കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കും; കമിന്‍സിന് പിന്നാലെ ഹേസല്‍വുഡും പുറത്ത്; ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ഓസിസ് ടീമിന് കനത്ത തിരിച്ചടി; ആദ്യ മത്സരം അയര്‍ലന്‍ഡിനെതിരെ
കൊളംബോ: ട്വന്റി 20 ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തതിനെത്തുടര്‍ന്ന് പേസര്‍ ജോഷ് ഹേസല്‍വുഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സൂപ്പര്‍ താരം പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തിന് പിന്നാലെ ഹേസല്‍വുഡും പുറത്തായത് ഓസ്ട്രേലിയയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ്. ടീമിലെ രണ്ട് മുന്‍നിര പേസര്‍മാരും ഇല്ലാത്തത് ലോകകപ്പ് വേദിയില്‍ ഓസ്ട്രേലിയയ്ക്ക് വലിയ വെല്ലുവിളിയാകും. ഓസീസ് പേസ് ത്രയത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ആഷസ് പരമ്പര നഷ്ടമായിരുന്ന ഹേസല്‍വുഡിന് ട്വന്റി 20 ലോകകപ്പിന് മുന്‍പ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ സാധിച്ചില്ല. സൂപ്പര്‍ 8 ഘട്ടത്തോടെ ഹേസല്‍വുഡ് ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു ഓസ്ട്രേലിയന്‍ മാനേജ്മെന്റ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യക്തമായതോടെ താരത്തെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഹേസല്‍വുഡ് സൂപ്പര്‍ 8 ഘട്ടത്തില്‍ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തെ കളിപ്പിക്കുന്നത് വലിയ പരിക്ക് ഗുരുതരമാകാന്‍ കാരണമായേക്കുമെന്ന് ഓസ്ട്രേലിയന്‍ സെലക്ടര്‍ ടോണി ഡോഡിമെയ്ഡ് വ്യക്തമാക്കി. ഹേസല്‍വുഡിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കില്ലെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രാഥമിക സ്‌ക്വാഡിലുണ്ടായിരുന്ന പാറ്റ് കമ്മിന്‍സും പുറത്തായതോടെ സൂപ്പര്‍താരങ്ങളുടെ അഭാവം പേസ് നിരയെ ഉലയ്ക്കുമെന്നുറപ്പ്. സ്റ്റാര്‍ക്ക്, ഹേസല്‍വുഡ്, കമ്മിന്‍സ് ത്രയങ്ങളില്ലാതെയായിരിക്കും ഓസ്‌ട്രേലിയ ടി20 ലോകകപ്പിനിറങ്ങുക.
പരിശീലനത്തിനിടെയേറ്റ പുറംവേദനയെത്തുടര്‍ന്ന് പാറ്റ് കമ്മിന്‍സും ടീമില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. 2025-ലെ ആഷസ് പരമ്പര മുതല്‍ കമ്മിന്‍സ് പരിക്കിന്റെ പിടിയിലാണ്. പരിക്കിന്റെ ആശങ്കകള്‍ക്കിടയിലും പേസര്‍ നഥാന്‍ എല്ലിസ്, ടിം ഡേവിഡ്, ആദം സാംപ എന്നിവര്‍ കായികക്ഷമത വീണ്ടെടുത്തത് ഓസീസിന് ആശ്വാസമായി. അതേസമയം സ്‌ക്വാഡില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആദം സാംപ, കൂപ്പര്‍ കൊണോലി, ഗ്ലെന്‍ മാക്സ്വെല്‍, മാത്യു ഷോര്‍ട്ട്, മാത്യു കുനെമാന്‍ എന്നിങ്ങനെ സ്പിന്നര്‍മാരുടെ ധാരാളിത്തമാണ് ടീമില്‍. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റെന്നതിനാല്‍ രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയാണ് ഓസീസ് ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചത്. അടുത്ത ആഴ്ച കൊളംബോയില്‍ അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ആദ്യ മത്സരത്തില്‍ സ്പിന്നര്‍ ആദം സാംപ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
