പേസ് കൊടുങ്കാറ്റില്‍ ബാറ്റര്‍മാരുടെ ചോരചീന്തിയ മെല്‍ബണ്‍ പിച്ച്; ആദ്യദിനം വീണത് ഇരുപത് വിക്കറ്റുകള്‍; രണ്ടാം ദിനവും ബൗളര്‍മാരുടെ പറുദീസ; ഓസിസിനെ 132 റണ്‍സിന് എറിഞ്ഞിട്ട് സ്റ്റോക്‌സും സംഘവും; പ്രതിരോധ കോട്ടയായി ക്രൗളിയും ഡക്കറ്റും ജേക്കബ് ബെതേലും; ഹാരി ബ്രൂക്കിന്റെ കൂറ്റനടിയും; ആഷസില്‍ മാനംകാത്ത് ഇംഗ്ലണ്ട്; മൂന്ന് തോല്‍വികള്‍ക്കു ശേഷം നാല് വിക്കറ്റ് ജയം

Update: 2025-12-27 06:56 GMT

മെല്‍ബണ്‍: ജയ-പരാജയ സാധ്യത മാറിമറിഞ്ഞ, ഓരോ പന്തും ആരവങ്ങളോടെ ആരാധകര്‍ ഏറ്റുവാങ്ങിയ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ ആവേശജയം. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് ദിവസത്തെ കളി ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. 40 റണ്‍സ് നേടിയ ജേക്കബ് ബെതേലാണ് നാലാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സില്‍ 42 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ട് മത്സരം തിരികെ പിടിച്ചത്. മൂന്നുമത്സരങ്ങള്‍ തോറ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ആദ്യ ജയമാണിത്. ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 152 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ടിനെ അവര്‍ 110 റണ്‍സിനു പുറത്താക്കി. 42 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയ 132ല്‍ എല്ലാവരും പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ - 152 & 132, ഇംഗ്ലണ്ട് - 110 & ആറിന് 178.

ബൗളര്‍മാരുടെ പറുദീസയായി മാറിയ മെല്‍ബണ്‍ പിച്ചില്‍ 175 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് ഓപണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ബാസ്ബാള്‍ ശൈലിയില്‍ തകര്‍ത്തടിച്ചതോടെ, ഒന്നാം വിക്കറ്റില്‍ ഏഴോവറില്‍ 51 റണ്‍സ് പിറന്നു. ബെന്‍ ഡക്കറ്റിനെ (34) ബൗള്‍ഡാക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് ആദ്യ വിക്കറ്റ് പിഴുതത്. ആറ് റണ്‍സെടുത്ത ബ്രൈഡന്‍ കാഴ്‌സിനെ, ജേ റിച്ചാര്‍ഡ്‌സന്‍ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലെത്തിച്ചു. സ്‌കോര്‍ 100 പിന്നിട്ടതിനു പിന്നാലെ സാക് ക്രൗലിയെ (37) സ്‌കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില്‍ കുരുക്കി. 40 റണ്‍സ് നേടിയ ജേക്കബ് ബെതേലിനെ ബോളണ്ട് ഉസ്മാന്‍ ഖ്വാജയുടെ കൈകളിലെത്തിച്ചെങ്കിലും സ്‌കോര്‍ 137ല്‍ എത്തിയിരുന്നു. ജോ റൂട്ട് 15 റണ്‍സ് നേടി പുറത്തായി. ഇംഗ്ലിഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (2) വീണ്ടും നിരാശപ്പെടുത്തി. ഹാരി ബ്രൂക്കും (18*) ജേമി സ്മിത്തും (3*) ചേര്‍ന്ന് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചു.

രണ്ടാം ഇന്നിങ്സില്‍ മൂന്ന് ഓസീസ് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 46 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, 19 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. കൃത്യമായ ഇടവേളകളില്‍ ഓസീസിനു വിക്കറ്റുകള്‍ നഷ്ടമായതോടെ അവര്‍ പ്രതിരോധത്തിലായി. ഒന്നാം ഇന്നിങ്സില്‍ 5 വിക്കറ്റെടുത്ത ജോഷ് ടോംഗ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മൊത്തം നേട്ടം ഏഴായി ഉയര്‍ത്തി. ബ്രയ്ഡന്‍ കര്‍സ് നാലും ബെന്‍ സ്റ്റോക്സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സനാണ് ഒരു വിക്കറ്റ്. 20 വിക്കറ്റുകള്‍ വീണ ദിവസം കളി കാണാന്‍ റെക്കോഡ് കാണികളാണ് മെല്‍ബണിലെത്തിയത്.

വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് സ്‌കോര്‍ 22ല്‍ നില്‍ക്കേ സ്‌കോട്ട് ബോളണ്ടിന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 46 റണ്‍സ് നേടിയ ട്രാവിസ് ഹെഡല്ലാതെ ഒരാള്‍ക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡിനെ കൂടാതെ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (24*) കാമറൂണ്‍ ഗ്രീനും (19*) മാത്രമാണ് രണ്ടക്കം കടന്നത്. ഉസ്മാന്‍ ഖ്വാജ, മൈക്കല്‍ നെസെര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ സംപൂജ്യരായി മടങ്ങി. ജേക്ക് വെതര്‍ലാന്‍ഡ് (5), മാര്‍നഷ് ലബൂഷെയ്ന്‍ (8), അലക്‌സ് കാരി (4), ജേ റിച്ചാര്‍ഡ്‌സന്‍ (7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്‌സ് നാലും ബെന്‍ സ്റ്റോക്‌സ് മൂന്നും വിക്കറ്റുകള്‍ നേടി.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനു അതിവേഗമാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. സ്‌കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് എത്തുമ്പോഴേക്കും 3 വിക്കറ്റുകളും 16ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. പിന്നീട് അഞ്ചാമനായി എത്തിയ ഹാരി ബ്രൂക്കിന്റെ കൂറ്റനടികളാണ് സ്‌കോര്‍ ഈ നിലയ്‌ക്കെങ്കിലും എത്തിച്ചത്. താരം 34 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സുമായി മടങ്ങി. 91 റണ്‍സില്‍ 9ാം വിക്കറ്റും നഷ്ടമായ ഇംഗ്ലണ്ടിനെ ഒരറ്റത്ത് പൊരുതി നിന്ന ഗസ് അറ്റ്കിന്‍സനാണ് 100 കടത്തിയത്. താരം 35 പന്തുകള്‍ ചെറുത്ത് 28 റണ്‍സുമായി അവസാന വിക്കറ്റായി മടങ്ങി. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ നെസര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് 3 വിക്കറ്റുകലും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് കാമറൂണ്‍ ഗ്രീനും പോക്കറ്റിലാക്കി.

നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് വെറും 152 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു സാധിച്ചിരുന്നു. ടോസ് നേടി ബൗളിങെടുത്ത ഇംഗ്ലണ്ട് ഒരു ഓസീസ് ബാറ്ററേയും അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ടോംഗിന്റെ ബൗളിങാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിന്റെ നടുവൊടിച്ചത്. എട്ടാമനായി ക്രീസിലെത്തി 35 റണ്‍സെടുത്ത മിച്ചല്‍ നെസറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (29), അലക്‌സ് കാരി (20) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. സ്‌കോര്‍ 27ല്‍ നില്‍ക്കെയാണ് ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ട്രാവിസ് ഹെഡിനെ (12) പുറത്താക്കി അറ്റ്കിന്‍സനാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് കൃത്യം ഇടവേളകളില്‍ ഓസീസിനു വിക്കറ്റുകള്‍ നഷ്ടമായി.

Tags:    

Similar News