മാനേജരായ യുവതിയെ കെട്ടിപ്പിടിച്ചു; മത്സരത്തിനിടെ ഞാന്‍ ഒരു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചെന്നായിരുന്നു വാര്‍ത്ത; ഗോസിപ്പുകാര്‍ക്ക് മറുപടിയുമായി യുവരാജ് സിംഗ്; സാനിയ മിര്‍സയുടെ ഷോയില്‍ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ക്രിക്കറ്റ് കരിയറിന്റെ തുടക്കം മുതല്‍ ഒട്ടേറെ ഗോസിപ്പുകള്‍ക്ക് ഇരയായ മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിങിന്റെ തുറന്നുപറച്ചില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. യുവിയുടെ വ്യക്തിജീവിതവും ബന്ധങ്ങളുമെല്ലാം പലപ്പോഴും വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി തനിക്കെതിരെ പല കിംവദന്തികളും ഉയര്‍ന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയുടെ 'സെര്‍വിങ് ഇറ്റ് അപ് വിത്ത് സാനിയ' എന്ന യൂട്യൂബ് ടോക്ക് ഷോയിലാണ് യുവിയുടെ തുറന്നുപറച്ചില്‍.
ഒരിക്കല്‍ തന്റെ മാനേജരായ യുവതിയെ താന്‍ ആലിംഗനം ചെയ്‌തെന്നും എന്നാല്‍ മറ്റൊരു രീതിയിലാണ് അതു ചിത്രീകരിക്കപ്പെട്ടതെന്നും യുവരാജ് പറഞ്ഞു. ''എനിക്ക് ഒരു ഏജന്റ് ഉണ്ടായിരുന്നു, എന്നോടൊപ്പം പുതുതായി ജോലി ചെയ്യാന്‍ തുടങ്ങിയ ആളാണ്. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു. നമ്മള്‍ ഒരാളെ കാണുമ്പോള്‍, അവരെ കെട്ടിപ്പിടിക്കും. എന്നാല്‍ മത്സരത്തിനിടെ ഞാന്‍ ഒരു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചെന്നായിരുന്നു വാര്‍ത്ത.'' യുവരാജ് പറഞ്ഞു.
ക്രിക്കറ്റ് താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇത്തരം കിംവദന്തികള്‍ സാധാരണമാണെന്നും എന്നാല്‍ ഇത്തരം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും യുവരാജ് പറഞ്ഞു. ''ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വിവാദപരമോ പ്രതികൂലമോ ആയ വാര്‍ത്തകളില്ലെങ്കില്‍ ആളുകള്‍ വായിക്കില്ലെന്നാണ് മാധ്യമങ്ങള്‍ കരുതുന്നതെന്നു തോന്നുന്നു. പോസിറ്റീവിറ്റിയേക്കാള്‍ കൂടുതല്‍ നെഗറ്റീവിറ്റി ഉണ്ടെന്ന് എനിക്ക് തോന്നുന്നു. കൂടുതല്‍ പോസിറ്റീവ് കഥകള്‍ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നു.'' സാനിയയോടു യുവരാജ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ 2000ല്‍ അരങ്ങേറ്റം കുറിച്ച യുവരാജ്, 2019ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിവിധ ഫോര്‍മാറ്റുകളിലായി 398 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം, 11,000 ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്. 2011ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം, പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായിരുന്നു. ഇതിനു പിന്നാലെ അര്‍ബുദ ബാധിതനാണെന്നു വെളിപ്പെടുത്തിയ താരം കരിയറില്‍നിന്ന് ഇടവേളയെടുത്തു. ഇതിനു ശേഷം ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും പഴയതു പോലെ തിളങ്ങാന്‍ സാധിച്ചില്ല.
