനം പിഴുതെറിഞ്ഞത് 20 വിക്കറ്റുകള്‍; ഓസ്‌ട്രേലിയയെ 152 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് 110 റണ്‍സിന് ഓള്‍ഔട്ട്; ആതിഥേയര്‍ക്ക് 42 റണ്‍സിന്റെ നിര്‍ണായക ലീഡ്

Update: 2025-12-26 07:43 GMT

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ മെല്‍ബണില്‍ പേസ് കൊടുങ്കാറ്റില്‍ ആദ്യ ദിനം വീണത് 20 വിക്കറ്റുകള്‍. ഓസ്ട്രേലിയയെ 152 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് അതിലും ദയനീയം. അവരുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം വെറും 110 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയ 42 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി. ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം മുതലെടുക്കാന്‍ ഒരു ഇംഗ്ലീഷ് ബാറ്റര്‍ക്കും സാധിച്ചില്ല. പേസര്‍മാര്‍ക്ക് പ്രധാന്യമുള്ള ടീമിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കണ്ടു.

ആദ്യ ദിനം തന്നെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസ് ഒരോവര്‍ ബാറ്റ് ചെയ്തു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ നാലു റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. നാലു റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ സ്‌കോട് ബോളണ്ടും റണ്ണൊന്നുമെടുക്കാതെ ട്രാവിസ് ഹെഡും ക്രീസില്‍. ആദ്യ ഇന്നിംഗ്‌സില്‍ 42 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഓസീസിനിപ്പോള്‍ 10 വിക്കറ്റ് കൈയിലിരിക്കെ 46 റണ്‍സിന്റെ ആകെ ലീഡുണ്ട്.

ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിനു അതിവേഗമാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. സ്‌കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് എത്തുമ്പോഴേക്കും 3 വിക്കറ്റുകളും 16ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. പിന്നീട് അഞ്ചാമനായി എത്തിയ ഹാരി ബ്രൂക്കിന്റെ കൂറ്റനടികളാണ് സ്‌കോര്‍ ഈ നിലയ്ക്കെങ്കിലും എത്തിച്ചത്. താരം 34 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 41 റണ്‍സുമായി മടങ്ങി. പിന്നീട് 91 റണ്‍സില്‍ 9ാം വിക്കറ്റും നഷ്ടമായ ഇംഗ്ലണ്ടിനെ ഒരറ്റത്ത് പൊരുതി നിന്ന ഗസ് അറ്റ്കിന്‍സനാണ് 100 കടത്തിയത്. താരം 35 പന്തുകള്‍ ചെറുത്ത് 28 റണ്‍സുമായി അവസാന വിക്കറ്റായി മടങ്ങി. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ നെസര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് 3 വിക്കറ്റുകലും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് കാമറൂണ്‍ ഗ്രീനും പോക്കറ്റിലാക്കി.

ക്രിസ്മസിന് പിറ്റേന്ന് നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ 27 റണ്‍ടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും പിന്നീട് ഓസീസ് തകര്‍ന്നടിഞ്ഞു. 12 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആദ്യം മടങ്ങിയപ്പോള്‍ 10 റണ്‍സെടുത്ത ജേക്ക് വെതറാള്‍ഡ് പിന്നാലെ കൂടാരം കയറി. മാര്‍നസ് ലാബുഷെയ്‌നിനും(6), നായകന്‍ സ്റ്റീവ് സ്മിത്തിനും(9) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഇരുവരെയും ജോഷ് ടങാണ് മടക്കിയത്. പൊരുതി നോക്കിയ ഉസ്മാന്‍ ഖവാജയും(29) അലക്‌സ് ക്യാരിയും(20) കൂട്ടത്തകര്‍ച്ചയിലും പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും അധികം നീണ്ടില്ല. 91-6ലേക്ക് വീണ ഓസീസിനെ കാമറൂണ്‍ ഗ്രീനും മൈക്കല്‍ നേസറും(35) ചേര്‍ന്ന് 143ല്‍ എത്തിച്ചെങ്കിലും ഇരുവരും മടങ്ങിയതോടെ ഓസീസ് 152 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിനായി ജോഷ് ടങ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഗുസ് അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റെടുത്തു.

ഓസീസിനെ കുറഞ്ഞ സ്‌കോറിലൊതുക്കിയതിന്റെ ആവേശത്തില്‍ ക്രീസിലിറങ്ങി ഇംഗ്ലണ്ടിനും തുടക്കത്തിലെ അടി തെറ്റി. ഓപ്പണര്‍ സാക് ക്രോളി(5) മൂന്നാം ഓവറില്‍ സ്റ്റാര്‍ക്കിന് മുന്നില്‍ വീണപ്പോള്‍ ജേക്കബ് ബേഥലിനെ(1) മൈക്കല്‍ നേസര്‍ മടക്കി. ബെന്‍ ഡക്കറ്റിനെ(2) സ്റ്റാര്‍ക്ക് തന്റെ അടുത്ത ഓവറില്‍ വീഴ്ത്തിയപ്പോള്‍ 15 പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെ(0) ജോ റൂട്ടും വീണു, ഹാരി ബ്രൂക്ക്(34 പന്തില്‍ 41) തകര്‍ത്തടിച്ചെങ്കിലും ബെന്‍ സ്റ്റോക്‌സ്(16), ഗുസ് അറ്റ്കിന്‍സണ്‍(28) എന്നിവര്‍ മാത്രമാണ് പിന്നീട് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. 83-8ലേക്കും 91-9ലേക്കും കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ അറ്റ്കിന്‍സണിന്റെ ചെറുത്തുനില്‍പ്പാണ് 100 കടത്തിയത്. 42 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ ഓസീസിനായി മൈക്കല്‍ നേസര്‍ നാലും സ്‌കോട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റെടത്തു.

Tags:    

Similar News